തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പരാജയം മറച്ചു പിടിക്കാൻ ജനങ്ങൾക്ക് നേരെ പൊലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പരിപാടി തുടർന്നാൽ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലിയെന്ന് പിണറായി വിജയൻ മനസിലാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പൊലീസ് മന്ത്രി. ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവർക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റില്ലാത്തവരെ കടകളിൽ പോലും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശം പൊലീസിന് വീണ്ടും ജനങ്ങളുടെ മേൽ കുതിര കയറാനുള്ള ലൈസൻസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |