കൊച്ചി: കിറ്റെക്സിന് അപ്പാരൽ പാർക്ക് തുടങ്ങാൻ ആവശ്യമായ അനുമതികൾ ഏകജാലകമായി നൽകുമെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി. ഹൈദരാബാദിൽ വിമാനമിറങ്ങിയ കിറ്റെക്സ് സംഘം വ്യവസായമന്ത്രി കെ.ടി. രാമറാവുവിനെയാണ് ആദ്യം സന്ദർശിച്ചത്. ഷാളണിയിച്ചും ഉപഹാരം സമർപ്പിച്ചും സാബുവിനെ മന്ത്രി സ്വീകരിച്ചു. മന്ത്രിക്കൊപ്പം സംഘം ഉച്ചഭക്ഷണം കഴിച്ചു. തുടർന്നായിരുന്നു ചർച്ച.
കിറ്റെക്സ് കേരളത്തിൽ ലക്ഷ്യമിട്ട അപ്പാരൽ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. തെലങ്കാനയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് മന്ത്രിയും ഉദ്യോഗസ്ഥരും വിവരിച്ചു.
കക്കാതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് സന്ദർശിക്കാൻ ഹെലികോപ്ടർ സൗകര്യം ഒരുക്കിയിരുന്നു. അവിടെ ജില്ലാ കളക്ടർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു. അവിടത്തെ സൗകര്യങ്ങൾ സംബന്ധിച്ച അവതരണവും അധികൃതർ ഒരുക്കിയിരുന്നു.
കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ്, ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ.എൽ.വി. നാരായണൻ, വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ് ) ഹർകിഷൻ സിംഗ് സോധി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് ചർച്ചയ്ക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |