തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതികൾക്ക് വേണ്ട ഭൂമി ഉപയോഗിക്കുന്നതിന് ജല അതോറിട്ടിക്ക് മന്ത്രിസഭയുടെ അനുമതി. ജല അതോറിട്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. സർക്കാരിന്റെ അനുവദനീയമായ പരിധിയിൽ നിന്ന് കൊണ്ടും, പുറമ്പോക്കിന്റെ ഉമടസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിറുത്തിയുമാകും ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിട്ടിക്ക് നൽകുക. ഇതിനായി നിലവിലെ നിയമത്തിൽ ഇളവ് നൽകിക്കൊണ്ട് ജില്ലാ കളക്ടർമാർക്ക് അനുവാദം നൽകി.
മലബാർ കാൻസർ സെന്ററിൽ റിസർച്ച് സെന്ററും
മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കും. സെന്ററിന്റെ പേര് മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും.
അനൂപ് അംബിക സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ
കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി അനൂപ് അംബികയെ മൂന്ന് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. ജെൻപ്രോ റിസർച്ചിന്റെ ഏഷ്യാ- പെസഫിക് മേഖലാ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിരുന്നു.
ക്ലീനറുടെ കുടുംബത്തിന് സഹായം
ഇടുക്കി ചെളമടയിലെ പെട്രോൾ പമ്പിൽ ബസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ക്ലീനർ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം നടപ്പാക്കും.
ഒമ്പത് സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ
ഒമ്പത് സമുദായങ്ങളെ കൂടി സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നീ സമുദായങ്ങളാണിവ. നിലവിൽ 83 സമുദായങ്ങളാണ് പിന്നാക്ക വികസനവകുപ്പിന്റെ ഒ.ബി.സി പട്ടികയിലുള്ളത്.
കൊല്ലത്തും തൃശൂരിലും കണ്ണൂരിലും സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് സെന്റർ
സ്പെഷ്യൽബ്രാഞ്ചിനുള്ള രഹസ്യവിവരങ്ങൾ അന്വേഷിച്ച് കൈമാറുന്ന വിഭാഗമായ സ്പെഷ്യൽബ്രാഞ്ച് ഡിറ്റാച്ച്മെന്റ് യൂണിറ്റുകൾ കൊല്ലം, തൃശൂർ, കണ്ണൂർ റൂറൽ പൊലീസ് ജില്ലകളിൽ കൂടി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി മൂന്ന് ഡിവൈ.എസ്.പി തസ്തിക സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പുനർവിന്യാസത്തിലൂടെ കണ്ടെത്തും. ഇതോടെ മുഴുവൻ പൊലീസ് ജില്ലകളിലും ഈ സംവിധാനമായി. സിറ്റി, റൂറലുൾപ്പെടെ ആകെ 19 പൊലീസ് ജില്ലകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |