സാമ്പത്തിക സംവരണം ചർച്ച ചെയ്യാൻ പോലും സമയമായില്ല: വെള്ളാപ്പള്ളി

Friday 11 January 2019 10:41 PM IST

vellapally
കോട്ടയം, ഇടുക്കി ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ സംയുക്തയോഗം വൈക്കത്ത് എസ് .എൻ.ഡി.പി .യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : സാമ്പത്തിക സംവരണം ചർച്ചചെയ്യാൻ പോലും നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയിൽ സമയമായിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നാക്ക, പിന്നാക്ക ജനവിഭാഗങ്ങൾ തുല്യത കൈവരിക്കുന്ന അവസ്ഥയിലേ സാമ്പത്തിക സംവരണം എന്ന ആശയം പരിഗണിക്കേണ്ടതുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയിൽ അൻപത് വർഷം പിന്നിട്ടാലും പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം എല്ലാ രംഗത്തും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും കോട്ടയം, ഇടുക്കി ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ സംയുക്ത യോഗം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് വെള്ളാപ്പള്ളി പറഞ്ഞു.

രാജ്യത്ത് എണ്ണത്തിൽ മഹാഭൂരിപക്ഷമായ പിന്നാക്ക ജനവിഭാഗങ്ങൾ ഭരണ പങ്കാളിത്തത്തിൽ ഇന്നും വളരെ പിന്നിലാണ്. നിയമനിർമ്മാണ സഭകളിൽ പിന്നാക്ക വിഭാഗങ്ങളുടെ കുറവ് സാമൂഹ്യനീതി സംരക്ഷിക്കുന്നതിനെ ബാധിക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണ് സാമ്പത്തിക സംവരണം. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണത്. ഭരണഘടന നിഷ്കർഷിക്കുന്ന സാമുദായിക സംവരണം കേവലം തൊഴിൽപരമായ നേട്ടങ്ങൾക്ക് മാത്രമുള്ളതല്ല. അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് കാലങ്ങളായി അകറ്റിനിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾക്ക് നൽകുന്ന അധികാര പങ്കാളിത്തമാണത്.

ന്യൂനപക്ഷം മാത്രമായ മുന്നാക്ക വിഭാഗങ്ങൾ ഭരണ പങ്കാളിത്തത്തിന്റെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യനീതിക്കായി ഭരണഘടന നിഷ്കർഷിക്കുന്ന സംവരണത്തിന് അവർക്ക് അർഹതയില്ല. പിന്നാക്കക്കാർക്ക് സംവരണാനുകൂല്യമായി ലഭിച്ചിട്ടുള്ള ഉദ്യോഗങ്ങൾ പോലും അർഹിക്കുന്നതിലും എത്രയോ കുറവാണ്. അതേസമയം, ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി നിയമനിർമ്മാണ സഭകളിലടക്കം സംഘടിത മുന്നാക്ക ന്യൂനപക്ഷങ്ങൾക്ക് അവസരങ്ങളും അധികാരങ്ങളും അനർഹമായി നൽകുകയാണ്. ഇതിനെ നിയമപരമായി നേരിടണം.

പിന്നാക്ക ജനവിഭാഗങ്ങൾ ഉണർന്നെണീറ്റ് സംഘടിത ശക്തിയായി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടേണ്ട സമയം സംജാതമായിരിക്കുന്നു. നിയമനിർമ്മാണ സഭകളിൽ പട്ടികവിഭാഗങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലുള്ള സംവരണം എല്ലാ പിന്നാക്ക ജനവിഭാഗങ്ങൾക്കും നൽകണം. അതിന്റെ ആദ്യപടി എന്നനിലയിൽ പാർലമെന്റിന്റെ പരിഗണനയിലുള്ള സ്ത്രീസംവരണ ബില്ലിൽ പിന്നാക്ക സമുദായ സംവരണം കൂടി ഉൾപ്പെടുത്തണം.

കേരളത്തിൽ നിലവിലുള്ള സംവരണ രീതിയിലെ റൊട്ടേഷൻ സംവിധാനം ക്രിയാത്മകമായി ചർച്ചചെയ്ത് അപാകതകൾ പരിഹരിക്കണം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നേരിട്ടുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റം വഴിയുള്ള നിയമനങ്ങളിലും സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കണം. ദേവസ്വം ബോർഡുകളിൽ 90 ശതമാനം ഉദ്യോഗങ്ങളും കൈയടക്കി വച്ചിരിക്കുന്ന മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം കൂടി നൽകാനുള്ള നിർദ്ദേശം വഞ്ചനാപരവും പ്രതിഷേധാർഹവുമാണ്.

നിയമപോരാട്ടത്തിന് യോഗം

മുൻകൈയെടുക്കും

സംവരണ വിഷയവുമായി ബന്ധപ്പെട്ട് ഭാവി പ്രവർത്തനങ്ങൾക്ക് സമാനമനസ്കരായ സംഘടനകളുമായി ആശയവിനിമയം നടത്താനും ശക്തമായ നിയമപോരാട്ടങ്ങൾക്കും എസ്.എൻ.ഡി.പി യോഗം മുൻകൈയെടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണ വാദത്തിനെതിരെ ആശയ പ്രചാരണങ്ങളും ശക്തമാക്കും. സംവരണ വിഷയത്തിൽ പിന്നാക്ക ജനതയുടെ താത്പര്യം സംരക്ഷിക്കാൻ പരസ്യ നിലപാടെടുത്ത മുസ്ലിം ലീഗിനെ അഭിനന്ദിക്കുന്നതായും ജനറൽ സെക്രട്ടറി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA