തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ കൊന്നത് 13 പേരെ,​ വലതുകണ്ണിന് കാഴ്ചയില്ലാത്ത ആനയെ എത്തിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം മറികടന്ന്

Friday 08 February 2019 9:06 PM IST
elephant-

തൃശ്ശൂർ: കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നാട്ടാന പ്രേമികൾക്കിടയിലെ സൂപ്പർസ്റ്റാറാണ്. എന്നാൽ സുപ്രസിദ്ധി എന്ന പോലെ തന്നെ ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനടുക്കുന്നതിലും രാമചന്ദ്ര്രൻ കുപ്രസിദ്ധനാണ്. ഗുരുവായൂർ കോട്ടപ്പടിയിൽ ഇന്ന് ഇടഞ്ഞോടിയ തെച്ചിക്കോട്ട് രാമചന്ദ്രന്റെ മുന്നിൽ നഷ്ടമായത് രണ്ടു ജീവനുകൾ. ഇതോടെ 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഇരയായത്.

വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട കേരളത്തിലെ ഏറ്റവും അക്രമകാരിയും, അതീവ ഗുരുതരാവസ്ഥയിലുള്ളതുമായ ആനയെ ഗുരുവായൂർ കോട്ടപ്പടിയിൽ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിച്ചതിനെതിരെ കേന്ദ്ര സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർക്കും വിവിധ ചീഫ്അ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള അധികാരികൾക്കും അടിയന്തര പരാതികൾ നൽകുമെന്ന് സുപ്രിംകോടതി അഭിഭാഷകൻ ശ്രീജിത് പെരുമണ്ണ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം മറികടന്ന് 11 പേരെ കൊന്ന തെച്ചിക്കോട് രാമചന്ദ്രൻ ഇത്തവണയും തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം തൃശൂർ പൂരത്തിനുൾപ്പെടെ അന്ധനായ ഈ ആനയെ ഉപയോഗിച്ചിരുന്നുവെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മദപ്പാടുള്ള ആനയായ തെച്ചിക്കോട് രാമചന്ദ്രനെ ഇപ്പോൾ വീണ്ടും ഉത്സവത്തിനു ഉപയോഗിച്ചത് ഗുരുതരമായ നിയമലംഘനവും പീഡനവുമാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച നഷ്ടപ്പെട്ട ആനയെ വിദഗ്ദ്ധ മെഡിക്കൽ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശം മറികടന്നാണ് ദേവസ്വം ബോർഡ് ആനയെ വിവിധ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്ന് മരിച്ച കണ്ണൂർ സ്വദേശി ബാബുവും നരിക്കുനി സ്വദേശി മുരുകനും അടക്കം 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്.

തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെ രാമചന്ദ്രൻ കൊലപ്പെടുത്തി.

1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരിച്ചതിനെതുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു. 2009ൽ തൃശൂർ കാട്ടാകാമ്പൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ മരിച്ചു. 2013ൽ പെരുമ്പാവൂർ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

2011 മുതൽ തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം പൂരത്തിന് മുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻനിർദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാൻ മൂന്നംഗ മെഡിക്കൽ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇവർ തിരിച്ചുപോവുകയായിരുന്നു.

എല്ലാ ഔദ്യോഗിക ഉത്തരവുകളും നിലനിൽക്കെയാണ് അനധികൃതമായി ആനയെ എഴുന്നേല്പിക്കുന്നതും അന്ധനായ ആനയെ ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കുന്നതും. നിയമപ്രകാരം എഴുന്നെള്ളിക്കാൻ പാടില്ലാത്തതുമായ തെച്ചിക്കോട് രാമചന്ദ്രൻ എന്ന ആനയെ ഇനിമുതൽ എഴുന്നള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം മൃഗത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും ശ്രീജിത് പെരുമണ്ണ അറിയിച്ചു.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ.എൻ. രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA