സാമ്പത്തിക സംവരണം മോദി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ മറ്റൊരു പതിപ്പോ ? തുറന്ന് കാട്ടി യുവ എം.എൽ.എ

Tuesday 08 January 2019 12:48 PM IST
narendra-modi

മുന്നാക്ക സമുദായങ്ങളുടെ വർഷങ്ങളായുള്ള മുഖ്യ ആവശ്യമായ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഈ നീക്കം ലോക്സഭ ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കമാണെന്ന് കരുതുന്നവരും ഉണ്ട്. സാമ്പത്തിക സംവരണം ഏർപ്പെടുത്താനായി സർക്കാർ കണക്കാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ മുൻ നിർത്തി സംവരണ നീക്കത്തെ തുറന്ന് കാട്ടുകയാണ് കോൺഗ്രസ് യുവ എം.എൽ.എ കെ.എസ്. ശബരിനാഥൻ.

സർക്കാർ മാനദണ്ഡങ്ങൾ പരിശോധിച്ചാൽ സാമ്പത്തിക അടിസ്ഥാനത്തിനുള്ള സംവരണത്തിന് ഇന്ത്യയിലെ എല്ലാ ആളുകൾക്കും കിട്ടുമെന്നും അങ്ങനെ എല്ലാവർക്കും കിട്ടുകയാണെങ്കിൽ അതെങ്ങനെ സംവരണമാകുമെന്നും ശബരിനാഥൻ ചോദിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത് ' അക്കൗണ്ടിൽ വരാൻ പോകുന്ന 15 ലക്ഷത്തിന്റെ' മറ്റൊരു പതിപ്പാണോ സംവരണമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1) NSSO, ഇൻകം ടാക്സ് രേഖകൾ പ്രകാരം ഭാരതത്തിലെ 95% കുടുംബങ്ങളുടെയും വാർഷിക വരുമാനം ഇന്നലെ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണ മാനദണ്ഡമായ 8 ലക്ഷം രൂപയിൽ താഴെയാണ്.

2) ഇന്ത്യയുടെ Per Capita Income ഏകദേശം 1.25 ലക്ഷം രൂപയാണ്,എന്നുവച്ചാൽ അഞ്ച്‌ അംഗങ്ങളുള്ള ഒരു കുടുംബത്തിന് 6.25 ലക്ഷം പ്രതി വർഷ വരുമാനം.ഇതും സാമ്പത്തിക സംവരണത്തിനു മാനദണ്ഡമായ 8 ലക്ഷം രൂപയുടെ താഴെയാണ്.

3) ഇന്ത്യയിൽ 86% ജനങ്ങക്കും സാമ്പത്തിക സംവരണ മാനദണ്ഡമായ 5 ഏക്കറിനു താഴെയുള്ള ഭൂമിയാണ് ഉള്ളത്.

ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ കേന്ദ്രസർക്കാർ പറയുന്ന സാമ്പത്തിക അടിസ്ഥാനത്തിനുള്ള സംവരണത്തിന് ഇന്ത്യയിലെ എല്ലാ ആളുകൾക്കും കിട്ടും.എല്ലാവർക്കും കിട്ടുകയാണെങ്കിൽ അതെങ്ങനെ സംവരണമാകും? അപ്പോൾ പിന്നെ ഇത് കഴിഞ്ഞ ലോകസഭ ഇലക്ഷൻ സമയത്ത് മോദിജി വാഗ്ദാനം ചെയ്ത് ' അക്കൗണ്ടിൽ വരാൻ പോകുന്ന 15 ലക്ഷത്തിന്റെ' മറ്റൊരു പതിപ്പാണോ ? ഉത്തരമുണ്ടോ?

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA