പാലക്കാട്: കറി മസാലകളിലെ മായം ചേർക്കൽ അപകടകരമായ തോതിൽ വർദ്ധിക്കുകയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളിൽ കണ്ടെത്തി. കേടാകാതിരിക്കാൻ മാരകമായ രാസവസ്തുക്കൾ ചേർക്കുന്നതിന് പുറമെ തൂക്കം കൂട്ടാൻ മായവും കലർത്തുന്നു.
തലച്ചോറും വൃക്കയും തകരാറിലാക്കാനും കാൻസർ പിടിപെടാനും ഈ രാസവസ്തുക്കൾ ഇടവരുത്തും.
ബൈപെന്ത്രിൻ, ക്ലോപെരിപോസ്, ട്രയോനോഫോസ്, ക്വിനോൻഫോസ്, എത്തിയോൺ തുടങ്ങിയവയാണ് കറിപ്പൊടികൾ കേടാകാതിരിക്കാൻ കലർത്തുന്നത്.
ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തിയതിന് 2021ൽ മാത്രം സംസ്ഥാനത്ത് 890 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർചെയ്ത (225) പാലക്കാട് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചായപ്പൊടി എന്നിവയിൽ അമിത കീടനാശിനി സാന്നിദ്ധ്യവും വൻപയർ, വെളിച്ചെണ്ണ, പാൽ, തേൻ, പട്ടാണി തുടങ്ങിയവയിൽ മാരകമായ രാസവസ്തുക്കളും കണ്ടെത്തിയിരുന്നു. പായ്ക്കറ്റ് ഉത്പന്നങ്ങളിൽ ഒരു കിലോഗ്രാമിന് പരമാവധി 0.01 മില്ലി ഗ്രാം വരെ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമാണ്. പാലക്കാട്ട് മിക്ക ഉത്പന്നങ്ങളിലും 0.6 മില്ലി ഗ്രാം വരെയായിരുന്നു കീടനാശിനിയുടെ സാന്നിദ്ധ്യം.
ചോക്കുപൊടി മുതൽ പപ്പായക്കുരു വരെ
ചോക്ക് പൊടി, യെല്ലോ സോപ്പ് സ്റ്റോൺ പൗഡർ, മെറ്റാനിൽ യെല്ലോ എന്നിവയാണ് മഞ്ഞൾപൊടിയിൽ കലർത്തുന്നത്. കുരുമുളകിൽ പപ്പായക്കുരു ചേർക്കും. കടുകിൽ ആർഗുമോൺ സസ്യത്തിന്റെ കുരുവാണ് ചേർക്കുന്നത്. കറിമസാലകളിൽ സ്റ്റാർച്ച് കലരാൻ പാടില്ല. പക്ഷേ, 90% കറിപ്പൊടികളിലും സ്റ്റാർച്ച് അമിതമായി കലർത്തിയിട്ടുണ്ട്.
`മായം കലർന്നവ പിൻവലിക്കാൻ കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം തടവും ലഭിക്കാവുന്ന കുറ്റമാണ്. കമ്പനി ഉടമകൾക്കും കർഷകർക്കും ബോധവത്കരണം നൽകും'.
- പി.കെ.പ്രദീപ് കുമാർ, അസി. കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്
മായം കൂടുതൽ പാലക്കാട്ടും കോഴിക്കോട്ടും (2021ലെ കേസുകൾ)
പാലക്കാട്- 225
കോഴിക്കാട്- 147
എറണാകുളം- 87
തൃശൂർ- 87
കോട്ടയം- 64
കൊല്ലം- 63
ആലപ്പുഴ- 44
പത്തനംതിട്ട- 38
കണ്ണൂർ- 33
ഇടുക്കി- 32
കാസർകോട്- 26
തിരുവനന്തപുരം- 22
മലപ്പുറം- 16
വയനാട്- 06
വിഷം കൂടുതൽ സുഗന്ധവ്യഞ്ജനത്തിൽ (വിഷാംശം ശതമാനം)
സുഗന്ധവ്യഞ്ജനം- 40
പച്ചക്കറി- 28.04
പഴവർഗം - 22.66
ഉണങ്ങിയ പഴങ്ങൾ- 16.67
(കാർഷിക സർവകലാശാല വാർഷിക റിപ്പോർട്ട് പ്രകാരം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |