കെ.പി.സി.സി പുനഃസംഘടന: ചർച്ച കഴിഞ്ഞു, പ്രഖ്യാപനം 15നകം

സ്വന്തം ലേഖകൻ | Wednesday 09 January 2019 10:36 PM IST

mullappally-ramachandran
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കണ്ണൂർ പൊലീസ് സഭ ഹാളിൽ കെ.പി.സി.സി പ്രസിഡൻഡ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡൽഹി:കേരളത്തിലെ പാർട്ടി പുനഃസംഘടനാ ചർച്ചകൾ പൂർത്തിയായെന്നും ജനുവരി 15ന് മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. വനിതകൾക്കും ചെറുപ്പക്കാർക്കും പ്രാതിനിദ്ധ്യം നൽകിയും വലിപ്പം കുറച്ചുമുള്ള പുനഃസംഘടനയിൽ ഭിന്നതകൾ പരിഹരിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയ്‌ക്ക് അന്തിമ രൂപം നൽകാൻ ഡൽഹിയിൽ നടന്ന അവസാന ചർച്ചകളിൽ എ.കെ.ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്‌നിക്കുമായും ചർച്ച നടത്തി. ഗൾഫ് പര്യടനം കഴിഞ്ഞെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ തീരുമാനങ്ങൾ ധരിപ്പിച്ച ശേഷമാകും ജനുവരി 15ന് മുൻപ് പ്രഖ്യാപനം നടത്തുക.

മൂന്നുമാസം മുൻപ് താൻ കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം തുടക്കമിട്ട പുനഃസംഘടനാ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ചില സംഭവവികാസങ്ങളെ തുടർന്നാണ് വൈകിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിൽ 70 ശതമാനം ബൂത്ത്കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. ബാക്കി വരും ദിവസങ്ങളിൽ പൂർത്തിയാക്കും. 24,970 ബൂത്തു കമ്മിറ്റികൾക്കാണ് രൂപം നൽകിയത്. എല്ലാകമ്മിറ്റികളിലും വനിതാ വൈസ് പ്രസിഡന്റുമാരെയും നിയമിച്ചു. ജനുവരി 29ന് കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിൽ പങ്കെടുക്കും.

പ്രചാരണ യാത്ര ഫെബ്രു. 3മുതൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പെള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഫെബ്രുവരി 3 മുതൽ 27വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ പ്രചാരണ യാത്ര സംഘടിപ്പിക്കും. മൂന്നിന് വൈകിട്ട് മൂന്നു മണിക്ക് കാസർഗോട്ട് എ.കെ. ആന്റണി യാത്ര ഉദ്‌ഘാടനം ചെയ്യും.കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുതിർന്ന നേതാക്കൾ പങ്കെടുക്കും. എല്ലാ ജില്ലകളിലും മുതിർന്ന നേതാക്കൾക്കാണ് യാത്രയുടെ ചുമതല. ജനുവരി 29ന് രാഹുൽ ഗാന്ധി എത്തുന്നതോടെയാണ് കേരളത്തിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാൽ മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് പ്രചരണത്തിൽ ഉന്നയിക്കുകയെന്നും ശബരിമല സംസ്ഥാന വിഷയം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


ഡൽഹിയിൽ ഇന്ന് യോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും തന്ത്രങ്ങൾ ചർച്ച ചെയ്യാനുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അടിയന്തര യോഗം വിളിച്ചു.പി.സി.സി അദ്ധ്യക്ഷൻമാരും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA