SignIn
Kerala Kaumudi Online
Friday, 29 March 2024 10.27 AM IST

സ്ത്രീകൾക്ക് വിലങ്ങുതടിയാവുന്നത് സാമൂഹ്യമുൻവിധികൾ: രാഷ്ട്രപതി

president

തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയോളമുള്ള സ്ത്രീകൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ വിലങ്ങുതടിയാവുന്നത് സാമൂഹ്യമുൻവിധികളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു . തൊഴിൽ ശക്തിയിലെയും രാഷ്ട്രീയത്തിലെയും സ്ത്രീ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമെത്തില്ല. ഇന്ന് ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള ലിംഗാവബോധത്തിലും അതിവേഗം പുരോഗതിയുണ്ടാകുന്നു.

സ്വാതന്ത്ര്യസമരകാലം ലിംഗസമത്വത്തിന് ശക്തമായ അടിത്തറയിട്ടു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നാനാതുറകളിൽ നിന്നുള്ള വനിതകൾ പരിമിതമായ ഗാർഹിക ഇടങ്ങളിൽ നിന്ന് പുറത്തെത്തി പ്രക്ഷോഭങ്ങളിൽ പങ്കുകൊണ്ടതാണ് ആത്യന്തികമായ വിജയത്തിനു കാരണം. ആദ്യത്തെ സ്ത്രീ സത്യഗ്രഹികളിൽ കസ്തൂർബയുമുണ്ട്. രാഷ്ട്രപിതാവിന്റെ നല്ലപാതിയെന്ന നിലയിൽ മാത്രമല്ല, ദക്ഷിണാഫ്രിക്കൻദിനങ്ങൾ മുതൽ അവർ നിരവധി സ്ത്രീകൾക്ക് പ്രചോദനമായിരുന്നു.

1947-48 കാലത്ത് മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കിയപ്പോൾ യു.എൻ മനുഷ്യാവകാശകമ്മിഷനിലെ ഇന്ത്യൻ പ്രതിനിധിയായ മഹതി ഹൻസബെൻ ജീവരാജ് മേത്ത ഇടപെട്ടാണ് 'എല്ലാ പുരുഷൻമാരും തുല്യരായി സൃഷ്ടിക്കപ്പെട്ടു"വെന്നത് ഭേദഗതി ചെയ്ത് 'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടു" എന്നാക്കിയതെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രി ജെ. ചി‌ഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സംസാരിച്ചു. നിയമസഭയുടെ ഉപഹാരം രാഷ്ട്രപതിക്ക് സ്പീക്കർ സമ്മാനിച്ചു. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദും വേദിയിലുണ്ടായിരുന്നു.

പുരുഷാധിപത്യത്തോട് പുലർത്തുന്ന മൗനം വേദനാജനകം: ഗവർണർ

തിരുവനന്തപുരം: പൊതുവേദിയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്തനേതാവ് അപമാനിച്ചതിൽ പരോക്ഷവിമർശനമുയർത്തി വീണ്ടും ഗവർണർ. നിയമസഭയിൽ നടക്കുന്ന വനിതാസാമാജികരുടെ ദേശീയസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സാക്ഷിയാക്കിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ചിലർ പിന്തിരിപ്പൻചിന്തകളോടുള്ള പ്രണയം നട്ടുവളർത്തി സ്ത്രീകളെ പാർശ്വവത്കരിക്കുകയും അവർക്കുമേൽ പുരുഷാധിപത്യ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കുകയുമാണ്. പ്രത്യക്ഷത്തിൽ തന്നെ സ്ത്രീകളോടു കാട്ടുന്ന ഈ ക്രിമിനൽ മനോഭാവത്തോട് മറ്റ് തരത്തിൽ മാന്യരെന്ന് കരുതുന്നവർ പുലർത്തുന്ന മൗനമാണ് അതിനേക്കാളേറെ വേദനാജനകം. നമ്മൾ സ്ത്രീകളെ ആദർശവത്കരിച്ച് നിറുത്തുക മാത്രം ചെയ്യുന്നു. സ്ത്രീകൾക്കായി പ്രമേയം പാസാക്കുകയും അവിടെ അവസാനിപ്പിക്കുകയും ചെയ്യും. വനിതാ മന്ത്രിയായ കെ.ആർ. ഗൗരി അമ്മ അവതരിപ്പിച്ച നിയമനിർമ്മാണത്തോടെ നിയമനിർമ്മാണപ്രക്രിയക്ക് തുടക്കം കുറിക്കാനായി എന്നതാണ് കേരള നിയമസഭയുടെ ഏറ്റവും വലിയ സവിശേഷത. വനിതാസാമാജികരുടെ ഈ ദേശീയസമ്മേളനം സ്ത്രീശാക്തീകരണത്തിലുള്ള കേരളനിയമസഭയുടെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നു. നമ്മുടെ സംസ്കാരയാത്ര തുടങ്ങുന്നതുതന്നെ സ്ത്രീകളെ ആരാധിച്ചുകൊണ്ടാണ്. ലിംഗസമത്വത്തിലും സ്ത്രീശാക്തീകരണത്തിലും ശ്രീനാരായണഗുരുവും സെന്റ് ചാവറയും മറ്റ് ജീവകാരുണ്യസ്ഥാപനങ്ങളും മറ്റും ഉയർത്തിപ്പിടിച്ച നവോത്ഥാന മാതൃകകളെയാവണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തുടരേണ്ടതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRESIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.