'കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളതും നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്: ഹരീഷ് വാസുദേവൻ

Wednesday 05 December 2018 3:21 PM IST
kithab

കോഴിക്കോട് ജില്ലാകലോത്സത്തിൽ അവതരിപ്പിച്ച കിത്താബ് എന്ന നാടകത്തിനെതിരെ ചില മതസംഘടനകൾ ഉയർത്തിയ പ്രതിഷേധത്തെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മത്സരിക്കാൻ അർഹത ലഭിച്ചിട്ടും മതസംഘടനകളുടെ ഭീഷണി കാരണം മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ നാടകാവതരണത്തിൽ നിന്നും പിന്മാറിയതായി അറിയിച്ചിരുന്നു. എന്നാൽ പഴയ ഏതോ നൂറ്റാണ്ടിലെ വിജ്ഞാനം പേറുന്ന എല്ലാ കിത്താബുകളും കാലത്തിന് അനുസരിച്ച് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ഖുർആൻ ആയാലും ബൈബിൾ ആയാലും ഭഗവത്ഗീത ആയാലും ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത് നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. അതിനാൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിത്താബ് നാടകം അവതരിപ്പിക്കുവാനുള്ള അവസരം ഒരുക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെടുന്നു. നവോത്ഥാനം ഹിന്ദുക്കൾക്ക് മാത്രം മതിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെയാകാമെന്നുംഅഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നൂറ്റാണ്ടിൽ വിശുദ്ധ കിത്തബോ?
പഴയ ഏതോ നൂറ്റാണ്ടിലെ വിജ്ഞാനം പേറുന്ന എല്ലാ കിത്താബുകളും കാലത്തിനു അനുസരിച്ചു വിമർശനയോഗ്യമാണ്. അല്ലെന്നു കരുതുന്നവർക്ക് അങ്ങനെ വിശ്വാസിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമര്ശിക്കേണ്ടവർക്ക് വിമർശിക്കാനും അതേ സ്വാതന്ത്ര്യം ഉണ്ട്. അത് ഖുർആൻ ആയാലും ബൈബിൾ ആയാലും ഭഗവത്ഗീത ആയാലും ഉണ്ട്. മതമൗലികവാദികൾക്ക് തിരിഞ്ഞോ?

നവംബർ 22ന് വടകര ടൗൺ ഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മത്സരിക്കാൻ അർഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്'. എന്നാൽ അത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കുകയും ചില മതസംഘടനകൾ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളിൽ നിന്നും ഭീഷണി ഉയർന്നതിനെ തുടർന്ന് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ നാടകാവതരണത്തിൽ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. ഈ നാടകം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നു. നവോഥാനം ഹിന്ദുക്കൾക്ക് മാത്രം മതിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെയും പറയാം.

കിത്താബിനൊപ്പം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA