SignIn
Kerala Kaumudi Online
Friday, 19 April 2024 6.05 AM IST

ചിരിയുടെ കടൽ, ചിന്തയുടെ കനൽ

kk

പത്തനംതിട്ട: ചിരിയുടെ കടൽ ശാന്തമായി. ചിന്തയുടെ കനൽ അണഞ്ഞു...

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം ശേഷിപ്പിക്കുന്നത് വലിയൊരു ശൂന്യത...

നർമ്മത്തിൽ ചാലിച്ച,​ ലളിതവും പ്രസാദാത്മകവുമായ അദ്ദേഹത്തിന്റെ വാക്കുകൾ ചിന്തയുടെ തരംഗങ്ങൾ ഉയർത്തുമായിരുന്നു. ചിരിയുടെ ആ വലിയ ഇടയൻ സഭയുടെ ആത്മീയ മണ്ഡലത്തിനുമപ്പുറം സമൂഹ മനസിലാകെ ചിരി വിതറിക്കൊണ്ടിരുന്നു. മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ലാതെ വലിയവരിൽ എളിയവനായി വേദികളിൽ നിറഞ്ഞു. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ ആക്ഷേപഹാസ്യത്തിന്റെ അമ്പുകൾ തൊടുക്കുമായിരുന്നു. വേദനയില്ലാത്ത ഇൻജക്‌ഷൻ പോലെ അത് കൊള്ളേണ്ടവരുടെ മനസിൽ തറഞ്ഞിട്ടുമുണ്ട്.

ചിരിയുടെ സ്വർണനാവ്

സഭയും സമൂഹവും രാജ്യവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ ചിന്താവിഷയങ്ങളായിരുന്നു. ചിരിയുടെ സ്വർണനാവുകാരനെ ഒാർക്കാൻ പ്രസംഗങ്ങളിലെ നർമ്മങ്ങൾ ധാരാളം.
ഒരിക്കൽ മാരാമൺ കൺവെൻഷൻ വേദിയിൽ ക്രിസോസ്റ്റത്തിന്റെ ഒരു അറിയിപ്പുണ്ടായി: " വിശ്വാസികൾക്ക് ഹൃദ്രോഗമുണ്ടോ എന്നറിയാൻ ഒരു വിദ്യയുണ്ട്. സ്തോത്രക്കാഴ്ചയ്ക്കായുള്ള സഞ്ചിയിൽ ഏറ്റവും വിലയേറിയ നോട്ടിടുക. നൂറോ അഞ്ഞൂറോ ഒക്കെയാവാം. നോട്ടുകളിട്ട ശേഷം ഒന്നും സംഭവിക്കുന്നില്ലെങ്കിൽ അവർക്ക് ഹൃദ്രോഗമില്ല. പരിശോധനയുടെ ചെലവും ലാഭമായി ".
മറ്റുളളവരുടെ മഹത്വത്തെ വാഴ്‌ത്താൻ അവരെ വേദയിലിരുത്തി തിരുമേനി ചിരി പൊട്ടിച്ചിട്ടുണ്ട്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിന്റെ കൂദാശ ചടങ്ങിൽ ക്രിസോസ്റ്റവും ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുമാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. ക്രിസോസ്റ്റം പ്രസംഗത്തിൽ പറഞ്ഞു: "നമ്മളൊക്കെ ഉടുത്തിരിക്കുന്നതിന്റെ നൂറിലൊന്നു തുണിപോലും ഇൗ നമ്പൂതിരി ഉടുത്തിട്ടില്ല. ഇത്രയും തുണി ഉടുത്തതു തന്നെ ഇങ്ങോട്ടുവരാനാണ്. കാരണം അറിയാമോ? നമുക്കൊക്കെ ജീവിതത്തിൽ ഒത്തിരി മറയ്ക്കാനുണ്ട് നമ്പൂതിരിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല." സദസിൽ ചിരിയും കൈയടിയും ഉയർന്നു.
ഒരു ചടങ്ങിൽ വിവാഹ പൂർവകൗൺസലിംഗിന്റെ ആവശ്യകത ക്രിസോസ്റ്റം ഉൗന്നിപ്പറഞ്ഞു. "നിങ്ങൾ ചോദിക്കുമായിരിക്കും പെണ്ണുകെട്ടാത്ത തിരുമേനിക്ക് കുടുംബ കൗൺസലിംഗിനെപ്പറ്റി പറയാൻ എന്തവകാശമെന്ന്? കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറിന് കാൻസർ ഉണ്ടാവണമെന്നില്ലല്ലോ".
സൺഡേ സ്കൂൾ കുട്ടികളുടെ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ തമാശ: "ഞാൻ ഒരു ബൈക്കിലാണ് വന്നത്. തിരിച്ച് ബൈക്കിൽ പോകുമ്പോൾ ഒരു പുലി എന്നെ പിടിക്കാൻ പിന്നാലെ ഒാടിവരികയാണ്. നിങ്ങളാണെങ്കിൽ എന്തു ചെയ്യും?.
'' ബൈക്കിട്ടിട്ട് ഒാടും,​ ബൈക്കിടിച്ച് പുലിയെ കൊല്ലും" കുട്ടികളുടെ മറുപടി.
തിരുമേനി പറഞ്ഞു: "നിങ്ങളൊക്കെ മണ്ടൻമാരാണ്. ഞാനാണെങ്കിൽ ബൈക്കിന്റെ വേഗത അല്പം കൂട്ടി വലത്തേ ഇൻഡിക്കേറ്റർ ഇടും. എന്നിട്ട് ഇടത്തോട്ട് ഒറ്റ പോക്കുപോകും. ഇൻഡിക്കേറ്റർ കണ്ട് പുലി വലത്തോട്ടു പോകും. ഞാൻ രക്ഷപ്പെടും''.
തിരുവല്ല മാർത്തോമ കോളേജിലെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ തിരുമേനിയും അന്നത്തെ രാജ്യസഭാ ഉപപാദ്ധ്യക്ഷ നജ്മ ഹെപ്ത്തുള്ളയും സുപ്രീം കോടതി ജസ്റ്റിസ് കെ.ടി.തോമസും മുഖ്യാതിഥികൾ. പ്രസംഗത്തിൽ തിരുമേനി പറഞ്ഞു: "ഇൗ കലാലയം ഭാഗ്യവതിയാണ്. രാജ്യവും നീതിയും മഹത്വവും ഇവിടെ സംഗമിച്ചിരിക്കുന്നു. രാജ്യം രാജ്യസഭ, നീതി സുപ്രീം കോടതി. മഹത്വം ആരെന്ന് പറയേണ്ടതില്ലല്ലോ. നിങ്ങൾ വിചാരിക്കും ഞാനാണെന്ന്. അല്ല, ഇവിടെ കൂടിയിരിക്കുന്ന ഇത്രയും പേരാണ് മഹത്വം. അതിനാൽ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം".
ക്രൈസ്തവ പത്രാധിപൻമാരുടെ സമ്മേളനത്തിൽ ക്രിസോസ്റ്റത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്: "എന്റെ ഭദ്രാസനത്തിൽ ഒരു അച്ചനുണ്ടായിരുന്നു. സത്യസന്ധനും പഞ്ചപാവവും. എന്നാൽ, അച്ചൻ എന്തുപറഞ്ഞാലും കള്ളമായിട്ടേ ഇടവകക്കാർക്കു തോന്നൂ. കാരണം,​ അച്ചൻ ഉദ്ദേശിക്കുന്നതൊന്നും പറയുന്നത് മറ്റൊന്നുമായിരുന്നു. എന്നാൽ കപ്യാർ നേരുപറയുന്ന ആളായിരുന്നില്ല. പറഞ്ഞൊപ്പിക്കാൻ വിരുതനുമായിരുന്നു. എത്ര കള്ളം പറഞ്ഞാലും കപ്യാർ പറയുന്നതാണ് സത്യമെന്ന് ഇട‌വകക്കാർ വിശ്വസിക്കും. അതുപോലെ പത്രപ്രവർത്തനം ഒരു കലയാണ്. എത്ര വാർത്ത എഴുതിയാലും നല്ലപോലെ അവതരിപ്പിച്ചില്ലെങ്കിൽ ഫലമില്ല".

ധന്യമായ വൈദിക ജീവിതം

തിരുവല്ല: മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ ഡിഗ്രി സമ്പാദിച്ചു.1940ൽ അങ്കോലയിൽ മിഷനറി പ്രവർത്തനത്തിന് സ്വയം സമർപ്പിതനായി. ബംഗളൂരു യു.ടി കോളേജിൽ ദൈവശാസ്ത്ര പഠനം നടത്തി.

1944 ജനുവരി ഒന്നിന് ശെമ്മാശപട്ടവും ജൂൺ മൂന്നിന് വൈദികപട്ടവും സ്വീകരിച്ചു. വൈദിക പഠനം തുടർന്നതിനൊപ്പം ബംഗളൂരു മാർത്തോമ്മാ ഇടവകയിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അങ്കോലയിൽ മടങ്ങിയെത്തി സുവിശേഷ വേലയിൽ വ്യാപൃതനായി. പിന്നീട് കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം സെന്റ് പീറ്റേഴ്‌സ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1953 മേയ് 20ന് റവ.ഡോ.എം.ജി.ചാണ്ടി, റവ.പി.തോമസ് എന്നിവരോടൊപ്പം റവ.ഫിലിപ്പ് ഉമ്മനെ മാർത്തോമ്മാ സഭയുടെ മേൽപ്പട്ട (എപ്പിസ്‌കോപ്പ) സ്ഥാനത്തേക്കു തിരഞ്ഞെടുത്ത് റമ്പാനായി വാഴിച്ചു. മേയ് 23നു ഫിലപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. ഭദ്രാസന ഭരണം ഏൽക്കുന്നതിനു മുമ്പായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിലെ കാന്റർബറിയിലെ സെന്റ് അഗസ്റ്റിൻ കോളേജിൽ ചേർന്നു. നാട്ടിൽ മടങ്ങിയെത്തി 1954ൽ കുന്നംകുളം ഭദ്രാസനത്തിന്റെ അധിപനായി. ഇതോടൊപ്പം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചു. അടൂർ, കൊട്ടാരക്കര, തിരുവനന്തപുരം, കൊല്ലം, അടൂർ മാവേലിക്കര, റാന്നി നിലയ്ക്കൽ, ചെങ്ങന്നൂർ തുമ്പമൺ, നിരണം മാരാമൺ ഭദ്രാസനങ്ങളുടെ അധിപനായും പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.