അതെന്നെ അത്ഭുതപ്പെടുത്തി: രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ച ഓർത്തെടുത്ത് ഒരു പഴയ എസ്.എഫ്.ഐക്കാരി

Saturday 12 January 2019 11:10 PM IST
rahul-gandhi

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ച് മുൻ എസ്.എഫ്.ഐ നേതാവ് സിന്ദു ജോയി എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ഒരുപാട് കാലം ഇന്ത്യയെ ഭരിച്ച നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരുടെ കുടുംബത്തിൽ വളർന്ന നേതാവ് അധികാരത്തിന്റെ യാതൊരു ധാർഷ്ട്യവുമില്ലാതെ പെരുമാറുന്നത് കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്ന് സിന്ദു പറയുന്നു. ഒരു തവണ കണ്ടാൽ രാഹുലിനോടുള്ള മുൻ നിലപാടുകളിൽ മാറ്റമുണ്ടാകുമെന്ന് എം.ബി.രാജേഷ് എം.പി പറഞ്ഞതായും സിന്ദു ഓർത്തെടുക്കുന്നു. ഇത്രയൊക്കെ പറഞ്ഞത് കൊണ്ട് താൻ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും സിന്ദു പറഞ്ഞു വയ്‌ക്കുന്നു.ർ

കുറിപ്പിന്റെ പൂർണരൂപം

ഞാൻ ഉറപ്പുതരുന്നു, എന്റെ മരണം വരെ, എന്റെ വാതിലുകൾ, എന്റെ കാതുകൾ, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും"
ഇന്നലെ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ രാഹുൽ ഗാന്ധി നടത്തിയ വികാരനിർഭരമായ പ്രസംഗം അൽപം പഴക്കമുള്ള ഒരു കൂടിക്കാഴ്ചയെ ഓർമിപ്പിച്ചു. കോൺഗ്രസ്സ് വേദികളിൽ ഞാൻ അപ്രത്യക്ഷമായിതുടങ്ങിയ സമയം. ഡൽഹിയിൽ നിന്നുള്ള ഒരു സന്ദേശമെത്തി; പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കാണാൻ ആഗ്രഹിക്കുന്നു.


ഒരു ഡൽഹി യാത്രക്ക് പാകമായിരുന്നില്ല മനസ്സ്; സജീവരാഷ്ട്രീയത്തിൽ നിന്നും തെല്ലകലെയായിരുന്നു അപ്പോൾ ഞാൻ. സംസ്ഥാന യൂത്ത് കമ്മീഷൻ അധ്യക്ഷസ്ഥാനം പോലും വ്യക്തിപരമായ കാരണങ്ങളാൽ വേണ്ടെന്നുവച്ച സമയവുമായിരുന്നു അത്. പക്ഷേ, സുഹൃത്തായ ഹൈബി ഈഡൻ എംഎൽഎ പറഞ്ഞ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. 'രാഹുൽജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്; എത്രയോ കോൺഗ്രസ് പ്രവർത്തകർ ഒന്നുകാണാൻ ആഗ്രഹിക്കുന്ന വ്യക്തി; പോയി കാണണം'.


അങ്ങനെ ഞാൻ ഡൽഹിയിൽ എത്തി. കുടുംബസുഹൃത്തു കൂടിയായ ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് George Kallivayalil എന്നെ പന്ത്രണ്ടാം നമ്പർ തുഗ്ലക് ലേനിൽഎത്തിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസ്‌. അദ്ദേഹം എഴുന്നേറ്റുനിന്ന് എന്നെ സ്വീകരിച്ചു. അതെന്നെ അത്ഭുതപ്പെടുത്തി. ഒരുപാടുകാലം ഇന്ത്യയെ നയിച്ച നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരുടെ കുടുംബത്തിൽ വളർന്ന നേതാവ്. അധികാരത്തിന്റെ യാതൊരു ധാർഷ്ട്യവുമില്ലാതെ ഇങ്ങനെ പെരുമാറുന്നു! ഇതിനു മുൻപ് അങ്ങനെയൊരാൾ എന്നെ സ്വീകരിച്ചത് വർഷങ്ങൾക്ക് മുൻപ് അന്നത്തെ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിയാണ്. ഒരു നിവേദനം നല്കാൻ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയപ്പോൾ എഴുന്നേറ്റുനിന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവിനെ അദ്ദേഹം സ്വീകരിച്ചത്!


രാഹുൽ ഗാന്ധി ഒരുപാട് കാര്യങ്ങൾ തിരക്കി. എനിക്ക് ഒരുകാര്യം മനസിലായി; എന്നെക്കുറിച്ചുള്ള മിക്കവാറും കാര്യങ്ങൾ അദ്ദേഹം അറിഞ്ഞുവച്ചിരുന്നു. പല ആശയങ്ങളും കൈമാറി. അപ്പോഴാണ് ഇന്ത്യയെക്കുറിച്ച്, രാജ്യത്തിൻറെ പ്രശ്നങ്ങളേക്കുറിച്ച് എത്രത്തോളം ആഴമുള്ള അറിവ് അദ്ദേഹത്തിനുണ്ടെന്ന് മനസിലായത്. കൂടിക്കാഴ്ചയുടെ മൂന്നാംനാൾ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നിന്ന് ഒരു സന്ദേശമെത്തി. അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയിൽ വനിതകളുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കാനായിരുന്നു അത്. ചില വ്യക്തിപരമായ കാരണങ്ങളാൽ അന്നത് ഏറ്റെടുക്കാനായില്ല.


മടങ്ങാൻ നേരം അദ്ദേഹം വാതിൽക്കലോളം വന്ന് യാത്രയാക്കി. സാധാരണ ഏത് ഓഫീസിൽ എത്തിയാലും ചെരുപ്പ് പുറത്ത് അഴിച്ചിട്ട് കയറുകയാണ് എന്റെ ശീലം. അന്നും രാഹുലിന്റെ ഓഫീസിനുപുറത്ത് ചെരിപ്പ് അഴിച്ചിട്ടിരുന്നു.
"വൈ ഡിഡ് യു ലീവ് യുവർ ഫുട്‍വെയർ ഔട്ട് സൈഡ്?." രാഹുൽജി ചോദിച്ചു.
"ദിസ് ഈസ് ഔർ കസ്റ്റം" ഞാൻ മറുപടി പറഞ്ഞു.
"പ്ളീസ് ഡോണ്ട് ഡു ഇറ്റ് എഗൈൻ. എനിവൺ ക്യാൻ വെയർ ഫുട്‍വെയർ ഇൻസൈഡ് മൈ ഓഫിസ്." അദ്ദേഹം പറഞ്ഞു.
ഞാൻ അപ്പോൾ ഓർമ്മിച്ചത് ഗ്രനേഡ് ആക്രമണത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഇടതുകാലുമായി തെരഞ്ഞെടുപ്പുകാലത്തും മറ്റും പല ഓഫിസുകളിലും കയറിട്ടുണ്ട്; കാൽ നിലത്തുകുത്താൻ പ്രയാസപ്പെടുന്ന വേളയിൽപ്പോലും ചെരിപ്പുകൾ പുറത്തിടാൻ ഞാൻ നിർബന്ധിതയായി. ആരുമത് ശ്രദ്ധിച്ചതേയില്ല.
ഇത് വെറുമൊരു ചെരുപ്പിന്റെ മാത്രം പ്രശ്നമല്ല; ഒരു വ്യക്തി, അതുമൊരു സ്ത്രീ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൂടിയാണ്. വളരെ നിസാരവും വ്യക്തിപരവുമായ ഒരു കാര്യത്തിൽ പോലും രാഹുൽ ഗാന്ധി കാണിച്ച ശ്രദ്ധ എന്നെ അന്പരപ്പിച്ചത് അതുകൊണ്ടാണ്. നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങളിൽ ഇത്തരത്തിലുള്ള വലിയവരുടെ ഇടപെടലുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. രാഹുൽ ഗാന്ധിയുടെ ഹൃദയവും കാതുകളും വാതിലുകളും ഇന്ത്യക്കായി തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതിൽ അതിശയോക്തിയില്ല. ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന വാക്കുകളാണ് അത്.
ഇന്നലത്തെ ദുബായ് പ്രസംഗം ഇരുത്തം വന്ന ഒരു നേതാവിന്റെ വാക്കുകളാണ്. പ്രോംപ്റ്ററോ, നോട്ടുകളോ ഉപയോഗിക്കാതെ ഉള്ളിന്റെയുള്ളിൽ നിന്ന് ജനക്കൂട്ടത്തോട് സംസാരിക്കുന്ന നെഹ്രുവിന്റെ ശൈലിയാണ് അത് കണ്ടപ്പോൾ തോന്നിയത്.


രാഹുൽ ഗാന്ധിയുമായി രണ്ടുമണിക്കൂർ സംസാരിച്ചുകഴിഞ്ഞു സിപിഎമ്മിന്റെ യുവനേതാവും എം പിയുമായ എം ബി രാജേഷ് പറഞ്ഞവാക്കുകൾ ഇപ്പോൾ ഞാൻ ഓർക്കുന്നു: "രാഹുലുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറിപ്പോയി. രാഹുലിന്റെ ആത്മാർത്ഥത, ആർജ്ജവം, എളിമ എന്നിവ വല്ലാതെ ആകർഷിച്ചു."ഇന്ത്യയെ നയിക്കാൻ രാഹുലിന് കഴിയും. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനാധിപത്യരാഷ്ട്രം നിലനിൽക്കണമെങ്കിൽ ഇത്തരമൊരു നേതാവാണ് നമ്മെ നയിക്കേണ്ടത്.


N:B-ഇത്രയും എഴുതിയതുകൊണ്ട് നാളെ ഞാൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തും എന്നൊന്നും ആരും വ്യാഖ്യാനിക്കേണ്ടതില്ല. എന്നാൽ, എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നത് നേരാണ്. അരാഷ്ട്രീയതയിൽ അഭിരമിക്കാൻ ഞാനില്ല. പക്ഷേ, ഉടനെയൊരു മടങ്ങിവരവിന് ഇല്ലെന്ന് മാത്രം.
ഇടതിലും വലതിലും ബിജെപിയിലും മറ്റ് പാർട്ടികളിലും സുഹൃത്തുക്കളുണ്ട്. എന്നാൽ സൗഹൃദം വേറെ, രാഷ്ട്രീയം വേറെ.അത്തരത്തിലൊരു പക്വതയിലേക്ക് എത്താൻ കഴിഞ്ഞുവെന്നതാണ് പോയകാലങ്ങൾ നൽകിയ ഏറ്റവും വലിയ അനുഭവപാഠം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA