SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.06 PM IST

മഞ്ചേശ്വരത്ത് വെന്റിലേറ്ററില്ലാത്തതിനാൽ മരിച്ചത് 22 പേർ

kk

തിരുവനന്തപുരം: മഞ്ചേശ്വരത്തെ ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിൽ കൊവിഡ് ബാധിച്ച 22 പേർ നമ്മെ വിട്ടുപിരിയില്ലായിരുന്നുവെന്ന് മുസ്ലിംലീഗ് അംഗം എ.കെ.എം അഷറഫ് ബഡ്ജറ്ര് ചർച്ചയിൽ പറഞ്ഞു. മംഗൾപാടി, കുമ്പള, മഞ്ചേശ്വരം ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരെ നിയമിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യണം.

സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ)

തോട്ടങ്ങളിൽ മറ്റു കാർഷിക വിളകൾ ആവാമെന്ന ചർച്ചയ്ക്ക് തുടക്കമിടാൻ സർക്കാരിന് കഴിഞ്ഞു. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ പിന്നീട് കർഷകരിൽ നിന്നീടാക്കരുത്. റബ്ബർ കർഷകർക്കുള്ള വിലസ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കണം. റബർ മേഖലയിൽ പ്രഖ്യാപിച്ച സിയാൽ മോ‌ഡൽ കമ്പനികൾ പ്രവർത്തനക്ഷമമാക്കണം.

 മാത്യു കുഴൽ നാടൻ (മുവാറ്രുപുഴ)

കടക്കെണിയിലായ സംസ്ഥാനത്തെ രക്ഷിക്കണമെങ്കിൽ പ്രത്യയശാസ്ത്ര പിടിവാശി വിട്ട് രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇന്ന് രാജ്യത്ത് കാണുന്ന എല്ലാ നേട്ടങ്ങളുടെയും കാരണക്കാരൻ ഡോ. മൻമോഹൻ സിംഗാണ്. ആഗോളവത്കരണത്തെ പ്രതിരോധിക്കുമെന്ന് പറയുമ്പോഴും വിദേശ നിക്ഷേപത്തിനായി ലണ്ടൻ സ്റ്രോക്ക് എക്സ്ചേഞ്ചിൽ മണിമുഴക്കുകയായിരുന്നു.

 ഒ.എസ്. അംബിക (ആറ്റിങ്ങൽ)

ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ചത് ജനകീയ ബഡ്ജറ്രാണ്. ഇതാണ് ഇടതുപക്ഷ ബദൽ. കുടുംബശ്രീക്കുൾപ്പെടെ നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. കാർഷിക മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും നിരവധി പദ്ധതികൾ അവതരിപ്പിച്ചു.

 കുറുക്കോളി മൊയ്തീൻ (തിരൂർ)

മല എലിയെ പ്രസവിച്ചതുപോലെയാണ് സംസ്ഥാന ബഡ്ജറ്റ്. കർഷകർക്ക് വാഗ്ദാനം മാത്രം. അഞ്ച് വർഷവും വിലക്കയറ്രം ഉണ്ടാകില്ല, കർഷ‌കരുടെ ഉല്പന്നങ്ങൾക്ക് മതിയായ വിലകിട്ടും എന്നാണ് മുൻ സർക്കാർ പറഞ്ഞത്. വിലക്കയറ്റം കൂടിയെന്ന് മാത്രമല്ല കാർഷിക ഉല്പന്നങ്ങൾക്ക് വിലയിടിഞ്ഞു. പഞ്ചായത്ത് നെല്ല് സംഭരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ സംഭരിച്ചില്ല. സംഭരിച്ച നെല്ലിന് 500 കോടി കൊടുക്കാനുണ്ട്.

 എം. വിജിൻ (കല്യാശ്ശേരി)

രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിക്കായി ലീഗിന്റെ പച്ചക്കൊടി നാട്ടിയത് അഴിച്ചുമാറ്രിയതെന്തിനാണെന്ന് കോൺഗ്രസുകാർ പറയണം. വിമോചന സമരം നടത്തുകയും വിദ്യാഭ്യാസ ബില്ലിനെ എതിർക്കുകയും ചെയ്തവരുടെ പിൻഗാമികളാണ് പ്രതിപക്ഷം. സർക്കാർ പ്രഖ്യാപിച്ച നോളജ് മിഷൻ, തൊഴിൽ ദായക പദ്ധതികൾ യുവാക്കൾക്ക് നേട്ടം.

 എ. പ്രഭാകരൻ (മലമ്പുഴ)

തിരഞ്ഞെടുപ്പിനിടെ പാലക്കാട്ട് വന്ന് മലമ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ദുർബ്ബലനാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയെ കടന്നാക്രമിക്കാനാണ് തന്റെ കന്നി പ്രസംഗം എ. പ്രഭാകരൻ പ്രയോജനപ്പെടുത്തിയത്. പേമാരിയിൽ നിന്ന് ഗോകുലവാസികളെ രക്ഷിക്കാൻ ശ്രീകൃഷ്ണൻ ഗോവർദ്ധന ഗിരി ഉയർത്തിയതുപോലെ മഹാമാരിയിൽ നിന്ന് രക്ഷിക്കുകയാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

 കെ.കെ.രാമചന്ദ്രൻ (പുതുക്കാട്)

ഇന്ത്യയ്ക്കുള്ള മാതൃകയാണ് കേരളം കാണിക്കുന്നത്. ഇതാണ് ഇടതുപക്ഷ ബദൽ. വ്യവസായ വളർച്ചയ്ക്കായി 8,300 കോടി വായ്പ, 8,900 കോടിരൂപയുടെ പണമെത്തിക്കൽ തുടങ്ങി ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ തിളക്കമാർന്നതാണ്.

പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ)

കേരളം കൊവിഡിനെതിരെ നടത്തിയ പ്രവർത്തനം ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും മാതൃകയാണ്. എങ്ങനെയാണ് ഒരു സർക്കാർ ജനങ്ങളുടെ ഹൃദയമിടിപ്പിന്റെ ഭാഗമാകുന്നതെന്ന് തെളിയിക്കുകയാണ് ഈ സർക്കാർ ബഡ്ജറ്റിലൂടെ ചെയ്തതെന്ന് പി.പി. ചിത്തരഞ്ജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.