വേലായുധൻ എം.എ, ബി.എഡ് കേഴുന്നു, മണ്ണിടല്ലേ, ഞങ്ങളുടെ കഞ്ഞിയിൽ...

ഭാസി പാങ്ങിൽ | Monday 07 January 2019 1:16 AM IST
vela

തൃശൂർ : 'നിങ്ങൾ മണ്ണിടുന്നത് എന്നെപ്പോലുള്ളവരുടെ കഞ്ഞിയിലാണ്...'' വെള്ള വടിയും വില്ക്കാത്ത ലോട്ടറി ടിക്കറ്റുമായി കെ.സി. വേലായുധൻ എം.എ, ബി.എഡ് ആത്മരോഷം കൊള്ളുന്നു. ഹർത്താലുകാരോടാണ് അന്ധനായ വേലായുധന്റെ ദേഷ്യം. സുഹൃത്തുക്കൾ മൊബൈലിലേക്കു വിളിക്കുമ്പോൾ വേലായുധൻ ആദ്യം ചോദിക്കുന്നതും നാളെ ഹർത്താലുണ്ടോ? എന്നാണ്.
മൂവായിരം രൂപയുടെ ടിക്കറ്റ് വാങ്ങിവിറ്റ് നിത്യച്ചെലവു നടത്തുന്ന വേലായുധന് ഹർത്താൽ ദിവസങ്ങളിൽ മുടക്കുമുതൽപോലും വിറ്റുകിട്ടാതാവും. ചിലപ്പോൾ 500 രൂപവരെ നഷ്ടവും.

പി.എസ്.സി നിയമനത്തിന് കാത്തിരിക്കുന്ന, നൂറുശതമാനം അന്ധത ബാധിച്ച 41 വയസുകാരന്റെ ഈ സങ്കടവാക്കുകൾ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വൈറലായി. രാഷ്ട്രീയപാർട്ടികളോടും സർക്കാരിനോടുമുള്ള അപേക്ഷ, ഹർത്താലിൽ വഴിമുട്ടുന്ന മറ്റുള്ളവരുടെയും സങ്കടഹർജിയായി സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തു.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കണ്ണുകളിലെ ഞരമ്പുകളെ തളർത്തുന്ന രോഗം മൂലം വേലായുധന്‌ കാഴ്ച നഷ്ടമായത്. തൃശൂർ കേരളവർമ്മ കോളേജിൽ പഠിച്ച്‌ ബി.എ ഹിസ്റ്ററിയും എം.എ. പൊളിറ്റിക്‌സും ജയിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്‌നിംഗ് സെന്ററിൽ നിന്ന് സോഷ്യൽ സയൻസിൽ ബി.എഡ്‌ പാസായി. കലാലയ വേദികളിൽ പാട്ടുപാടി എല്ലാവരുടെ പ്രശംസ നേടിയിട്ടുള്ള വേലായുധന് 2013 ൽ മികച്ച ഗായകനുള്ള കമുകറ പുരുഷോത്തമൻ അവാർഡ്‌ ലഭിച്ചിരുന്നു. അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു ലോട്ടറി വില്പന. ലോട്ടറി കടകൾ പെരുകിയതോടെ നാട്ടിൻപുറങ്ങളിലേക്ക് പോയി.


വേലായുധന്റെ സ്വപ്‌നം

അങ്കമാലിക്കടുത്ത് എത്തിലത്തെറ്റയിലെ വീട്ടിലിരുന്ന് അദ്ധ്യാപക ജോലി സ്വപ്‌നം കാണുന്ന വേലായുധൻ അതിനായി മുട്ടാത്ത വാതിലുകളില്ല. അന്നന്നത്തെ അന്നത്തിന് അലയേണ്ടതിനാൽ സമരത്തിനിറങ്ങാനും ആവുന്നില്ല. സമൂഹ വിവാഹത്തിൽ 9 ജോഡികളിൽ ഒരാളായി 2013 ഫെബ്രുവരി 23 ന് വേലായുധൻ ചാലക്കുടി പോട്ട സ്വദേശി ബീനയുടെ കഴുത്തിൽ താലിചാർത്തി. ബീനയ്ക്കും ജോലിയില്ല. വേലായുധന്റെ ഫോൺ- 9526754384.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA