പൂർണത്രയീശന്റെ നടയിലും പൂണൂലില്ലെങ്കിൽ പുണ്യാഹം

ടി.കെ.സുനിൽകുമാർ | Friday 21 December 2018 10:44 PM IST
temple

കൊച്ചി:പൂണൂലില്ലെങ്കിൽ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തും. ഇവിടെയും വേണ്ടേ ഒരു നവോത്ഥാനം. പ്രശസ്തമായ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിൽ ബ്രാഹ്മണർ മാത്രം നമസ്‌കരിച്ചാൽ മതിയെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട്.

മണ്ഡപത്തിൽ അബ്രാഹ്മണൻ കയറാൻ ശ്രമിച്ചാൽ പരസ്യമായി ജാതിപറഞ്ഞ് ആക്ഷേപിച്ച് ഓടിക്കും. അറിഞ്ഞോ അറിയാതെയോ കയറിപ്പോയാൽ പുണ്യാഹം തളിച്ച് ശുദ്ധിക്രിയയും നടത്തും. ഇത് ലംഘിക്കാതിരിക്കാൻ ഒരു ജീവനക്കാരന്റെ കാവലുമുണ്ട്. മണ്ഡപത്തിന് ചുറ്റും വടംകെട്ടി അടച്ചു. വടം അഴിച്ചിട്ട തെക്കുഭാഗത്തെ ചെറിയ വിടവിൽ കൂടി മാത്രമേ മുകളിലേക്ക് കയറാനാകൂ. നിയമവിരുദ്ധമായതിനാലാകാം അബ്രാഹ്മണ നിരോധനം അവിടെ എഴുതി വച്ചിട്ടില്ല. വിവരാവകാശ ചോദ്യങ്ങൾക്ക്, പ്രവേശനത്തിന് കീഴ്‌വഴക്കപ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടെന്ന് മാത്രമാണ് മറുപടി. ഇടത് - വലതു സർക്കാരുകളുടെ ദേവസ്വം ബോർഡുകളൊന്നും ഈ അനാചാരം മാറ്റാൻ ചെറുവിരലനക്കിയിട്ടുമില്ല.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ മറ്റ് ചില പ്രമുഖ ക്ഷേത്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സമാനമായ നിയന്ത്രണങ്ങൾ ഉണ്ട്. രണ്ടുവർഷം മുമ്പ് എറണാകുളം ശിവക്ഷേത്രത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ നമസ്‌കാര മണ്ഡപത്തിൽ ശാന്തിക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

2015ൽ പൂർണത്രയീശ ക്ഷേത്ര മണ്ഡപത്തിൽ നമസ്‌കരിക്കാൻ ശ്രമിച്ച പി.എസ്. ബാബുറാം എന്ന ഭക്തനെ ദേവസ്വം ജീവനക്കാരൻ അപമാനിച്ചിരുന്നു.ശിവഗിരി തീർത്ഥാടന കമ്മിറ്റി മുൻ കൺവീനർ കൂടിയായ അദ്ദേഹത്തിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് മൊഴിയെടുത്തെന്ന് മാത്രം. വേറെ ഒന്നും സംഭവിച്ചില്ല.

കൊച്ചിൻ ദേവസ്വം ബോർഡിൽ ഈ മാസം നിയമിതരായ 70 ശാന്തിക്കാരിൽ 54 പേരും അബ്രാഹ്മണരാണ്. ഇവർ പ്രധാന ക്ഷേത്രങ്ങളിലൊന്നും എത്താതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഒരു വിഭാഗം ഉന്നത ദേവസ്വം ഉദ്യോഗസ്ഥരും പ്രമുഖ ക്ഷേത്രങ്ങളുടെ ഉപദേശക സമിതി അംഗങ്ങളിലെ ചിലരും. ഒരു മാസം മുമ്പ് പ്രധാന ക്ഷേത്രമായ ആറാട്ടുപുഴയിൽ പുതുതായി നിയമിതനായ എ.വി. ആദർശ് എന്ന സംബന്ധി (മാരാർ) അമ്പലവാസിയല്ലാത്തതിനാൽ ഊരകം ക്ഷേത്രത്തിലേക്ക് മാറ്റി ദേവസ്വം കമ്മിഷണർ ഉത്തരവിറക്കി. അവിടെയും അദ്ദേഹം സ്വീകരിക്കപ്പെട്ടില്ല.

 പുതിയ കൊച്ചിൻ ദേവസ്വം ബോർഡ് ചുമതലയേൽക്കുന്നതേയുള്ളൂ. ഇതിൽ ഉടൻ പരിഹാരമുണ്ടാക്കും.

എം.കെ. ശിവരാജൻ

ദേവസ്വം ബോർഡംഗം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA