SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.27 PM IST

ഉയിർപ്പ്, പതനം

uma

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയേല്പിച്ച നിരാശയിലും നേതൃമാറ്റത്തെ തുടർന്നുള്ള അസ്വസ്ഥതയിലും ആശയറ്റ് നിന്ന കോൺഗ്രസ് അണികളെ പ്രതീക്ഷയിലേക്കുണർത്തുന്ന വിജയമാണ് തൃക്കാക്കരയിലേത്. മറുവശത്ത് തുടർഭരണത്തിന്റെ ഒന്നാം വാർഷികവേളയിലുണ്ടായ തോൽവി ഇടതുമുന്നണിക്കും ഭരണനേതൃത്വത്തിനും ക്ഷീണവുമായി.

വി.ഡി.സതീശനും കെ.സുധാകരനും നേതൃത്വമേറ്റ ശേഷമുണ്ടായ ആദ്യ ബലപരീക്ഷണത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് പോയി ഭൂരിപക്ഷം. കഴിഞ്ഞ തവണത്തേതിലും ലീഡ് കുറഞ്ഞിരുന്നെങ്കിൽ പോലും പുതിയ നേതൃത്വത്തിന് പാർട്ടിയിൽ നിന്ന് ആക്രമണം നേരിടേണ്ടി വരുമായിരുന്നു. അതിനാൽ, സതീശൻ- സുധാകരൻ കൂട്ടുകെട്ടിന്റെ സ്വീകാര്യത വലിയൊരളവ് ഉയർത്തും ഉമയുടെ റെക്കാഡ് ഭൂരിപക്ഷ വിജയം. ഹൈബി ഈഡനടക്കം സതീശന് ക്യാപ്റ്റൻ മുദ്ര ചാർത്തിക്കഴിഞ്ഞു.

യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ തൃക്കാക്കരയിലെ തോൽവി ഒന്നും നഷ്ടപ്പെടുത്തുന്നില്ലെന്ന് ഇടതു നേതൃത്വത്തിന് ആശ്വസിക്കാം. എന്നാൽ, പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വസന്നാഹങ്ങളുമായി പ്രചരണയന്ത്രത്തെ ചലിപ്പിച്ചിട്ടും കഴിഞ്ഞ തവണത്തേക്കാളും കനത്ത തോൽവിയേറ്റു വാങ്ങേണ്ടിവന്നു. ഇത് ഭരണ, മുന്നണി നേതൃത്വങ്ങൾക്ക് നേരെ പല ചോദ്യങ്ങളുമുയർത്തും. പ്രത്യേകിച്ച് സിൽവർ ലൈനിനെ ചൊല്ലിയുയർന്ന ചൂടേറിയ വിവാദങ്ങൾക്കൊപ്പം നേരിട്ട ആദ്യ പരീക്ഷണമെന്ന നിലയിൽ. പി.ടി. തോമസിനനുകൂലമായ സഹതാപതരംഗത്തിനപ്പുറത്തേക്ക് കാറ്റ് വീശിയിട്ടുണ്ടെന്ന് വേണം കരുതാൻ.

തൃക്കാക്കരയിലെ വിജയം നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളെ ഒരുതരത്തിലും ബാധിക്കുന്നതല്ലെങ്കിലും മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് നയിച്ച പ്രചാരണം പൊലും ഒരു ചലനവുമുണ്ടാക്കിയില്ല. തോൽവിയുടെ കാഠിന്യം കൂടുകയും ചെയ്തു.

ബി.ജെ.പിക്കാകട്ടെ, വോട്ടുനില കഴിഞ്ഞതവണത്തെക്കാളും കുറഞ്ഞത് അവരുടെ ക്ഷീണമിരട്ടിക്കുന്നതായി. ഇലക്‌ഷൻ ഫണ്ട് തട്ടിപ്പടക്കമുള്ള വിവാദങ്ങളേല്പിച്ച പ്രതിച്ഛായാനഷ്ടത്തിൽ നിന്ന് അവർക്ക് കര കയറാനായില്ല.

കഴിഞ്ഞ തവണ പതിമൂവായിരത്തിൽപ്പരം വോട്ടുകൾ പെട്ടിയിലാക്കിയ ട്വന്റി-ട്വന്റിയെടുത്ത മനസ്സാക്ഷിവോട്ട് നിലപാടും യു.ഡി.എഫിന് ഗുണമായി. ഇടതുവിരുദ്ധ വോട്ടുകളുടെ ഏകോപനം യു.ഡി.എഫിന് അനുകൂലമായി എന്ന സി.പി.എം നേതാക്കളുടെ പ്രതികരണം ബി.ജെ.പിയിലെ വോട്ടുചോർച്ചയിലേക്കും വിരൽ ചൂണ്ടുന്നു.

എറണാകുളം ബാലികേറാമല

ഇടതുതരംഗമുണ്ടായ തിരഞ്ഞെടുപ്പുകളിൽ പോലും അവർക്ക് അനുകൂലമായിട്ടില്ല എറണാകുളം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വലിയ വിഭാഗം നേതാക്കൾക്കെതിരെ സി.പി.എം എറണാകുളം ജില്ലയിൽ അച്ചടക്കനടപടിയെടുത്തിരുന്നു. എന്നിട്ടും സംഘടനാപരമായ ഉണർവ്വിലേക്ക് കാര്യങ്ങളെത്തിയില്ലെന്നത് സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കും.

സാമുദായിക വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചരണതന്ത്രങ്ങളും ഫലം കണ്ടില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയെന്ന എതിരാളികളുടെ പ്രചാരണം ക്ഷീണവുമായി. പുറത്തുനിന്ന് സ്വതന്ത്രപരിവേഷമുള്ളവരെ കണ്ടെത്തിയുള്ള പരീക്ഷണം പതിവായി വേണ്ടിവരുന്നത് ജില്ലയിലെ സംഘടനാസംവിധാനത്തിന്റെ പരിമിതിയാണ്. കൊച്ചിയിൽ ചേർന്ന സംസ്ഥാനസമ്മേളനം വിലയിരുത്തിയതും തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനാവാത്ത ജില്ലയിലെ ശേഷിക്കുറവാണ്. മുഖ്യമന്ത്രിക്കൊപ്പം ഇടതു കൺവീനർ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും നേതൃത്വം നൽകിയിട്ടും വൻതോൽവിയുണ്ടായത് വലിയ പാഠമാണ്. ഭരണ, സംഘടനാ തലങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള പാർട്ടി ചർച്ച ഇനി തൃക്കാക്കര ഫലം കേന്ദ്രീകരിച്ചാവും.

കെ-റെയിൽ പാഠങ്ങൾ

കെ-റെയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള ആദ്യ പരീക്ഷണത്തിൽ അടിതെറ്റിയത് പുനർചിന്തനത്തിന് പാർട്ടിയെ പ്രേരിപ്പിച്ചേക്കാം. ജനത്തെ വെറുപ്പിച്ച കല്ലിടൽ ധാർഷ്ട്യത്തിനേറ്റ അടിയെന്നാണ് പ്രതിപക്ഷ വ്യാഖ്യാനം. കെ-റെയിലിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിലും മുഖ്യമന്ത്രിക്കുൾപ്പെടെ ഇനി കരുതലോടെ നീങ്ങേണ്ടിവരും.

 ജോർജിന്റെ നാവും ഫലിച്ചില്ല

പി.സി.ജോർജിന്റെ വിദ്വേഷപ്രസംഗ വിവാദത്തെ മറയാക്കി ക്രൈസ്തവ വോട്ടുകളുടെ ധ്രുവീകരണം അവസാന റൗണ്ടിൽ ലക്ഷ്യമിട്ട ബി.ജെ.പിക്ക് പാടേ അടിതെറ്റിപ്പോയി. ഉപതിരഞ്ഞെടുപ്പുകളെ സാധാരണ ഗൗരവമായെടുക്കാറില്ലെന്നാണ് അവരുടെ ന്യായവാദം. പക്ഷേ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്ഷ്യം കാണണമെങ്കിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്ന പാഠമാണ് ബി.ജെ.പി നേതൃത്വത്തിന് തൃക്കാക്കര നൽകുന്നത്. അതേസമയം, കെ.സുരേന്ദ്രന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടാനിടയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRKAKARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.