പ്രളയത്തിലും പഞ്ചറാകില്ല സുരേഷിന്റെ കൃഷിടയറുകൾ

മണികണ്ഠൻ കുറുപ്പത്ത് | Wednesday 13 February 2019 12:00 AM IST
tyre
സുരേഷ് ബാബു വീട്ടിലെ ചെടികളുടെ പരിപാലനത്തിനിടയിൽ

പെരിങ്ങോട്ടുകര: ഓടിത്തേഞ്ഞ് പഞ്ചറായി പെരുവഴിയിലായാലും സുരേഷ് ബാബുവിന്റെ കൈയിലെത്തിയാൽ ഏത് ടയറിനും പുതു ജീവിതം ഉറപ്പ്. ടയറുകളിൽ വിത്തുപാകി വിളവെടുത്ത് പുതിയൊരു കാർഷിക സംസ്കാരത്തിന് വഴിതുറന്നു, താന്ന്യം താനപ്പറമ്പിൽ വീട്ടിൽ സുരേഷ് ബാബു.

ഏക മകൻ മരിച്ചപ്പോൾ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതാണ് 8 വർഷം മുമ്പ്‌ സുരേഷ്‌ബാബു. ആ മനോവിഷമത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൂടിയായിരുന്നു കൃഷി. പച്ചമുളക് കൃഷിയാണ് ആദ്യം ചെയ്തത്. ബാക്ടീരിയയുടെ ആധിക്യംമൂലം അവ നശിച്ചു. അപ്പോഴാണ്‌ മണ്ണിൽ നേരിട്ടല്ലാതെ കൃഷി ചെയ്യാവുന്ന വിദ്യയെക്കുറിച്ച്‌ ആലോചിച്ചത്. താന്ന്യം പഞ്ചായത്ത് കൃഷി ഓഫീസർ ഡോ. വിവൻസിയോട്‌ വിഷയം അവതരിപ്പിച്ചു. അങ്ങനെ ടയർ ഗാർഡനിംഗ്‌ എന്ന വിദ്യയിലെത്തി. സ്‌കൂട്ടറിന്റെ മുതൽ ജെ.സി.ബിയുടെ ടയർ വരെ കൃഷിക്കായി ഉപയോഗിക്കുന്നു 62 കാരനായ സുരേഷ്. സഹായത്തിനായ ഭാര്യ മീര ഒപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ചെടികൾ നശിച്ചെങ്കിലും ടയർ പോട്ടുകൾക്ക് കേടുപാടുണ്ടായില്ല. സുരേഷ് ബാബുവിന്റെ വീട്ടിൽ ചെന്നാൽ പ്രളയകാലത്തെ അതിജീവിച്ച നിരവധി ചെടിച്ചട്ടികൾ കാണാം.

പച്ചമുളക്, വെള്ളരി, പയർ, കയ്പക്ക, തക്കാളി, പുതിന തുടങ്ങി അലങ്കാരച്ചെടികൾ വരെ കൃഷി ചെയ്യുന്നു. വൈഗ 2018 ലെ സമേതി അവാർഡ് സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.

-ടയർ ഗാർഡനിംഗ്
പഴയ ടയറുകൾ വാങ്ങി, വെട്ടി താമരയുടെയും മറ്റും രൂപത്തിലാക്കി നൈലോൺ വല കൊണ്ട് കൂട്ടി ഉറപ്പിക്കും. ഈ ടയർ പോട്ടുകളിൽ ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും നിറച്ചാണ് ചെടി നടുക. ജലം ആവശ്യത്തിനുമാത്രം നൽകും.

അടുക്കള മാലിന്യത്തിന് ടയറോ ബിൻ

മൂന്ന് ടയറുകൾ ഉപയോഗിച്ച് വീട്ടിലെ അടുക്കള മാലിന്യത്തെ വളമാക്കുന്ന വിദ്യയാണ് ടയറോ ബിൻ. വശങ്ങളിൽ ദ്വാരങ്ങളിട്ട ടയറുകളുടെ മൂന്ന് തട്ടിൽ ഓരോന്നിലായി മാലിന്യം നിക്ഷേപിക്കാം. ഓരോ തട്ടും നിറയുന്ന മുറയ്ക്ക് താഴേക്ക് മാറ്റുന്നതാണ് രീതി. മൂന്നാമത്തെ തട്ട് നിറയുമ്പോഴേക്കും ആദ്യത്തെ തട്ടിലുള്ള മാലിന്യം വളമാകും. ഒന്നിന് 300 രൂപ നിരക്കിൽ ഇവ വിൽക്കുന്നുണ്ട്.

മുളക് പോലുള്ള കൃഷികൾക്ക് മണ്ണിന്റെ ഗുണമേന്മ നോക്കാതെ നൂറു ശതമാനം വിളവ് ടയർ പോട്ടുകൾ വഴി ലഭിക്കും. ഈ കൃഷി രീതി ഏവർക്കും മാതൃകയാക്കാവുന്നതാണ് .

-ഡോ.വിവൻസി

ലെയ്സൻ ഓഫീസർ, ഓപ്പറേഷൻ കോൾ ഡബിൾ. (മുൻ താന്ന്യം കൃഷി ഓഫീസർ)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA