ഗുരുചരിതത്തിലേക്ക് ചേക്കേറിയ വിസ്മയക്കിണർ, വയസ് 110

ബി.ഉണ്ണിക്കണ്ണൻ | Monday 31 December 2018 12:19 AM IST

kinar

കൊല്ലം: ഗുരുദേവൻ ഒരു കല്ലിട്ടു, പിറന്നത് ചരിത്രത്തിലേക്ക് ചേക്കേറിയ വിസ്മയക്കിണർ. ഇതിന്റെ രഹസ്യമറിയാൻ 110 വർഷം പിന്നോട്ട് പോകണം.

അറബിക്കടലിനു സമീപമാണെങ്കിലും ഉപ്പുരസമില്ല. കൊടും വേനലിലും വറ്റില്ല. പനിനീരുപോലെ ശുദ്ധജലം. കൊല്ലം തോടിന്റെ കരയിലെ മുണ്ടയ്ക്കൽ കൊണ്ടയത്ത് വീട്ടുമുറ്റത്താണ് കിണർ സ്ഥിതിചെയ്യുന്നത്. ഉപ്പുരസമില്ലാത്ത ഒരു കിണറും ഇപ്പോഴും സമീപത്തെങ്ങുമില്ല.

അന്ന് കൊല്ലം തോട് വഴി കെട്ടുവള്ളങ്ങളും ചരക്കുവള്ളങ്ങളും നിരന്തരം സഞ്ചരിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവൻ വള്ളത്തിൽ പോകുമ്പോൾ ഇടയ്ക്കൊക്കെ തോടിന്റെ കരയിലുള്ള മുണ്ടയ്ക്കൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ വിശ്രമിക്കുമായിരുന്നു. ഒരിക്കൽ ഗുരുദേവന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ പന്തിഭോജനം നടന്നു. ഭക്ഷണത്തിനുമുൻപ് ഗുരു അല്പം വെള്ളം കുടിച്ചു. വല്ലാത്ത ഉപ്പുരസം. കാരണം തിരക്കിയപ്പോൾ പ്രദേശവാസികൾ സങ്കടക്കെട്ടഴിച്ചു. ശുദ്ധജലം വേണമെങ്കിൽ മൈലുകൾ താണ്ടണം. ഇതുകേട്ട ഗുരുദേവൻ സൂര്യനെ നോക്കി മെല്ലെ നടന്നു. അല്പദൂരമായപ്പോൾ പെട്ടെന്ന് നിന്ന്‌ ഒരു കല്ലെടുത്ത് പറമ്പിന്റെ കിഴക്കേ മൂലയിലേക്കിട്ടു. എന്നിട്ട് പറഞ്ഞു, ആ കല്ല് കിടക്കുന്നിടത്ത് കിണർ കുത്തുക. പ്രദേശവാസികൾ അപ്പോൾത്തന്നെ കിണർ കുത്തി. രണ്ടാം നാൾ വെള്ളം കണ്ടു. നാട്ടുകാർ വെള്ളം കുടിച്ചുനോക്കി. ഉപ്പുരസമില്ലാത്ത ശുദ്ധജലം.

അദ്ഭുതക്കിണറിന്റെ കഥ നാടാകെ പരന്നു. മുണ്ടയ്ക്കൽ പ്രദേശത്തുള്ളവർക്കുപുറമേ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരും വെള്ളമെടുക്കാനെത്തി. കൊല്ലം തോട് വഴി ചരക്കുമായി പോകുന്ന വള്ളക്കാർ പതിവായി ഈ കിണറിൽ നിന്നാണ് വെള്ളമെടുത്തിരുന്നത്. സ്ഥലത്തെ പ്രമുഖനായ കുഞ്ഞുകുഞ്ഞ് ആശാന്റേതായിരുന്നു ഈ സ്ഥലം.

തലമുറകളുടെ ദാഹം തീർത്ത കിണർ

ജല അതോറിട്ടിയുടെ പൈപ്പ് കണക്‌ഷൻ കിട്ടുന്നതുവരെയും പരിസരവാസികളെല്ലാം ഈ കിണറിൽ നിന്നാണ് വെള്ളമെടുത്തിരുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന കാലത്ത് കുഞ്ഞുകുഞ്ഞ് ആശാൻ പ്രത്യേക ഉടമ്പടി ഉണ്ടാക്കിയാണ്‌ കിണർ നിൽക്കുന്ന എട്ട് ഏക്കർ സ്ഥലം മകൻ നാണുആശാന് നൽകിയത്. ഇപ്പോൾ നാണുആശാന്റെ മകൻ കെ.എൻ. സ്വരാജും (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) ഭാര്യ രത്നമണിയും (റിട്ട.ഹെഡ്മിസ്ട്രസ്) മകനും കുടുംബവുമാണ് കൊണ്ടയത്ത് വീട്ടിൽ താമസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA