സംവരണ സമുദായങ്ങൾക്ക് ആ ആനുകൂല്യം തുടരണം:പിണറായി

Sunday 13 January 2019 1:34 AM IST
pinarayi

തൃശൂർ: സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമുദായങ്ങൾക്ക് അത് തുടരുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ അത് തുടരേണ്ട എന്ന അഭിപ്രായമാണ് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഒല്ലൂർ ഏരിയ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹിക പിന്നാക്കാവസ്ഥ കാരണമാണ് ജാതിസംവരണം നിലനിൽക്കുന്നത്. എന്നാൽ, മുന്നാക്ക വിഭാഗത്തിലെ പരമദരിദ്രർക്ക് നിശ്ചിതശതമാനം സംവരണം കൊടുക്കണം. സാമൂഹിക പിന്നാക്ക അവസ്ഥ നിലനിൽക്കുകയാണ്. പാവപ്പെട്ടവർക്കാണ് സംവരണം വേണ്ടത്. അതിനുപകരം മേൽത്തട്ടുകാർക്ക് വേണമെന്ന് പറഞ്ഞാൽ ഗുണം മേൽത്തട്ടുകാരായിരിക്കും. താഴേതട്ടിലുളളവർക്ക് ലഭിക്കില്ല. അതിനോട് യോജിക്കാനാവില്ല.

സംവരണം സംബന്ധിച്ച് രാജ്യത്ത് പല പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സാമ്പത്തിക സംവരണ നിയമം പാസാക്കുമ്പോൾ കേന്ദ്രസർക്കാർ എട്ടുലക്ഷം രൂപയാണ് വരുമാനപരിധി തീരുമാനിച്ചത്. ഇൻകം ടാക്സ് കൊടുക്കേണ്ടവർക്ക് സംവരണം ആവശ്യമില്ല. അഞ്ചേക്കർ സ്ഥലമുളളവർക്കല്ല,​ പാവങ്ങൾക്കായിരിക്കണം സംവരണം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമീപനമാണിത്. അതുകൊണ്ടൊന്നും ബി.ജെ.പി. രക്ഷപ്പെടില്ല.

അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് പറയുന്ന അമിത് ഷാ പരസ്യമായി കോടതിയെ വെല്ലുവിളിക്കുകയാണ്. ബാബറി മസ്ജിദ് പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലാണ്. നേരത്തെയും സംഘപരിവാർ പറഞ്ഞിട്ടുണ്ട്, ക്ഷേത്രം പണിയുമെന്ന്. ഇപ്പോൾ പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലാണ് തങ്ങൾ പറയുന്ന തരത്തിൽ തീരുമാനമെടുക്കണമെന്ന് കോടതിയെ ഭീഷണിപ്പെടുത്തുകയും നിസാരവത്കരിക്കുകയും ചെയ്യുന്നത്.

ചാതുർവർണ്യ വ്യവസ്ഥ കൊണ്ടുനടക്കുന്നവരാണ് സംഘ്പരിവാർ. ചാതുർവർണ്യത്തിൽ പട്ടികജാതി, പട്ടികസമുദായങ്ങളില്ല. പല തരത്തിൽ അവർ ദളിതരെ പീഡിപ്പിക്കുകയാണ്. ഇതൊക്കെ ഭരണത്തിന്റെ പിന്തുണ കൊണ്ടാണ് ചെയ്യുന്നത്. ദളിത് വിഭാഗത്തിന്റെ വോട്ടുകൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് ശ്രമിച്ച അവർ പിന്നീട് ദളിത് വേട്ടയ്ക്ക് ഇറങ്ങുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA