വൈകല്യത്തെ മലർത്തിയടിച്ച രാജേഷ് 'ലോക സുന്ദരൻ'

കോട്ടാത്തല ശ്രീകുമാർ | Monday 03 December 2018 1:27 AM IST

mister-india

കൊല്ലം: തന്റെ സ്വാധീനമില്ലാത്ത കാലുകൊണ്ട് രാജേഷ് ജോൺ എന്ന മുപ്പതുകാരൻ ഓടിക്കയറിയത് ലോകത്തിന്റെ നെറുകയിലേക്കാണ്. ശരീര സൗന്ദര്യത്തിൽ അംഗപരിമിതരുടെ വിഭാഗത്തിൽ രണ്ട് തവണ ലോകചാമ്പ്യൻ. മൂന്ന് തവണ മിസ്റ്റർ ഇന്ത്യ, അഞ്ച് തവണ മിസ്റ്റർ കേരള എന്നിങ്ങനെ പോകുന്നു ഏനാത്ത് മെതുകുമ്മേൽ ഉമ്മരപ്പള്ളിയിൽ വീട്ടിൽ ജോൺ-ഓമന ദമ്പതികളുടെ മകൻ രാജേഷ് ജോണിന്റെ നേട്ടങ്ങൾ.

നവംബറിൽ ഉക്രെയിനിൽ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച നാഷണൽ അമച്വർ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ലോക ചാമ്പ്യൻഷിപ്പിൽ രാജേഷ് സ്വർണം നേടി. കഴിഞ്ഞ വർഷം അയർലൻഡിൽ നടന്ന ഇതേ മത്സരത്തിലും രാജേഷായിരുന്നു ചാമ്പ്യൻ. 25 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയായിരുന്നു തുടർച്ചയായ ഈ വിജയം. 2019ൽ നടക്കുന്ന മിസ്റ്റർ ഒളിമ്പ്യൻ ചാമ്പ്യൻഷിപ്പിലേക്കും സെലക്‌ഷൻ ലഭിച്ചിട്ടുണ്ട്. ഇല്ലായ്മകളോട് മല്ലടിക്കുന്ന കുടുംബത്തിൽ പ്രതീക്ഷകളുമായി പിറന്ന മകന്റെ ഒരുകാലിനുള്ള വൈകല്യം ബോദ്ധ്യമായപ്പോൾ അച്ഛനമ്മമാരും തളർന്നു. ഇരുപതാമത്തെ വയസിൽ ഒരു സുഹൃത്താണ് രാജേഷിനെ ജിംനേഷ്യത്തിൽ കൊണ്ടുപോകുന്നത്. പിന്നീട് കഠിന പ്രയത്നത്തിലൂടെ വിധിയെ വെല്ലുവിളിച്ച് ശരീരത്തെ മെരുക്കിയെടുത്തു. ഫിറ്റനസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.സി. അരുൺകുമാറാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ രാജേഷിനെ പ്രോത്സാഹിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മടിച്ചപ്പോൾ കൂട്ടുകാർ സഹായത്തിനെത്തി. ആത്മവിശ്വാസം വളർന്നതോടെ പിന്നീട് ബാങ്ക് വായ്പയെടുത്ത് മത്സരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ സ്പോൺസർമാരുടെ സഹായത്തോടെ കുളക്കട പാലം ജംഗ്ഷനിൽ ഫിറ്റ്നസ് ക്ളബ് നടത്തിവരികയാണ്.
രാജേഷിന്റെ ഫോൺ : 9446112620.

'വൈകല്യം ശാപമായി കരുതാതെ അതിനെ എങ്ങനെ നേട്ടമാക്കാമെന്ന് ചിന്തിക്കുന്നതിലാണ് വിജയം.

ചിട്ടയായ പരിശീലനമാണ് എന്നെ വിജയത്തിലെത്തിക്കുന്നത്.

-രാജേഷ് ജോൺ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA