ചരിത്ര രേഖകൾ തേടി 'എഴുത്തോല'

എൻ.പി.മുരളീകൃഷ്ണൻ | Monday 31 December 2018 3:00 AM IST

ezhuth

തിരുവനന്തപുരം: കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങൾ അന്വേഷിക്കാനും കണ്ടെത്തി സംരക്ഷിക്കുന്നതിനും പുരാരേഖാ വകുപ്പ് നവമാദ്ധ്യമങ്ങളുടെ സാധ്യത തേടുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് 'എഴുത്തോല' എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചാണ് ചരിത്രരേഖകൾ അന്വേഷിക്കുന്നത്. ചരിത്രം കൃത്യമായി ആളുകളിലേക്ക് എത്തിക്കാനാണ് എഴുത്തോല ലക്ഷ്യമിടുന്നത്. പ്രാദേശികമായ ചരിത്രരേഖകളും ചരിത്രവസ്തുക്കളും കണ്ടെത്താനും കൈമാറാനും ഇതിലൂടെ സാധിക്കും.

പ്രളയത്തിൽ കുതിർന്ന രേഖകൾ ശേഖരിക്കാനും ഗ്രൂപ്പ് സഹായകമാകുമെന്നാണ് പ്രതീക്ഷ. എല്ലാ ജില്ലകളിലും ഒരേ പേരിലായിരിക്കും ഗ്രൂപ്പ് ഉണ്ടാവുക. അവയെ തിരിച്ചറിയാൻ വ്യത്യസ്തമായ നിറങ്ങളും കോഡുകളും ഉണ്ടാകും. ലഭിക്കുന്ന രേഖകൾ പുരാവസ്തു വകുപ്പ് സൂക്ഷിക്കും.

പുരാരേഖാ വകുപ്പിന്റെ ജില്ലാ കോ-ഓർഡിനേറ്റർമാരായിരിക്കും ഗ്രൂപ്പിന്റെ അഡ്മിൻ.14 ജില്ലയിലെയും ഗ്രൂപ്പുകൾ ഏകോപിപ്പിക്കാൻ പുരാരേഖ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകും.

വിദ്യാർത്ഥികളും അദ്ധ്യാപകരും അംഗങ്ങൾ

സ്‌കൂളുകളിലെ ഹെറിറ്റേജ് ക്ലബുകൾ വഴി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഗ്രൂപ്പ് പ്രവർത്തിക്കുക. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഹെറിറ്റേജ് ക്ലബുകൾ പ്രവർത്തിക്കും. നിലവിൽ 300 ഹെറിറ്റേജ് ക്ലബുകളാണുള്ളത്. കൂടുതൽ ക്ലബുകൾ ആരംഭിക്കാനാണ് എല്ലാ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ നിയമിച്ചിരിക്കുന്നത്. ഹെറിറ്റേജ് ക്ലബ് അംഗങ്ങൾക്ക് പരിശീലനവും നൽകും. ക്ലബിലെ അംഗങ്ങൾ,വിദ്യാർത്ഥികൾ, അദ്ധ്യാപകർ,ചരിത്രകാരൻമാർ തുടങ്ങി പരമാവധി ആളുകളെ ഉൾപ്പെടുത്തിയാകും ഗ്രൂപ്പ്. ഒരു സ്‌കൂളിന് 20,000 രൂപ വകുപ്പ് ഗ്രാന്റ് നൽകും.ചരിത്രരചനയ്ക്കും പ്രോജക്‌ടുകൾ ചെയ്യുന്നതിനുമാണ് ഈ തുക.

വയനാടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിൽ എഴുത്തോലയ്ക്ക് തുടക്കമിട്ട് രേഖകൾ ശേഖരിക്കാനും വിവരങ്ങൾ കൈമാറാനും തുടങ്ങി.എല്ലായിടത്തും വൈകാതെ ഇത് സജീവമാകും.

-പി.ബിജു, പുരാരേഖ വകുപ്പ് ഡയറക്ടർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA