മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ മകനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു, ആന്റണിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

Thursday 10 January 2019 9:18 AM IST
ak-antony

കോൺഗ്രസിന്റെ സമുന്നത നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി നിയമിച്ചിരുന്നു. ഈ നിയമനം മക്കൾ രാഷ്ട്രീയത്തിന്റെ പരിധിയിലാണെന്ന് കാട്ടി ഫേസ്ബുക്ക് പേജിൽ കുറിപ്പെഴുതിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. മക്കൾ രാഷ്ട്രീയത്തെ എക്കാലവും എതിർത്തിരുന്നയാളാണ് ആദർശ ധീരനായ എ.കെ.ആന്റണി. അടിയന്തരാവസ്ഥക്കാലത്ത് മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ എതിർത്ത അദ്ദേഹം പിൽക്കാലത്ത് ഗാന്ധി കുടുംബ വാഴ്ച അംഗീകരിക്കുകയും, കെ.കരുണാകരന്റെ മകന് തിരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങി നൽകുകയും ചെയ്തു. ഇപ്പോൾ സ്വന്തം മകനെ ഡിജിറ്റൽ മീഡിയ സെൽ വഴി കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന ജയശങ്കർ അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!എന്ന് പരിഹസിക്കുകയും ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരിടത്തൊരിടത്ത് ഒരു ആന്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ.

കാലം മാറി, കഥ മാറി. ആന്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു.

കാലം പിന്നെയും മാറി. ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു.

കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടന്റെ രംഗപ്രവേശം.

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ
ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA