SignIn
Kerala Kaumudi Online
Thursday, 25 April 2024 6.20 AM IST

സാമൂഹ്യ നീതിക്കായി ഇനിയും പോരാടും

vellapally

 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ വെള്ളാപ്പള്ളിയുടെ രജതജൂബിലി. ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

അവശതകളുടെ നടുക്കടലിൽ, ആട്ടും തുപ്പുമേറ്റ് പുറമ്പോക്കിലും പിന്നാമ്പുറത്തും കിടന്ന ഈഴവ സമുദായത്തെ നട്ടെല്ലുറപ്പോടെ ഒറ്റയാൾ പോരാട്ടത്തിലൂടെ കൈവെള്ളയിൽ ഉയർത്തിയ പോരാളിയാണ് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി-എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയെന്ന റെക്കാഡിന് ഉടമയുമായി. കഴിഞ്ഞ കാൽനൂറ്റാണ്ടിന് പറയാനുള്ളത് പോരാട്ടങ്ങളുടെ ചരിത്രം. സമുദായത്തിന്റെ ശക്തി സമാഹരിക്കാനും സാമൂഹ്യ നീതിക്കുമായി ഇനിയും പോരടിക്കുമെന്നും ലക്ഷ്യത്തിലെത്താൻ ഏറെ ദൂരമുണ്ടെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇന്ന് ചേർത്തല എസ്.എൻ കോളേജ് മൈതാനിയിൽ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിയുമ്പോൾ സാധാരണക്കാർക്ക് കരുതലും സ്‌നേഹവും പ്രദാനം ചെയ്യുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് മനസ്സു നിറയെ. നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത വെള്ളാപ്പള്ളി നടേശൻ 'കേരളകൗമുദി"ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്...

 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് 25 വർഷം പിന്നിടുമ്പോൾ ഇനിയെന്താണ് മനസ്സിൽ ?

  • അർഹതപ്പെട്ട അവകാശങ്ങളും അധികാരങ്ങളും ലഭിക്കാത്ത ഒരുപാട് പിന്നാക്ക ജനവിഭാഗങ്ങൾ ഇപ്പോഴുമുണ്ട്. ഈ വിഭാഗങ്ങൾക്ക് ഇന്നും സാമൂഹ്യ നീതി ലഭിച്ചിട്ടില്ല. അവർക്ക് രാഷ്‌ട്രീയ-സാമ്പത്തിക- വിദ്യാഭ്യാസ നീതി നേടുന്നതിന് വേണ്ടി തുടർന്നും പോരാടും. സമുദായശക്തി ആർജ്ജിച്ചുകൊണ്ട് അധികാര കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തി സാമൂഹ്യ നീതി നേടാൻ ശക്തമായി മുന്നോട്ടു പോകും.

 സാമൂഹ്യ നീതിക്കായുള്ള തുടർ പോരാട്ടങ്ങൾക്ക് പ്രത്യേക പദ്ധതികളുണ്ടോ ?

  • രാജ്യത്തെ ഭരണത്തിൽ പങ്കാളിത്തം ലഭിക്കുകയെന്നത് പരമമായ ലക്ഷ്യമാണ്. ഈ‌ഴവരാദി പിന്നാക്കക്കാർക്ക് ഒരിക്കലും ഭരണത്തിൽ അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലയിൽ അങ്ങേയറ്റം അവഗണനയാണ് നേരിടേണ്ടി വന്നത്. സാമ്പത്തിക കാര്യങ്ങളിൽ വേണ്ടത്ര പരിഗണനയോ പരിരക്ഷയോ സമുദായത്തിന് ലഭിക്കുന്നില്ല. വോട്ടു ബാങ്കായി നിലനിന്ന് സമുദായത്തിന് അർഹതപ്പെട്ടത് ഇനിയും നേടിയെടുക്കാനുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ചില നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. എസ്.എൻ.ഡി.പി യോഗം തുല്യനീതിക്കായി ശക്തമായി പോരാടും. യോഗത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്.

 ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ?

  • ലൈഫ് ഭവനപദ്ധതിയിൽ പലർക്കും സർക്കാർ വീട് നിർമ്മിച്ച് നൽകുന്നുണ്ട്. എന്നാൽ, നിയമക്കുരുക്കിൽ പലരും പുറത്താകുന്നു. അങ്ങനെയുള്ളവർക്ക് പരിരക്ഷ നൽകേണ്ടതുണ്ട്. നിരവധി സാധാരണക്കാർക്ക് ഇപ്പോഴും വീടില്ലെന്നത് അംഗീകരിക്കപ്പെടേണ്ട സത്യമാണ്. അവർക്ക് കൈത്താങ്ങായി അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയുന്ന പോലെ പാവപ്പെട്ടവർക്ക് യോഗം വീടുവച്ച് നൽകും. സമുദായത്തിന് പുറത്തുള്ള അർഹരായ പാവപ്പെട്ടവരെയും പരിഗണിക്കും.

 കഴിഞ്ഞ 25 വർഷം സംഘടനാരംഗത്ത് എന്ത് ചെയ്യാൻ കഴിഞ്ഞു ?

  • യോഗം ജനറൽസെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ 58 യൂണിയനുകളും 3,882 ശാഖകളുമാണുണ്ടായിരുന്നത്. ഇന്നത് 138 യൂണിയനുകളും 6,456 ശാഖകളുമായി മാറി. യോഗത്തിലെ അംഗങ്ങൾ 11 ലക്ഷത്തിൽ നിന്ന് 31 ലക്ഷത്തിലേക്ക് ഉയർന്നു. യൂണിയനുകൾക്കും ശാഖകൾക്കും ആസ്ഥാനമന്ദിരങ്ങൾ ഉയർന്നു. യോഗത്തിന്റെ ജീവനാഡിയായ കുടുംബ യൂണിറ്റുകൾ ഒന്നു പോലും ജനറൽ സെക്രട്ടറിയായപ്പോൾ ഇല്ലായിരുന്നു. ഇന്ന് 32,000ത്തിൽപരം കുടുംബയൂണിറ്റുകളുണ്ട്. പേരിനുമാത്രമുണ്ടായിരുന്ന പോഷക സംഘടനകളായ എസ്.എൻ.ഡി.പി. യൂത്ത്മൂവ്‌മെന്റും വനിതാസംഘവും രൂപവും ഭാവവും മാറി പ്രവർത്തനോന്മുഖമായി. ബാലജനയോഗം, കുമാരിസംഘം, കുമാരസംഘം, ശ്രീനാരായണ എംപ്ലോയീസ്‌ ഫോറം, ശ്രീനാരായണ വൈദിക യോഗം, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ, സൈബർസേന എന്നീ പോഷക സംഘടനകൾ നിലവിൽ വന്നു. കുടുംബജീവിതത്തിലേക്ക് കടക്കുന്ന യുവതീയുവാക്കൾക്ക് അറിവും തിരിച്ചറിവും പകരാൻ യൂണിയനുകളിൽ വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ ഏർപ്പെടുത്തി

 മനസ്സിലുള്ള സ്വപ്‌നം ?

  • സിവിൽ സർവീസ് രംഗത്ത് ഈഴവ സമുദായം വളരെ പിന്നിലാണ്. അവരെ അധികാരത്തിന്റെ തലപ്പത്ത് എത്തിക്കുക സ്വപ്‌നമാണ്. അധികാര കേന്ദ്രങ്ങളിൽ ഒപ്പിടാൻ പത്ത് ഈഴവരെങ്കിലുമുണ്ടാകണം. അതിനായി ഏതറ്റം വരെയും പോകും. ഭരണ നിർവ്വഹണമേഖലയിൽ സമുദായത്തിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു. സമുദായത്തിലെ സാമ്പത്തിക ശേഷിയില്ലാത്ത സമർത്ഥരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് കോച്ചിംഗ് നൽകും. കഴിഞ്ഞ വർഷം 20 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി. ഇത്തവണ 84 കുട്ടികളെയാണ് സിവിൽ സർവീസിനായി പരിശീലിപ്പിക്കുന്നത്.

 നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനമാണ് മൈക്രോ ഫിനാൻസിനുള്ളത്, പക്ഷേ, പേരുദോഷം ധാരാളം കേൾക്കേണ്ടി വന്നില്ലേ ?

  • അഞ്ചു പൈസ കട്ടിട്ടില്ല. സമുദായ അംഗങ്ങളുടെ ക്ഷേമവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് നടപ്പാക്കി. 10,000 കോടി രൂപയുടെ മൈക്രോഫിനാൻസ് വായ്പകളാണ് സാധാരണ ജനങ്ങളുടെ കൈകളിലെത്തിയത്. ഈ പദ്ധതിയുടെ വിതരണത്തിലും തിരിച്ചടവിലും ലോൺതുക പണമായി എസ്.എൻ.ഡി.പി യോഗത്തിന് എത്തുന്നില്ല. യൂണിയനുകൾ മുഖേന നടപ്പിലാക്കിയ പദ്ധതിയിൽ ചില യൂണിയൻ ഭാരവാഹികൾ കാട്ടിയ വീഴ്ചകൾ യോഗത്തെ അപകീർത്തിപ്പെടുത്താൻ സംഘടനാവിരുദ്ധ ശക്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും വിജയിച്ചില്ല. യോഗ നേതൃസ്ഥാനത്തേക്ക് എത്താൻ വി.എസ്. അച്യുതാനന്ദൻ ഒരുപാട് പിന്തുണ നൽകി. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ വി.എസ് ആരോ പറഞ്ഞ നുണ കേട്ട് എനിക്കെതിരെ കേസ് നൽകി.

 രാഷ്ട്രീയ നേതൃത്വങ്ങളോട് പോരടിച്ച ചരിത്രമാണുള്ളത്. ഇനിയും അങ്ങനെ തന്നെയാണോ ?

  • യോഗത്തിന് രാഷ്‌ട്രീയമില്ല. സാമൂഹ്യനീതി ലഭ്യമാകുന്നതു വരെ രാഷ്‌ട്രീയം നോക്കാതെ തുടർന്നും പോരാടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.