കെ. സുരേന്ദ്രന് കർശന ഉപാധികളോടെ ജാമ്യം

Friday 07 December 2018 11:30 PM IST

r-surendranrg

കൊച്ചി : ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

മാസത്തിൽ ആദ്യ തിങ്കളാഴ്ച രാവിലെ പത്തിനും ഉച്ചക്ക് ഒരുമണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. മൂന്ന് മാസം ഇതു തുടരണം. ഇതിനകം കുറ്റപത്രം സമർപ്പിച്ചാൽ ഈ വ്യവസ്ഥ ഒഴിവാക്കും.

മറ്റ് ഉപാധികൾ

മൂന്ന് മാസത്തേക്ക് കോടതികളിൽ ഹാജരാകാനല്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

പോകേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം.

പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം

സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്

സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്

 ഹൈക്കോടതിയുടെ വിമർശനം

ശബരിമലയിൽ സ്വയം രൂപം കൊണ്ട പ്രതിഷേധക്കാരുടെ പ്രവൃത്തിയിൽ ഒരു പങ്കുമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം അംഗീകരിക്കാനാവില്ല. പങ്കുണ്ടെന്ന് കേസ് ഡയറിയിലെ വസ്തുതകളിൽ പ്രഥമദൃഷ്‌ട്യാ വ്യക്തമാണ്. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. നവംബർ 23 നാണ് അറസ്റ്റിലായതെങ്കിലും നവംബർ 17 മുതൽ കസ്റ്റഡിയിലാണെന്നത് കണക്കിലെടുക്കുന്നു.

 കേസ്

നവംബർ ആറിന് ശബരിമല ദർശനത്തിനെത്തിയ ലളിതയെന്ന 52 വയസുകാരിയെയും ബന്ധുവായ മൃദുൽ കുമാറിനെയും പ്രതിഷേധക്കാർ ആക്രമിച്ച കേസിലാണ് കെ. സുരേന്ദ്രനെ പൊലീസ് പ്രതി ചേർത്തത്. ഒന്നാം പ്രതി സൂരജിനെ നവംബർ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA