SignIn
Kerala Kaumudi Online
Friday, 29 March 2024 1.28 PM IST

ജാഗ്രതയും കരുതലും ഉറപ്പാക്കി സി.പി.എം, ജോസഫൈന്റെ രാജി നൽകുന്നത് സന്ദേശം

cpm

തിരുവനന്തപുരം: തിളക്കമാർന്ന വിജയത്തോടെയുണ്ടായ തുടർഭരണകാലത്ത്, അതിന്റെ തിളക്കം കെടുത്തുന്ന ചെറിയ വീഴ്ച പോലും പാടില്ലെന്ന കരുതലും ജാഗ്രതയുമാണ്, വനിതാകമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള എം.സി. ജോസഫൈന്റെ രാജിയിലൂടെ സി.പി.എം പ്രകടമാക്കുന്നത്. മന്ത്രിസഭ ചുമതലയേറ്റപ്പോൾ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സന്ദേശവും വിവാദങ്ങൾക്ക് പഴുതുണ്ടാക്കിക്കൊടുക്കരുത് എന്നായിരുന്നു.

മൂന്ന് വനിതാമന്ത്രിമാരെ മന്ത്രിസഭയിലുൾപ്പെടുത്തിയും ഫെമിനിസ്റ്റ് മുഖം സമ്മാനിക്കുന്ന പ്രചാരണങ്ങളുയർത്തിയും സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് ശരിക്കും ക്ഷീണമുണ്ടാക്കുന്നതായി ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുള്ള എം.സി. ജോസഫൈന്റെ വിവാദ പരാമർശം.

ഇടത് അനുഭാവികളിൽ നിന്നടക്കം രൂക്ഷവിമർശനം ഉയർന്നതിന് തൊട്ടുപിന്നാലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ, അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള അവരുടെ രാജിക്ക് തീരുമാനമെടുത്തത് ആ ഗൗരവമുൾക്കൊണ്ടാണ്. സി.പി.എമ്മിൽ ഇത് അസാധാരണമാണ്.

ജോസഫൈൻ മുമ്പ് നടത്തിയ ചില പ്രതികരണങ്ങളും കടുത്ത തീരുമാനത്തിലേക്കെത്തിക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ടാകാം. നേരത്തേ 89 വയസ്സുള്ള വൃദ്ധയോടുള്ള പെരുമാറ്റം ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ടി. പത്മനാഭൻ ജോസഫൈനെതിരെ തുറന്നടിച്ചത് വാർത്തയായിരുന്നു.

കൈ വിട്ട കല്ല് പോലെ വാ വിട്ട വാക്കും വിനയാണെന്ന് ജോസഫൈനും തിരിച്ചറിയുന്നു. നാക്കുപിഴകൾ സി.പി.എം നേതാക്കളെ വിവാദങ്ങളിൽ കൊണ്ടെത്തിച്ച അനുഭവങ്ങൾ ഇതിനുമുമ്പുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശവും അരൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ജി. സുധാകരൻ നടത്തിയ പരാമർശവും വിവാദമായതാണ്.

എന്നാൽ, വനിതാകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് പാർട്ടിയുടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം തന്നെ സ്ത്രീവിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഇടപെടലുകൾ നടത്തുന്നത് പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ തീർത്തും പ്രതിരോധത്തിലാക്കുമെന്ന് സി.പി.എം തിരിച്ചറിഞ്ഞു.

അധഃസ്ഥിത പിന്നാക്ക മേഖലയിൽ നിന്നെത്തി പോരാട്ടങ്ങളിലൂടെ പാർട്ടിയുടെ നേതൃനിരയിലെത്തിയ ജോസഫൈന്റെ സംഘടനാപാരമ്പര്യത്തെ സി.പി.എം മാനിക്കുന്നുണ്ട്. പക്ഷേ, രാജി ഉചിതമാണെന്ന ബോദ്ധ്യം ജോസഫൈനിലുമുണ്ടായതാണ് ഇപ്പോൾ അവർക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഭർത്താവിന്റെ മരണമടക്കം വ്യക്തിജീവിതത്തിലുണ്ടായ മാനസികസംഘർഷങ്ങൾ അലട്ടുന്നുണ്ടെന്ന് അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണറിയുന്നത്. വനിതാ കമ്മിഷൻ അദ്ധ്യക്ഷപദവി ഒഴിയുന്നതോടെ വിവാദം അവസാനിച്ചതായി സി.പി.എം കാണുന്നു. അതുകൊണ്ടുതന്നെ സംഘടനാതല അച്ചടക്കനടപടിയിലേക്ക് പാർട്ടി കടക്കാനിടയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.