ആലപ്പുഴ: ഉഗാണ്ടയുടെ പ്രസിഡന്റ്, അമേരിക്കയിലെ സംസ്ഥാനങ്ങൾ, ശ്രീനാരായണ ഗുരുദേവന്റെ പത്ത് വചനങ്ങൾ, ലോക രാജ്യങ്ങളും തലസ്ഥാനങ്ങളും ... ചെട്ടികാട് കടപ്പുറത്ത് അച്ഛന്റെ കൈപിടിച്ച് നടക്കുന്ന എട്ടു വയസുകാരൻ ഗുഡ്മാനോടാണ് ചോദ്യമെങ്കിൽ ഇതാ പിടിച്ചോയെന്ന മട്ടിൽ തരും മറുപടി. ഖുർആനെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ഭഗവദ്ഗീതയെക്കുറിച്ചുമൊക്കെ കുട്ടി പറയും ആധികാരികമായി.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ ട്യൂട്ടോറിയൽ അദ്ധ്യാപകൻ പാതിരപ്പള്ളി കൊച്ചിക്കാരൻ വീട്ടിൽ ബോണിയുടെയും കാതറിന്റെയും മൂത്ത മകനാണ് ചെട്ടികാട് എസ്.സി.എം.വി യു.പി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ ഗുഡ്മാൻ.അവന്റെ ലോകം കളിചിരികളുടേതു മാത്രമല്ലെന്ന് ബോദ്ധ്യമായ ബോണിയാണ് കഴിവുകൾ പന്തലിക്കാൻ വഴിതെളിച്ചത്. പറഞ്ഞു കൊടുക്കുന്നതും കണ്ടുപഠിക്കുന്നതും ഗുഡ്മാൻ മറക്കുന്നില്ലെന്ന് ബോദ്ധ്യമായപ്പോൾ ആദ്യം വിസ്മയിച്ചു. അവൻ പഠിച്ചു മുന്നേറിയപ്പോൾ മാതാപിതാക്കൾ പിന്നിലായി!
കേരളത്തിന്റെ അടിസ്ഥാനവിവരങ്ങൾ, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും, പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, ഇംഗ്ലീഷ് ഗ്രാമർ, 118 മൂലകങ്ങളും മാസ് നമ്പരും, സിംബൽ, ശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും... ഗുഡ്മാന്റെ അറിവിന്റെ ലോകം വിപുലം.
കേരളത്തിലെ 83 കവികളുടെ പേര് ഒരുമിനിട്ടിൽ പറഞ്ഞ് അടുത്തിടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഇടംനേടി.
മതം സ്നേഹം, ജാതി മനുഷ്യൻ
ഗുഡ്മാൻ കേംബ്രിഡ്ജ് സർവകലാശാലയിൽ അദ്ധ്യാപകനാകുന്നതാണ് ബോണി കാണുന്ന സ്വപ്നം. പഠനകാലത്ത് വായിച്ച 'ദി കമ്പനി മാൻ' എന്ന ഉപന്യാസത്തിന്റെ രചയിതാവ് എല്ലെൻ ഗുഡ്മാന്റെ പേരിനോട് തോന്നിയ ഇഷ്ടമാണ് മകന് ഗുഡ്മാൻ എന്ന് പേരിടാൻ കാരണം. മകനെ സ്കൂളിൽ ചേർത്തപ്പോൾ മതത്തിന്റെ കോളത്തിൽ സ്നേഹമെന്നും ജാതിയുടെ കോളത്തിൽ മനുഷ്യനെന്നുമാണ് എഴുതിയത്. എം.എ ഇംഗ്ളീഷ് ബിരുദധാരിയാണ് ബോണി. ഇളയ മകന്റെ പേര് ഗോഡ്മാൻ
ബൈഡന് വീഡിയോ
ഹിരോഷിമ ദിനത്തോടനുബന്ധിച്ച്, ആണവായുധങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീഡിയോ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുഡ്മാൻ. അമേരിക്കയെ സംബന്ധിച്ചുള്ള തന്റെ അറിവുകളും ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |