തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കുന്ന സുധാകരനും എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്ന പ്രേമചന്ദ്രനും തമ്മിലുള്ള തർക്കം കാണുമ്പോൾ മൂക്കത്തു കൈവച്ചുപോകും: സുരേന്ദ്രൻ

Friday 11 January 2019 10:09 AM IST
kollam-bypass

തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പൊതുജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുക്കുകയാണ്. രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഉദ്ഘാടനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടായത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെയും കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിതിൻ ഗഡ്കരി ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് കൊല്ലം ബൈപ്പാസിന്റെ ചുവപ്പുനാട അഴിഞ്ഞ് പണം കിട്ടിയതെന്നും പണി ധ്രുതഗതിയിൽ പൂർത്തിയായതെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സത്യത്തിൽ കൊല്ലം ബൈപ്പാസിനെക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാനുള്ള അവകാശം ഈ രണ്ട് മുന്നണികൾക്കുമുണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു. 1972 ൽ അതായത് കൃത്യമായി പറഞ്ഞാൽ പണി തുടങ്ങിയിട്ട് 47 വർഷമായി. സ്ഥലം ഏറ്റെടുപ്പും നിർമ്മാണപ്രവൃത്തിയും നിരങ്ങി നിരങ്ങി നീങ്ങുമ്പോൾ ഇവരെയാരെയെങ്കിലും കണ്ടിരുന്നോ? കഴിഞ്ഞ പത്ത് വർഷത്തെ യു. പി. എ ഭരണകാലത്ത് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും ഒരിഞ്ച് പണി മുന്നോട്ടുനീങ്ങിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇതിനു മുൻപ് വാജ്പേയിയുടെ കാലത്താണ് കുറെ കാര്യങ്ങൾ നടന്നത്. ഈ ഹൈവേയുടെ കാര്യം മാത്രമല്ല കേരളത്തിലെ എല്ലാ നിർമ്മാണത്തിലിരിക്കുന്ന റോഡുകളുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ നടക്കുന്ന സുധാകരനും എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്ന പ്രേമചന്ദ്രനും തമ്മിലുള്ള തർക്കം കാണുമ്പോൾ കൊല്ലത്തുകാർ മൂക്കത്തു കൈവെച്ചുപോവുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA