രോഗം അവശനാക്കിയ ജീവനക്കാരന് വനംവകുപ്പിൽ വന്യമായ നടപടി

കെ.എസ്.അരവിന്ദ് | Sunday 23 December 2018 12:56 AM IST
forest

തിരുവനന്തപുരം: വനംവകുപ്പിൽ 16വർഷമായി ജോലിനോക്കുന്ന ജീവനക്കാരന് മാരകമായ കരൾരോഗമാണെന്ന് അറിഞ്ഞതോടെ ഉടൻ പിരിച്ചുവിടണമെന്ന് മേലധികാരിയുടെ നിർദ്ദേശം. പറമ്പിക്കുളം ഫോറസ്റ്റ് ഡിവിഷനിലെ തുങ്കം റേഞ്ച്‌ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ കെ.ഹരിദാസിനോടാണ് അധികാരിയുടെ നിർദ്ദയ നടപടി.

2008ലാണ് ഹരിദാസിന് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട പരിശീലനം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജോലിക്ക് യോഗ്യനല്ലെന്ന് കാണിച്ചാണ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്.ഗോപാലകൃഷ്ണൻ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഹരിദാസിനെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. വിരമിക്കാൻ മൂന്നു വർഷം മാത്രം ശേഷിക്കുന്ന ഹരിദാസിന്‌ ക്ഷയരോഗവും ലിവർസിറോസിസും കാരണമാണ് പരിശീലനം പൂർത്തിയാക്കാൻ കഴിയാതായത്. കഴിഞ്ഞവർഷം നവംബറിൽ ഹരിദാസിന്റെ ഭാര്യയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചതോടെ നാലുവയസുള്ള മകളെക്കുറിച്ചോർത്ത് വേദനിക്കുന്ന കുടുംബത്തിന് ഇരുട്ടടിയായി ഈ നടപടി.

കഴിഞ്ഞമാസം 12നാണ് പുതിയ ബാച്ചിനൊപ്പം ഹരിദാസിനെയും പരിശീലനത്തിന് അയച്ചത്. ആദ്യദിവസംതന്നെ അവശനായ ഹരിദാസ്‌ ക്യാമ്പിൽ കുഴഞ്ഞുവീണു. പൊലീസ് അക്കാഡമി ക്ലീനിക്കിലെ ഡോക്ടർമാർ ക്ഷയവും ലിവർസിറോസിസും സ്ഥിരീകരിച്ച് മടക്കി അയച്ചു. ഇതിനുപിന്നാലെയാണ് പിരിച്ചുവിടാനുള്ള നിർദ്ദേശം നൽകിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെന്ന നിലയിൽ ജോലിചെയ്യാൻ ബുദ്ധിമുട്ടില്ലെന്നും പിരിച്ചുവിട്ട് കുടുംബത്തെ വഴിയാധാരമാക്കരുതെന്നും മേലധികാരിയോട് അപേക്ഷിച്ച് കാത്തിരിക്കുകയാണ് ഹരിദാസ്.

വിരമിക്കുന്നവർക്കും പരിശീലനം

റിസർവ് വാച്ചർ തസ്തികയിൽനിന്നു ബീറ്റ് ഫോറസ്റ്റായി സ്ഥാനകയറ്റം ലഭിക്കുന്നവർ സർവീസ് കാലയളവിനുള്ളിൽ പരിശീലനം പൂർത്തിയാക്കിയാൽ മതിയെന്നാണ് നിബന്ധന. 50 വയസ് കഴിഞ്ഞവർക്ക് പരിശീലനം നൽകരുതെന്നും ഉത്തരവുണ്ട്. 6മാസം വാളയാർ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിലും 3മാസം പൊലീസ് അക്കാഡമിയിലുമാണ് പരിശീലനം. 2009ൽ കണ്ണൂർ ഡിവിഷനിൽ വിരമിക്കാൻ രണ്ട്‌വർഷം ബാക്കിയുള്ള സെക്ഷൻ ഫോറസ്റ്ര് ഓഫീസർ കെ.ടി.രാജനെ പരിശീലനത്തിന് അയച്ചു. ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിൽവച്ച് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

"നിയമവശം പരിശോധിച്ച് മാനുഷിക പരിഗണന നൽകി മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ "

- പി.കെ.കേശവൻ

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA