അക്ഷരപ്രസാദവുമായി ഭാഗ്യം വിൽക്കുന്നവർ

കെ.എം. ഫൈസൽ | Thursday 27 December 2018 12:05 AM IST
kausalya-and-karthyani

തൊടുപുഴ: തൊടുപുഴയുടെ തെരുവോരങ്ങളിലും ആളുകൂടുന്ന ഇടങ്ങളിലുമെല്ലാം ഇവരെ കാണാം. ലോട്ടറി ഏജന്റുമാരുടെ ചുവന്ന മേൽകുപ്പായമിട്ട് ഭാഗ്യം വിൽക്കുന്ന കൗസല്യയും കാർത്ത്യായനിയും. ഇവർ പക്ഷേ വെറും ലോട്ടറി കച്ചവടക്കാരല്ല. കൗസല്യ കവിത എഴുതും. കാർത്ത്യായനി നാടൻ പാട്ടുകൾ എഴുതി ഈണത്തിൽ പാടും. അല്ലലുകളിൽ നിന്ന് ഊർജ്ജം കൊള്ളുന്ന കവിതയും പാട്ടും...

വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ഒരു പൊലീസുകാരനാണ് ആ രഹസ്യം കണ്ടുപിടിച്ചത്. കൗസല്യയുടെ ലോട്ടറിക്കെട്ടിനിടയിൽ ഒരു പുസ്തകം - പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന വിഖ്യാത നോവലിന്റെ മലയാളം പരിഭാഷ !

വായനയെക്കുറിച്ച് ചോദിച്ചപ്പോൾ ബാഗിൽ നിന്ന് കവിതകളെഴുതിയ ഒരു പേപ്പർകെട്ട് എടുത്തു. അതിൽ കനലെരിയുന്ന ജീവിതാനുഭവങ്ങൾ...

പൈങ്ങോട്ടൂർ തൊണ്ണൂറാം കോളനിയിലെ കുഞ്ഞൻ ഗണകന്റെയും ഗൗരിയുടെയും നാലാമത്തെ മകളാണ് കൗസല്യ (50). രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. പിന്നീട് അച്ഛനാണ് വളർത്തിയത്. കൂലിപ്പണി കഴിഞ്ഞെത്തുന്ന അച്ഛൻ മകളെ അടുത്തിരുത്തി കവിതകൾ ചൊല്ലി, കഥകൾ പറഞ്ഞു...

അക്ഷരങ്ങളുടെയും ഭാവനയുടെയും ലോകത്തേക്ക് കൗസല്യയുടെ മനസ് പറന്നു...വളർന്നപ്പോൾ അച്ഛൻ വാങ്ങി നൽകിയ കഥാ, കവിതാ പുസ്‌തകങ്ങൾ കൂട്ടായി. സ്‌കൂളിലെയും നാട്ടിലെയും മത്സരങ്ങളിൽ കവിതാ രചനയ്‌ക്കും കവിതാ പാരായണത്തിനും സമ്മാനങ്ങൾ വാരികൂട്ടി.

എന്നാൽ വളർന്നപ്പോൾ കവിത പോലെ താളാത്മകമായിരുന്നില്ല ജീവിതം. വിവാഹമോചിതയായി. മക്കളായ ജ്യോതി കൃഷ്ണയെയും ജോബിയെയും വളർത്താൻ പുസ്തകങ്ങളും ലോട്ടറിയും വിൽക്കാനിറങ്ങി. അപ്പോഴും കവിത വിട്ടില്ല. തോന്നിയതൊക്കെ കുത്തിക്കുറിച്ചു. പതിനൊന്ന് വർഷമായി ലോട്ടറി വിൽക്കുന്നു. ഇക്കാലത്ത് എഴുതിയ കവിതകൾ പുസ്തകമാക്കണം - അതാണ് സ്വപ്നം. അതിന് ലോട്ടറി വിറ്റ് കിട്ടുന്ന പണം മതിയാവില്ല.

ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. അന്ന് കണ്ട പൊലീസുകാരനടക്കം പൊലീസ് അസോസിയേഷൻ അംഗങ്ങൾ കൗസല്യയുടെ കവിതകൾ പുസ്തകമാക്കുകയാണ്.

നാല് വർഷമായി ഭാഗ്യക്കുറി വിൽക്കുന്ന കൂട്ടുകാരി കൂവക്കണ്ടം ഉറുമ്പനാനിക്കൽ കാർത്ത്യായനിയും (63)​ കൊച്ചു സാഹിത്യകാരിയാണ്. നാട്ടിലെ പല പ്രസിദ്ധീകരണങ്ങളിലും കഥകളും നാടൻ പാട്ടുകളും അച്ചടിച്ച് വന്നിട്ടുണ്ട്. അച്ഛനും സഹോദരങ്ങളും പകർന്നതാണ് നാടൻ പാട്ടിന്റെ ഈണം. പത്താം ക്ളാസ് വരെ പഠിച്ച കാർത്ത്യായനി നാടൻ പാട്ടുകൾ എഴുതി മനോഹരമായി പാടും. പിന്തുണയുമായി ഭർത്താവ് കൃഷ്ണൻകുട്ടിയും മക്കളായ ഗീതയും സംഗീതയും സോമനുമുണ്ട്.

തന്റെ സൃഷ്ടികളും കൗസല്യയുടെ കവിതകളും ചേർത്ത് ഒരു പുസ്തകമാക്കണമെന്നാണ് കാർത്ത്യായനിയുടെയും ആഗ്രഹം. തൊടുപുഴയിലെ സാഹിത്യ സദസുകളിൽ സജീവമാണ് കൗസല്യയും കാർത്ത്യായനിയും. ഇരുവരും ആകാശവാണി ദേവികുളം നിലയത്തിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA