SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 AM IST

പൊലീസിന്റെ മെല്ലപ്പോക്ക്: തീർപ്പാകാതെ 10,​000 പോക്സോ കേസുകൾ

pocso

മലപ്പുറം: കുറ്റപത്രം സമർപ്പിക്കുന്നതിലെ പൊലീസിന്റെ കാലതാമസവും പോക്സോ കോടതികളുടെ കുറവും കാരണം സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 10,188 പോക്‌സോ കേസുകൾ. 2015 മുതൽ 2017 വരെയുള്ള കാലയളവിലെ കേസുകളാണിപ്പോൾ വിചാരണയ്ക്കെടുക്കുന്നത്. അടുത്തിടെ സംസ്ഥാനത്ത് 28 പ്രത്യേക പോക്‌സോ കോടതികൾ കൂടി സ്ഥാപിച്ചത് ആശ്വാസകരമാണെങ്കിലും പൊലീസിന്റെ മെല്ലെപ്പോക്കിൽ മാറ്റം വന്നിട്ടില്ല. ഈ വർഷത്തെ 2,501 കേസുകളിൽ 992 എണ്ണത്തിലേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്,​ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ കിട്ടാനുള്ള കാലതാമസം,​ പ്രതികളെ സംബന്ധിച്ച് അവ്യക്തതയുള്ള കേസുകൾ എന്നിവയിലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസിന്റെ വാദം.
എന്നാൽ മൊഴിയും അനുബന്ധ വിവരങ്ങളും ശേഖരിച്ചാലുടൻ പൊലീസിന് കുറ്റപത്രം സമർപ്പിക്കാം. പോക്സോയിൽ പ്രതിയാണ് കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത്. കുറ്റപത്രം വൈകിയാൽ കോടതിയിലെ വിചാരണയും നീളും.

 4വർഷമായി നീതികിട്ടാതെ മലപ്പുറത്തെ കുട്ടി
മലപ്പുറം സ്വദേശിയായ 15കാരി 2017ലാണ് അടുത്ത ബന്ധുവിന്റെ ലൈംഗിക പീ‌ഡനത്തിനിരയായത്. രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കേണ്ട പോക്സോ കേസിൽ,​ മൊഴിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വീണ്ടും പെൺകുട്ടിയുമായി പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡ‌ബ്ലിയു.സി) കൗൺസിലറുടെ മുന്നിലെത്തി. കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പോക്സോ ആക്ട് ഊന്നിപ്പറയുമ്പോഴാണ് മൊഴിയുടെ പേരിൽ കേസ് നാലുവർഷം നീണ്ടത്. ഒരു കുട്ടിയുടെ മാത്രം അവസ്ഥയല്ലിത്.

 വേണം എസ്.ജെ.പി

കുട്ടികൾ ഇരകളാവുന്ന കേസുകളിൽ മൊഴിയെടുക്കുന്നതിനും സി.ഡ‌ബ്ലിയു.സി പോലെ വിവിധ ഏജൻസികളുമായി നടപടികൾ ഏകോപിപ്പിക്കുന്നതിനും സ്റ്റേഷനുകളിൽ സ്പെഷ്യൽ ജുവനൈൽ പൊലീസ് (എസ്.ജെ.പി)​ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. ഓരോ ജില്ലകളിലും ഡിവൈ.എസ്.പിയെ നോഡൽ ഓഫീസറാക്കിയതല്ലാതെ സ്റ്റേഷനുകളിൽ പ്രത്യേക യൂണിറ്റില്ല. ജുവനൈൽ,​ പോക്സോ നിയമങ്ങളിൽ പരിശീലനം ലഭിച്ച എ.എസ്.ഐ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെങ്കിലും സ്റ്റേഷനുകളിൽ വേണം. സ്പെഷൽ യൂണിറ്റില്ലാത്തതിനാൽ പരിശീലനം ലഭിച്ചയാൾ സ്ഥലംമാറുന്നതോടെ പകരമെത്തുന്നയാൾക്കാവും ചാർജ്ജ്. മിക്കപ്പോഴും ജുവനൈൽ നിയമങ്ങളിൽ പരിചയമുണ്ടാവില്ല.

പോക്‌സോ കേസുകൾ ജില്ല തിരിച്ച്
 തിരുവനന്തപുരം 1,475
 കൊല്ലം 710
 പത്തനംതിട്ട 351
 ആലപ്പുഴ 532
 കോട്ടയം 479
 ഇടുക്കി 573
 എറണാകുളം 711
 തൃശൂർ 1,196
 പാലക്കാട് 635
 മലപ്പുറം 1,310
 കോഴിക്കോട് 608
 വയനാട് 284
 കണ്ണൂർ 841
 കാസർകോട് 483
 ആകെ- 10,188

'എസ്.ജെ.പി,​ സി.ഡ‌ബ്ല്യു.സി,​ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് തുടങ്ങി കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട ഏജൻസികൾ ഒരുടീമായി പ്രവർത്തിച്ചാൽ കാലതാമസവും അബദ്ധങ്ങളുമില്ലാതെ കുറ്റപത്രം സമർപ്പിക്കാനാവും".

- ഷാജേഷ് ഭാസ്ക്കർ, സി.ഡ‌ബ്ലിയു.സി ചെയർമാൻ, മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POCSO CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.