SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 PM IST

നിലപാടുകളിലുറച്ച് സി.പി.എം പാർട്ടി കോൺഗ്രസിലേക്ക്, യെച്ചൂരി തുടർന്നേക്കും

kk

കണ്ണൂർ: കോൺഗ്രസിനോടും ബി.ജെ.പിയോടുമുള്ള സമീപനത്തിൽ ആശയക്കുഴപ്പങ്ങളോ തർക്കമോ ഇല്ലാതെയും വിഭാഗീയതയുടെ അലോസരമേശാതെയും 23ാം പാർട്ടി കോൺഗ്രസിലേക്ക് സി.പി.എം നാളെ കടക്കുന്നു. ഈ മാസം 10 വരെ പാർട്ടി ഈറ്റില്ലമായ കണ്ണൂരിൽ ബർണശ്ശേരിയിലെ ഇ.കെ. നായനാർ അക്കാഡമിയിൽ പ്രത്യേകമൊരുക്കിയ നായനാർ നഗറിലാകും പ്രതിനിധി സമ്മേളനം. കർഷക സമരത്തിന്റെയടക്കം പശ്ചാത്തലത്തിൽ രൂപപ്പെട്ടിട്ടുള്ള സമരൈക്യ സാഹചര്യം ഉപയോഗപ്പെടുത്താനുള്ള സുപ്രധാനതീരുമാനം പാർട്ടി കോൺഗ്രസ് കൈക്കൊള്ളും. ജനറൽസെക്രട്ടറി പദത്തിൽ മൂന്നാം തവണയും സീതാറാം യെച്ചൂരി തുടർന്നേക്കും.

ദേശീയതലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന മുഖ്യകടമ മുന്നോട്ടുവയ്ക്കുന്ന സി.പി.എം, ബി.ജെ.പി വിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കാനാവശ്യമായ തിരഞ്ഞെടുപ്പ് അടവുകൾ സ്വീകരിക്കുമെന്നാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ വ്യക്തമാക്കുന്നത്. കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന ഹൈദരബാദ് പാർട്ടി കോൺഗ്രസ് നിലപാടിൽ മാറ്റമില്ല. എങ്കിലും ബി.ജെ.പിയെന്ന മുഖ്യവിപത്തിനെതിരായ പോരാട്ടത്തിൽ സാദ്ധ്യമായ വഴികൾ തേടാം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക, പാർട്ടിയുടെ സ്വതന്ത്ര ശക്തി വളർത്തിക്കൊണ്ടുവരിക എന്നിവയ്ക്ക് മുൻഗണന.

" പാർലമെന്റിൽ പാർട്ടി മതനിരപേക്ഷ പ്രതിപക്ഷപാർട്ടികളുമായി ഉഭയസമ്മതത്തോടെയുള്ള പ്രശ്നങ്ങളിൽ സഹകരിക്കണം. പാർലമെന്റിനു പുറത്ത് വർഗീയ അജൻഡയ്ക്കെതിരായി മതനിരപേക്ഷശക്തികളുടെ വിപുലമായ സംഘാടനത്തിനായി പ്രവർത്തിക്കും. പാർട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും, മറ്റ് ജനാധിപത്യ പാർട്ടികളോട് പ്രശ്നാധിഷ്ഠിതമായി യോജിച്ചും നവലിബറലിസത്തിന്റെ ആക്രമണത്തെയും ജനാധിപത്യത്തിനും ജനാധിപത്യാവകാശങ്ങൾക്കുമെതിരായ അമിതാധികാര കടന്നുകയറ്റത്തെയും നേരിടും "- കരട് രാഷ്ട്രീയപ്രമേയം പറയുന്നു.

ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവലിബറൽ നയങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിന് മതനിരപേക്ഷ പാർട്ടികളെയെല്ലാം അണിനിരത്താൻ ശേഷിയില്ലെന്ന് സി.പി.എം രേഖ കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന അടവുനയസമീപനത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കട്ടെയെന്നതാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. കേരളഘടകമുൾപ്പെടെ ഇക്കാര്യത്തിൽ യോജിപ്പാണ്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനോടുള്ള സമീപനമെന്താകണമെന്നതിനെച്ചൊല്ലി ഹൈദരബാദിലെ 22ാം പാർട്ടി കോൺഗ്രസിലുണ്ടായ കലഹാന്തരീക്ഷം പാടേ മാറ്റിയാണ് കണ്ണൂരിലേക്ക് സി.പി.എം എത്തുന്നത്. രണ്ടാം മോദി സർക്കാർ അധികാരമേറും മുമ്പത്തെ രാഷ്ട്രീയസാഹചര്യമായിരുന്നു ഹൈദരബാദിലെങ്കിൽ ഇന്ന് മാറി. കോൺഗ്രസിനെ ചൊല്ലി തർക്കിക്കുന്നതിലൊന്നും പ്രസക്തിയില്ലാത്ത വിധത്തിലേക്ക് രാഷ്ട്രീയം മാറിമറിഞ്ഞു. കേരളഘടകത്തിന്റെ പിന്തുണയോടെ കരട് രാഷ്ട്രീയപ്രമേയത്തിന് പ്രകാശ് കാരാട്ട് ബദൽരേഖ അവതരിപ്പിച്ചത് വൻവിവാദമാണ് ഹൈദരബാദ് പാർട്ടി കോൺഗ്രസിലുണ്ടാക്കിയത്. അത്തരം പ്രശ്നമൊന്നും ഇവിടെ കടന്നുവരാൻ പഴുതില്ല.

75 കഴിഞ്ഞവർ മാറുന്നു

75 വയസ്സ് തികഞ്ഞവർ പദവിയൊഴിയണമെന്ന കേന്ദ്രകമ്മിറ്റി തീരുമാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകേണ്ടത് കണ്ണൂർ പാർട്ടി കോൺഗ്രസാണെങ്കിലും മുതിർന്ന നേതാക്കൾ പാർട്ടി ഘടകങ്ങളിൽ നിന്നൊഴിയും. ശ്രദ്ധേയമാറ്റം പോളിറ്റ്ബ്യൂറോയിൽ നിന്നുള്ള മുതിർന്ന നേതാവായ എസ്. രാമചന്ദ്രൻ പിള്ളയുടേതാകും. പി.ബിയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു പ്രതിനിധി എത്തുമോ എന്നതും പുതിയൊരു വനിതകൂടിയെത്തുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.