തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്മാരുടെ അന്തിമപട്ടിക ഈ മാസം 16ഓടെ തയാറായേക്കും. വിവിധ തലങ്ങളിലെ ചർച്ചകൾ പൂർത്തിയാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഇന്ന് ഉച്ചയോടെ ഡൽഹിക്ക് തിരിക്കും. എം.പിമാരുമായും ഹൈക്കമാൻഡ് പ്രതിനിധികളുമായും അവിടെ ചർച്ച നടത്തിയ ശേഷം 14ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇവിടെ തുടർചർച്ചകൾ പൂർത്തിയാക്കി ഒറ്റപ്പേര് മാത്രമടങ്ങിയ അന്തിമപട്ടികയ്ക്ക് 15നും 16നുമായി രൂപം നൽകാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അന്തിമപട്ടികയുമായി 16ന് വീണ്ടും സുധാകരൻ ഡൽഹിക്ക് പോകും. തുടർന്ന് രണ്ട് ദിവസങ്ങൾക്കകം ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തും.
അന്തിമ പട്ടിക തയാറാക്കുന്നതിന് മുമ്പായി ജില്ലകളിൽ പര്യടനം നടത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം നീളാൻ അത് വഴിയൊരുക്കുമെന്നതിനാൽ അവസാന നിമിഷം വേണ്ടെന്നുവച്ചു. ജില്ലകളിലെ മുതിർന്ന നേതാക്കളുമായി കെ. സുധാകരൻ ടെലിഫോണിൽ ഇന്നലെയും ആശയവിനിമയം തുടർന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവർക്ക് താല്പര്യമുള്ള പേരുകൾ കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |