ഹൈക്കോടതിയുടെ ഇടപെടലോടെ പൊലീസ് അയഞ്ഞു, നിയന്ത്രണം നീക്കും

എം.എച്ച് വിഷ്‌ണു | Friday 30 November 2018 12:20 AM IST

pol

തിരുവനന്തപുരം: മൂന്നംഗസമിതിയെ നിരീക്ഷണത്തിന് നിയോഗിച്ച് ശബരിമലയുടെ കടിഞ്ഞാൺ ഹൈക്കോടതി ഏറ്റെടുത്തതോടെ പൊലീസ് അയയുന്നു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള പൊലീസ് വിന്യാസവും പരിശോധനകളും കുറയ്ക്കാനാണ് തീരുമാനം. സന്നിധാനത്ത് ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇതിനകം ഇളവുചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ വിമർശനമേറ്റ ഐ.ജി വിജയ്സാക്കറെ, എസ്.പി യതീഷ്‌ചന്ദ്ര എന്നിവർക്ക് പകരക്കാരായി ഐ.ജി ദിനേന്ദ്രകശ്യപ്, എസ്.പിമാരായ എച്ച്. മഞ്ജുനാഥ്, കാളിരാജ് മഹേഷ്‌കുമാർ എന്നിവരും

14 വർഷം സ്പെഷ്യൽ ഓഫീസറായി പരിചയമുള്ള ഐ.ജി പി. വിജയനും ശബരിമലയിലെത്തുന്നതോടെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുന്നത് പരിഗണിക്കും.

ശബരിമല ഉന്നതതല സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ, ശബരിമലയിലെ സുരക്ഷയിൽ 30 വർഷത്തെ പരിചയമുള്ള ഡി.ജി.പി എ. ഹേമചന്ദ്രൻ, ദേവസ്വം ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.ആർ. രാമൻ എന്നിവരെ അയച്ച് പൊലീസിന്റെ പ്രവർത്തനങ്ങൾ ഹൈക്കോടതി നേരിട്ട് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഈ സമിതിയുടെ ശുപാർശ പ്രകാരം നിയന്ത്രണങ്ങൾ ഇളവുചെയ്യേണ്ടി വന്നാൽ പൊലീസിനും സർക്കാരിനും ക്ഷീണമാവും. ഇത് മുൻകൂട്ടിക്കണ്ടാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ശബരിമലയിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, സുഗമമായ തീർത്ഥാടനത്തിന് വഴിയൊരുക്കുകയാണ് സമിതിയുടെ ചുമതല. സമിതിയെ ദേവസ്വംബോർഡ് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഭക്തരെ വിഷമിപ്പിക്കുന്ന പ്രത്യക്ഷസമരങ്ങൾ ഉടൻ വേണ്ടെന്നും ആചാരലംഘനമുണ്ടായാൽ ശക്തമായ സമരം നടത്താനുമാണ് ബി.ജെ.പി തീരുമാനം. ഇത് കണക്കിലെടുത്ത് മഫ്‌തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് സായുധസേനയെ ഘട്ടംഘട്ടമായി പിൻവലിക്കുന്ന സുരക്ഷാസ്കീം നടപ്പാക്കും. അതേസമയം, ഫേസ് ഡിറ്റക്‌ഷൻ കാമറകളിലൂടെ പരിശോധിച്ച് അക്രമം ലക്ഷ്യമിട്ടെത്തുന്നവരെ തടയുകയും ചെയ്യും.

നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ സുരക്ഷാസ്‌കീമിൽ വീണ്ടും മാറ്റം വരുത്തുന്നത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു. സന്നിധാനത്തെ അതിസുരക്ഷാമേഖലകളായ നടപ്പന്തൽ, തിരുമുറ്റം, പതിനെട്ടാംപടി എന്നിവിടങ്ങളിലൊഴികെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിക്കഴിഞ്ഞു. ബാരിക്കേഡുകൾ സന്നിധാനത്ത് സുരക്ഷാമേഖലയിൽ മാത്രമാക്കി ചുരുക്കി. പുല്ലുമേട്ടിലൂടെയും കാട്ടുപാതകളിലൂടെയുമുള്ള യാത്രയ്ക്കും ഇളവുനൽകും. വലിയനടപ്പന്തലിൽ ഭക്തർക്ക് വിരിവയ്ക്കാനും വിശ്രമത്തിനുമുള്ള വിലക്ക് പൂർണമായി നീക്കിയെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.

''പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റശേഷം സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണങ്ങൾ ഇളവുചെയ്യും.''

ലോക്നാഥ് ബെഹ്റ

പൊലീസ് മേധാവി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA