SignIn
Kerala Kaumudi Online
Friday, 29 March 2024 3.29 PM IST

കരിമണലിലൂടെ കുതിപ്പിന് കേന്ദ്രം; നിലപാടെടുക്കാതെ കേരളം

black-sand

തിരുവനന്തപുരം: രാജ്യത്തിന്റെ വളർച്ചയുടെ ഗതിനിർണ്ണയിക്കാനുതകുന്ന കരിമണലിനെ സ്വകാര്യ പങ്കാളിത്തത്തോടെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ നീങ്ങുമ്പോൾ,​ കൃത്യമായ നിലപാടെടുക്കാതെ സംസ്ഥാനം നിലകൊള്ളുന്നത് കേരളത്തിന് വലിയ നഷ്ടമാവുമെന്ന് ആശങ്ക. സംസ്ഥാനത്തിന്റെ വൻവികസനത്തിന് വഴിതുറക്കുമായിരുന്ന ധാതുസമ്പത്ത് ആർക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്.

കരിമണലിൽ നിന്ന് ധാരാളമായി കിട്ടും ആണവ ഇന്ധനമായ തോറിയവും ഇലക്ട്രോണിക്സ് വ്യവസായത്തിന് അത്യന്താപേക്ഷിതമായ മൈക്രോചിപ്പ് നിർമ്മിക്കാനാവശ്യമായ സിലിക്കണും. തോറിയം വേർതിരിച്ചെടുക്കാവുന്ന മോണോസൈറ്റും സിലിക്കൺ വേർതിരിച്ചെടുക്കാവുന്ന ഗാർനെറ്റുംകൊണ്ട് സമ്പുഷ്ടമാണ് കേരളതീരത്തെ കരിമണൽ. കരിമണലിൽ സിലിക്കൺ അയിരായ സിലിക്കൺഡയോക്സൈഡിന്റെ സാന്നിദ്ധ്യം 96.5 ശതമാനം വരെയുണ്ടെന്ന് കേന്ദ്ര ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വാൻസ്ഡ് ഇൻഫർമേഷൻ റിസർച്ച് പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ കരിമണൽ ഖനനത്തിൽ കാര്യമായി ഒന്നും ചെയ്യാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആധുനിക സാങ്കേതികവിദ്യകൾ ശരിയായി പ്രയോജനപ്പെടുത്താൻ ശേഷിയുള്ള സ്വകാര്യമേഖലയെ അകറ്റിനിറുത്തുന്ന നിലപാടാണ് സംസ്ഥാനത്തുള്ളത്.

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്, കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളാണിവിടെ പ്രവർത്തിക്കുന്നത്. സ്വകാര്യ കമ്പനികളെക്കൂടി ഉൾപ്പെടുത്തി ഉത്പാദനം വിപുലമാക്കാനും നിയന്ത്രണത്തിൽ പങ്കാളിത്തം ഏറ്റെടുക്കാനുമാണ് കേന്ദ്രനീക്കം. നിലവിൽ സംസ്ഥാനത്തിന് മാത്രമാണ് നിയന്ത്രണാധികാരം. പൊതുമേഖലാസ്ഥാപനങ്ങൾക്ക് മാത്രമാണ് ഖനനാധികാരം.

 നമുക്കുള്ളത് രജ്യം വാങ്ങുന്നു

രാജ്യത്തിന്റെ വികസനത്തിൽ വഴിമുടക്കിയാണ് സെമികണ്ടക്ടർ അപര്യാപ്തത. തായ്‌വാൻ, കൊറിയ, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് ആവശ്യമായ സെമികണ്ടക്ടറുകളും ചിപ്പുകളും ഇറക്കുമതി ചെയ്യുന്നത്. പ്രതിവർഷം 4.79ലക്ഷം കോടിരൂപയുടെ ചിപ്പുകളും സെമികണ്ടക്ടറുകളുമാണ് വാങ്ങുന്നത്. വൻവ്യവസായവികസനം ലക്ഷ്യമിട്ട് ഇന്ത്യയിൽ തന്നെ മൈക്രോചിപ്പ് ഉത്പാദനം തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. 1.70ലക്ഷം കോടിയുടെ നിക്ഷേപമാണ് രാജ്യം ഇൗ മേഖലയിൽ പ്രതീക്ഷിക്കുന്നത്.

 ക്രിട്ടിക്കൽ ധാതുക്കൾ

കേന്ദ്ര ഇടപെടലിന് വഴിയൊരുക്കി കേന്ദ്രനിയമമായ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ടിൽഭേദഗതിവരുത്തി മേയ് 25ന് കരട് പ്രസിദ്ധീകരിച്ചു. നിയമഭേദഗതിയിലൂടെ കരിമണലിൽ നിന്ന് കിട്ടുന്ന ധാതുക്കൾ ആണവധാതുക്കളുടെ പട്ടികയിൽ നിന്ന് ക്രിട്ടിക്കൽ ധാതുക്കളുടെ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ, ഇതുവരെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. 15ന് അറിയിക്കുമെന്നാണ് വ്യവസായവകുപ്പ് മന്ത്രിയുടെ ഒാഫീസിൽ നിന്ന് അറിയുന്നത്.

 എതിർപ്പ്, ആശങ്ക

സംസ്ഥാനത്തിന്റെ എതിർപ്പ് രൂക്ഷമായാൽ അത് ഖനനത്തെ പ്രതികൂലമായി ബാധിക്കും. ഇതോടെ ഗൾഫിലെ എണ്ണനിക്ഷേപം പോലെ കേരളത്തിന്റെ സമഗ്രവികസനത്തിന് പ്രയോജനപ്പെടുമായിരുന്ന പ്രകൃതിവിഭവം ആർക്കും ഗുണകരമാകാതെ നശിക്കുമെന്നാണ് വ്യവസായലോകത്തിന്റെ ആശങ്ക.

 കരിമണൽ

ഇൽമനൈറ്റ്, ബ്രൗൺ ഇൻമനൈറ്റ് അല്ലെങ്കിൽ ലൂകോസീൻ, മോണോസൈറ്റ്,സിൽമനൈറ്റ്,റൂട്ടൈൽ,സിർക്കോൺ,ഗാർനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണാണ് കരിമണൽ. കൊല്ലം,ആലപ്പുഴ ജില്ലകളുടെ 150കിലോമീറ്റർ കടൽതീരത്ത് കാണപ്പെടുന്നു. ഇതിൽ നിന്ന് ടൈറ്റാനിയം, തോറിയം, ആണവനിലയങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, സിലിക്കോൺ തുടങ്ങിയവ വേർതിരിച്ചെടുക്കാം. പെയിന്റിംഗ്,തുണിത്തരങ്ങൾ,പ്ളാസ്റ്റിക്,റബർ ഉത്പന്നങ്ങൾ തുടങ്ങി യുദ്ധോപകരണങ്ങളും ബഹിരാകാശ പേടകങ്ങളും റോക്കറ്റുംവരെ നിർമ്മിക്കാൻ ഇതുപയോഗിക്കുന്നു.127ദശലക്ഷം ടൺ ധാതുസമ്പന്നമായ മണലുണ്ടെന്നാണ് കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK SAND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.