ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി, ഒരുകിലോമീറ്ററോളം ഓടി വഴിയൊരുക്കിയ ഈ പൊലീസുകാരന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

Sunday 30 December 2018 9:33 PM IST
ambulance-driver

തിരുവനന്തപുരം: ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കോട്ടയം ടൗണിന് മുന്നിൽ വച്ചാണ് ട്രാഫിക് ബ്ലോക്കിൽ പെട്ടത്. മുന്നോട്ട് പോകാൻ ഒരു ഇഞ്ച് സ്ഥലം പോലും ഇല്ലാത്ത തരത്തിൽ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴാണ് രക്ഷകനെപ്പോലെ ആ പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കാൻ എത്തിയത്.

ആംബുലൻസിന് മുന്നിൽ ഒരുകിലോമീറ്ററോളം ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി. ആംബുലൻസിലുണ്ടായിരുന്നവർ തന്നെയാണ് ഈ വിഡിയോ പകർത്തി സോഷ്യൽ മീഡിയ പങ്കുവച്ചത്. ആ പൊലീസുകാരൻ ആരെന്ന് തേടിയും വീഡിയോയ്ക്ക് താഴെ അന്വേഷണം എത്തി.

വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത് രാധാകൃഷ്മൻ ആയിരുന്നു വീഡിയോയിലെ ആ താരം. എന്നാൽ അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോഴും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നു പറഞ്ഞ് പുഞ്ചിരിക്കുകയാണ് ര‌ഞ്ജിത്ത് എന്ന 34കാരൻ.

കോട്ടയം എ.ആർ. ക്യാമ്പിലെ സി.പി.ഒ ആയ രഞ്ജിത്തിന് ഏറ്റുമാനൂർ സ്റ്റേഷനിലെ ഹൈവേ പൊലീസിന്റെ വാഹനത്തിലായിരുന്നു അന്ന് ഡ്യൂട്ടി. കോട്ടയം ടൗണിന് മുൻപ് ബി.എസ്.എൻ.എ. ഓഫീസിന് മുന്നിൽ വച്ചായിരുന്നു ആംബുലൻസ് ബ്ലോക്കിൽ പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു. പതിവായി ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലമാണ്. വാഹനങ്ങളുടെ നീണ്ട നിര കാരണം മുന്നോട്ട് ഓടി വാഹനങ്ങളെ മാറ്റി വഴിയൊരുക്കാനേ പറ്റുമായിരുന്നുള്ളൂ. അങ്ങനെയാണ് ആംബുലൻസിന് മുന്നിൽ ഓടി വാഹനങ്ങളെ മാറ്റേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു.

ആംബുലൻസിൽ ഡ്രൈവർ അഫ്സൽ ഉസ്മാനും നഴ്സ് ശ്യാമും സഹായിയും അഫ്സലിന്റെ സഹോദരനുമായ മുഹമ്മദ് ആഷിക്കുമാണ് ഉണ്ടായിരുന്നത്. ആഷിക്കാണ് വീഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടത്. തങ്ങളെ സഹായിച്ച പൊലീസുകാരന് ആഷിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

തന്റെ ജോലിയോടും ആംബുലൻസിലുണ്ടായിരുന്ന രോഗിയോടും രഞ്ജിത്ത് കാണിച്ച ആത്മാർഥതയ്ക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA