ആലപ്പുഴ:തൊള്ളായിരത്തിലേറെ രൂപ കൊടുത്ത് വീട്ടമ്മമാർ ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ, കായലിലെ പോളയും പായലുംകൊണ്ട് വാതകം നിർമ്മിച്ച് പാചകം ചെയ്യുകയാണ് മുഹമ്മ കണ്ണങ്കരയിലെ കരിയിൽ കനക നിവാസിൽ ജയറാമിന്റെ ഭാര്യ പ്രീതി. വീട്ടിനടുത്ത് ജലാശയങ്ങളിലെ പോളയും ആഫ്രിക്കൻ പായലും പഞ്ചായത്തുകൾ വാരിക്കളയരുതേ എന്നാണ് ഇപ്പോൾ പ്രീതിയുടെ പ്രാർത്ഥന.
ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുന്ന പലരും ജൈവമാലിന്യം തികയാത്തതിനാൽ ഗ്യാസ് സിലിണ്ടറിലേക്കുതന്നെ തിരിയുകയാണ് പതിവ്. പ്രീതിയും അങ്ങനെ ചെയ്തു. പാഴ് വസ്തുപോലെ കിടന്ന പ്ളാന്റ് നാട്ടുകാരനും ബിസിനസുകാരനുമായ ജി. അനുരൂപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വഴിത്തിരിവായത്. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം പായൽ ഇട്ടാൽ മതിയെന്ന് അനുരൂപ് ഉപദേശിച്ചു. പരീക്ഷിച്ചപ്പോൾ കിട്ടിയത് മേൻമകൂടിയ ഗ്യാസ്. സിലിണ്ടർ ഗ്യാസിലേതുപാേലെ നീല ജ്വാല. സാധാരണ ബയോഗ്യാസ് കത്തുമ്പോൾ ചുവപ്പും മഞ്ഞയും കലർന്ന ജ്വാലയാണ്. ഭർത്താവും അമ്മയും രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബത്തിന് വിഭവങ്ങൾ തയ്യാറാക്കാൻ പായൽ ഗ്യാസ് ധാരാളം.
ഐഡിയ വന്ന വഴി
കുളവാഴയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാമെന്ന ആലപ്പുഴ എസ്.ഡി കോളേജ് സുവോളജി പ്രൊഫസർ ഡോ. ജി. നാഗേന്ദ്രപ്രഭുവിന്റെ കണ്ടെത്തലാണ് പൂർവ വിദ്യാർത്ഥിയും സാമൂഹിക സംരംഭങ്ങളിൽ പങ്കാളിയുമായ ജി. അനുരൂപിനെ പായൽ ജ്വാലയെക്കുറിച്ച് ചിന്തിപ്പിച്ചത്. പ്ളാന്റ് സ്ഥാപിക്കാൻ പ്രദേശത്തെ മറ്റു വീട്ടുകാരെയും ഉപദേശിക്കുകയാണീ യുവാവ്.
ഉത്പാദനം
ടാങ്കിന്റെ മുക്കൽ ഭാഗത്തോളം ചാണകം കലക്കി അരിച്ചൊഴിച്ച് വെള്ളവും ചേർത്ത് അഞ്ച് ദിവസത്തോളം അടച്ച് വയ്ക്കണം. ഗ്യാസ് വന്ന് തുടങ്ങിയാൽ പായലും പോളയും അരിഞ്ഞ് നിക്ഷേപിക്കാം. അരിയും പച്ചക്കറിയും കഴുകിയ വെള്ളം ഒഴിക്കാം. പായൽ മൂന്നു ദിവസം കൊണ്ട് മീഥൈൻ ഗ്യാസാവും. മുട്ടത്തോട്, ഉള്ളിത്തൊലി, നാരങ്ങാത്തോട് എന്നിവയിടരുത്. ചേമ്പില, ശീമക്കൊന്നയില തുടങ്ങിയവ ഉപയോഗിക്കാം.
പ്ലാന്റ് വില
11000 രൂപ: 500 ലിറ്റർ പ്ലാന്റിന്
17000 രൂപ: കൺസീൽഡ് മോഡലിന്.സർക്കാർ സബ്സിഡിയുണ്ട്.
വിദേശത്ത്
ചൈനയിൽ പായൽ ഗ്യാസ് പ്രത്യേക ബലൂണുകളിൽ നിറച്ച് പാചക വാതകമായി വിൽക്കുന്നു
ജർമ്മനിയിലും സ്വീഡനിലും ബയോഗ്യാസ് വാഹന ഇന്ധനമായി ഉപയോഗിക്കുന്നു
ഇന്ത്യയിൽ
ബയോഗ്യാസ് പ്ളാന്റുകൾ സ്ഥാപിച്ച് വാഹന ഇന്ധനം ഉല്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ
"26 വർഷമായി കായൽത്തീരത്താണ് താമസമെങ്കിലും പായൽ ഉപകാരിയാകുമെന്ന് ചിന്തിച്ചിരുന്നില്ല"
പ്രീതി ജയറാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |