തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പ്രസിദ്ധീകരിച്ച വിജ്ഞാപനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവർണർക്ക് പരാതി. വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവ. സെക്രട്ടറിയെ ഒഴിവാക്കി പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രനെ ഗവർണറുടെ പ്രതിനിധിയാക്കിയത് യു.ജി.സി മാനദണ്ഡപ്രകാരമായിരുന്നു. അദ്ദേഹമാണ് കമ്മിറ്റിയുടെ കൺവീനറും. എന്നാൽ വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകൾ ശുപാർശ ചെയ്യുന്നതിന് മുന്നോടിയായി വിജ്ഞാപനം സെർച്ച് കമ്മിറ്റി അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. ഇത് നിയമനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിയമിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയെ സംരക്ഷിക്കാനാണ് ചട്ടവിരുദ്ധമായ വിജ്ഞാപനമിറക്കിയതെന്ന് കാമ്പെയിൻ കമ്മിറ്റി കൺവീനർ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |