തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും നാല് വർഷത്തിനകം അത് പൂർത്തീകരിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് പുറത്തിറക്കിയ 'ഭൂമിക' മാസികയുടെ പ്രകാശനം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.എൽ.ഡി.എമ്മിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വർഷം മുതൽ ലാൻഡ് മാനേജ്മെന്റ്, റിവർ മാനേജ്മെന്റ്, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ എം.ബി.എ കോഴ്സുകൾ ആരംഭിക്കും.
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിക മാസിക പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, നദീതീര സംരക്ഷണം കേരളത്തിൽ, ദുരന്താനന്തര മാനസിക സാമൂഹിക പരിചരണം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന മൂന്ന് കൈപ്പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |