ശബരിമല റോപ് വേ: സർവേക്ക് ഹൈക്കോടതി അനുമതി

ശ്രീകുമാർപള്ളീലേത്ത് | Thursday 06 December 2018 12:51 AM IST

sabarimala

ശബരിമല : പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനത്തെ പൊലീസ് ബാരിക്കേഡ് വരെ നീളുന്ന റോപ് വേ നിർമ്മിക്കാൻ വനംവകുപ്പുമായി ചേർന്ന് സർവേ നടത്താൻ ഹൈക്കോടതി അനുമതി നൽകി. ദേവസ്വം ബോർഡിന്റെ പദ്ധതി അംഗീകരിച്ചാണ് കോടതി അനുമതി നൽകിയത്. ഇതിനായി വനത്തിൽ എത്രമാത്രം മരങ്ങൾ മുറിക്കണം, എത്ര അകലത്തിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം, ഇതിന് എത്ര ആഴവും ഉയരവും വേണം തുടങ്ങിയ കാര്യങ്ങൾ സർവേയിൽ കണ്ടെത്തും. അതിന് ശേഷമേ ചെലവ് കണക്കാക്കാനാവൂ. താമസിയാതെ സർവേ തുടങ്ങുമെന്ന് അറിയുന്നു.

റോപ് വേ

ഭക്തർക്ക് അത്യാഹിതമോ അസുഖമോ ഉണ്ടായാൽ വിദഗ്ദ്ധ ചികിത്സയ്‌ക്ക് കൊണ്ടുപോകാം

 സന്നിധാനത്തേക്ക് പൂജാവസ്തുക്കൾ അടക്കമുള്ളവ എത്തിക്കാം.

ഹിൽടോപ്പിൽ തുടങ്ങി പമ്പ, നീലിമല, ചരൽമേട്, മരക്കൂട്ടം വഴി സന്നിധാനം

റോപ് വേയുടെ ആകാശദൂരം 2.9 കിലോമീറ്റർ

ഇരുവഴിക്കുമുള്ള റോപ് വേ തമ്മിലുള്ള അകലം 12 മീറ്റർ

അരവണ മെച്ചപ്പെടുത്തും

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണനിലവാരം കൂട്ടിയും ചെലവ് കുറച്ചുമുള്ള അരവണ നിർമ്മാണം ഉടൻ തുടങ്ങും. മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത്. തിരുപ്പതിയിലെ പ്രസാദം തയ്യാറാക്കുന്നത് ഈ സ്ഥാപനത്തിന്റെ സാങ്കേതിക വിദ്യയിലൂടെയാണ്. പ്രളയത്തിന് മുമ്പ് ഇവിടത്തെ ശാസ്ത്രജ്ഞർ സന്നിധാനത്തെത്തി പരീക്ഷണാടിസ്ഥാനത്തിൽ അപ്പവും അരവണയും നിർമ്മിച്ചിരുന്നു. ഒന്നര മാസം കഴിഞ്ഞാലും ഇത് കേടാകില്ലെന്ന് ഫുഡ് സേഫ്ടി അധികൃതർക്ക് ബോദ്ധ്യമായിട്ടുണ്ട്. പ്രളയം കാരണം തുടർനടപടികൾ നടന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിനിധികൾ കുറെ ദിവസം ഇവിടെ തങ്ങി അരവണ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കും. ദേവസ്വം ജീവനക്കാർക്ക് പരിശീലനവും നൽകും.

കൂട്ട് മാറും

അരവണയ്ക്ക് നിലവിലുള്ള ചേരുവകൾ തന്നെയാവും ഉപയോഗിക്കുന്നതെങ്കിലും കൂട്ടിന്റെ അനുപാതം മാറും. നിർമ്മാണ പ്ളാന്റിൽ ചെറിയ പരിഷ്‌കാരങ്ങൾ വരുത്തും. അലുമിനിയം കോട്ടഡ് ടിന്നുകൾക്ക് പകരം മെറ്റൽ ടിന്നുകളിലാവും നിറയ്ക്കുക. നിർമ്മാണ തീയതി അടക്കമുള്ള വിവരങ്ങൾ ടിന്നിൽ രേഖപ്പെടുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA