ചുരയ്ക്കയിലുണ്ട് സംഗീതം !

വീണാ വിശ്വൻ | Sunday 23 December 2018 12:00 AM IST
anish
വീട്ടുമുറ്റത്ത് വിളഞ്ഞ ചുരയ്ക്കയുമായി അനീഷ്

കൊല്ലം: തോരനോ കറിയോ തയ്യാറാക്കാൻ ചുരയ്ക്ക കൈയിലെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വെറുതേ ചെത്തിക്കളയാനുള്ളതല്ല അതിന്റെ പുറം തോൽ. സംഗീത സാദ്ധ്യതയും ചുരയ്ക്കയിൽ ഒളിഞ്ഞിരിപ്പുണ്ട്. വീണ, തംബുരു, സിത്താർ എന്നിവയുടെ കുടം നിർമ്മിക്കാൻ 'റിപ്പ് ബോട്ടിൽ ഗൗർഡ് ' എന്നയിനം ചുരയ്ക്കയുടെ തോട് ഉപയോഗിക്കാം.
അഞ്ചൽ കോമളം ദ്വാരകയിൽ അനീഷ് എൻ. രാജ് ഈ സാദ്ധ്യതയ്ക്ക് പിറകേയാണ്. ആള് ചില്ലറക്കാരനല്ല. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയതാണ് ഈ കോമേഴ്സ് ബിരുദധാരി. കൃഷിവകുപ്പിന്റെ ഈ വർഷത്തെ 'ഹൈടെക് ഫാർമർ" അവാർഡും അനീഷ് കീശയിലാക്കി. പോളി ഹൗസ്, അക്വാപോണിക്‌സ്, ഹൈട്രോപോണിക്‌സ്, വിക്ക് ഇറിഗേഷൻ എന്നിവയിലൂടെ വേറിട്ട രീതിയിലാണ് കൃഷി. വീടിനോടു ചേർന്നുള്ള 25 സെന്റിൽ ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും തഴച്ചു വളരുന്നു. ഇതിനടുത്തായി കുളംകുഴിച്ച് മീൻ വളർത്തലും തുടങ്ങി.
ചുരയ്ക്കയെ ചുരങ്ങയെന്നും നാട്ടിൻപുറങ്ങളിൽ വിളിക്കാറുണ്ട്. തൊണ്ണൂറു ശതമാനത്തോളവും ജലാംശമുള്ള ഇതിൽ കൊഴുപ്പ് നന്നേ കുറവാണ്. നീളം കൂടിയവ, കുറുകിയവ എന്നിങ്ങനെ പലതരത്തിലുണ്ട്. റിപ്പ് ബോട്ടിൽ ഗൗർഡിന്റെ വിത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരനായ സുഹൃത്ത് കൊൽക്കത്ത സന്ദർശനത്തിനിടെ ശേഖരിച്ച് അനീഷിന് നൽകിയതാണ്. വലിയ പന്തലിട്ട് പടർത്തിയാണ് വളർത്തുന്നത്. ആരോഗ്യമുള്ള കായ്കൾ മാത്രം വള്ളിയിൽ നിറുത്തി മറ്റുള്ളവ നുള്ളിക്കളയണം. തൂങ്ങിക്കിടക്കാത്ത വിധം മുള കൊണ്ടോ, മരക്കമ്പുകൾ കൊണ്ടോ ഇരിപ്പിടം കെട്ടി സംരക്ഷിക്കണം. 30 കിലോവരെ തൂക്കം വയ്ക്കും.

വിളഞ്ഞ ചുരയ്ക്കയുടെ പുറംതോടിന് നല്ല കട്ടിയാണ്. ഉള്ളിലെ മൃദുവായ ഭാഗം മുഴുവൻ ചുരണ്ടിയെടുത്ത് ഉണക്കുമ്പോൾ തോട് കടുകട്ടിയാവും. പിന്നെ നിറമടിച്ച് ഭംഗിയാക്കിയാണ് സംഗീതോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. വീട്ടിൽ തന്നെ സിത്താറും വീണയും ഉണ്ടാക്കാനാണ് അനീഷ് ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA