സൗന്ദര്യം ഉറപ്പായും നൽകുന്ന വീട്ടിലുണ്ടാക്കാവുന്ന ഫേസ് പായ്ക്കുകൾ

Monday 24 December 2018 12:50 PM IST
beauty

പച്ചക്കറികൾ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടവയാണ്. പച്ചക്കറികളിൽ ഒരുപാട് ഓർഗാനിക് പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ അവ ചർമ്മ സംരക്ഷണത്തിന് കൂടുതൽ സഹായിക്കുന്നു. വെള്ളരിക്ക, തക്കാളി, ചെറുനാരങ്ങ തുടങ്ങി മിക്ക പച്ചക്കറികൾക്കും ചർമ്മത്തിന് ഉന്മേഷം നൽകി ആരോഗ്യം നിലനിർത്താനുള്ള കഴിവുണ്ട്. അടുക്കളയിലൊന്ന് കയറി നോക്കൂ ! മുഖം ഭംഗിയാക്കാനുള്ള പല വിദ്യകളും ലഭിക്കും. പച്ചക്കറികൾ എപ്പോഴും ഫ്രഷായത് തിരഞ്ഞെടുക്കുക. ചീഞ്ഞതോ പഴകിയതോ ആയ പഴങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ മതി. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് ഫേസ് പായ്ക്കുകൾ. പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിവിധയിനം ഫേസ് പായ്ക്കുകളിൽ ചിലതിതാ. ചർമ്മത്തിന് 100 ശതമാനം ഗാരന്റി തരുന്നതും ഉണ്ടാക്കാൻ എളുപ്പമുള്ളതുമാണ് ഇത്തരം ഫേസ് പായ്ക്കുകൾ.

കാരറ്റിലുണ്ട് കാര്യം
കാരറ്റിൽ വൈറ്റമിൻ സി, എ അടക്കമുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കാരറ്റിന്റെ ജ്യൂസ് എടുക്കുക. ഇതിൽ അൽപം പാൽ, ചെറുനാരങ്ങാനീര്, തേൻ എന്നിവ ചേർക്കാം. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് അൽപ്പം കഴിയുമ്പോൾ കഴുകി കളയാം. മുഖക്കുരു, പിഗ്‌മെന്റേഷൻ, വൈറ്റ് ഹെഡ്സ് തുടങ്ങിയവ ഒഴിവാക്കാനുള്ള പരിഹാര മാർഗമാണിത്.


തക്കാളി സ്‌പെഷ്യൽ
തക്കാളി ഉടയ്ക്കുക. ഇതിൽ അൽപം ചെറുനാരങ്ങാനീര്, അര ടീസ്പൂൺ മുൾത്താണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേർക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖത്തെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്ത് മുഖം സുന്ദരവും മൃദുലവുമാക്കാൻ ഇത് സഹായിക്കും.തക്കാളിയിൽ ധാരാളം വിറ്റാമിനുകൾ ഉണ്ട്. അവ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. മുഖത്തിന്റെ ക്ഷീണം മാറ്റി പുത്തനുണർവ് പകരുന്നു.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് പൊട്ടുന്ന സ്വഭാവം കൂടുതലായിരിക്കും. വരകളും ചുളികളും വീഴാനുള്ള സാദ്ധ്യതയും കൂടുതലാണ്. സ്‌നേഹഗ്രന്ഥി ആവശ്യത്തിന് സെബം ഉൽപാദിപ്പിക്കാത്തതും ചർമ്മത്തിന് ഈർപ്പത്തെ അധികനേരം നിലനിർത്താൻ കഴിയാത്തതുമാണ് ഇതിന് കാരണം. വരണ്ട ചർമ്മത്തിന് തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വരൾച്ച തടയാൻ വേണ്ടത്ര ജലാംശം എത്തിക്കലാണ് ആദ്യ പരിരക്ഷ. ഈ ചർമ്മക്കാർ ദിവസവും 1012 ഗ്ലാസ് വരെ വെള്ളം കുടിക്കണം. സോപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല. പകരം പയറുപൊടിയോ ചെറുപയർ പൊടിയോ ഉപയോഗിക്കാം. ചർമ്മം വൃത്തിയായി സൂക്ഷിക്കണം. തുടർച്ചയായി വെയിലുകൊള്ളൽ, എയർകണ്ടീഷൻ ചെയ്ത മുറിയിൽ ഏറെ നേരം കഴിച്ചുകൂട്ടൽ, ചൂടേൽക്കൽ എന്നിവ കഴിവതും ഒഴിവാക്കുക. ഉരുളക്കിഴങ്ങ് വരണ്ട ചർമത്തിന് പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തിടാം. ഇതിൽ അൽപം തൈര് ചേർത്തും മുഖത്ത് തേയ്ക്കാം. ഉണങ്ങുമ്പോൾ കഴുകിക്കളയാം.

മൃതകോശങ്ങൾ പമ്പകടക്കും
സവാള കൊണ്ടും ഫേസ് പായ്ക്കുണ്ടാക്കാം. സവാള അരച്ചതിൽ കടലമാവ്, ചന്ദനപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് അൽപം പാൽ കൂടി ചേർത്ത് മുഖത്തിടാം. ഇത് ചർമത്തിന് നിറം നൽകും. മൃതകോശങ്ങൾ അകറ്റുകയും ചെയ്യും. വൈറ്റമിൻ എ, സി, ഇ എന്നിവ സവാളയിൽ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്ക പാക്ക്
വെള്ളരിക്കയും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ ഒന്നാണ്. ഇത് അരച്ച് തേനും ചെറുനാരങ്ങാനീരും ചേർത്ത് പുരട്ടി മുഖത്തിടാം. ബ്ലീച്ചിംഗ് ഇഫക്ട് കിട്ടാൻ ഇത് സഹായിക്കും. കണ്ണനടിയിൽ വെള്ളരിക്കാനീര് പുരട്ടുന്നത് കൺതടത്തിലെ കറുപ്പകറ്റാൻ നല്ലൊരു മാർഗമാണ്. വെള്ളരിക്കയുടെ നീരിൽ തേനും ചെറുനാരങ്ങാനീരും ചേർത്താലും നല്ലൊരു ഫേസ് പായ്ക്കാകും.

എണ്ണയമയത്തിന് പുഴുങ്ങിയ പച്ചക്കറി
സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ചർമ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉത്പാദിപ്പിക്കുന്ന സെബം ചർമ്മോപരിതലത്തിൽ വന്നിരുന്ന് ചർമ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചർമ്മത്തിലേക്ക് പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചർമ്മം പൊതുവേ മങ്ങിയതായിരിക്കും. ഈ ചർമ്മത്തിൽ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ കൂടുതലായി ഉണ്ടാകുന്നു. വൃത്തി തന്നെയാണ് ആദ്യമരുന്ന്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുക. പുഴുങ്ങിയ പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കുക. വിറ്റമിൻ ബി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഒഴിവാക്കുക. ഒരു സ്പൂൺ തക്കാളി ജ്യൂസ്, ഒരു സ്പൂൺ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നത് നല്ലതാണ്. ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ നാരങ്ങാ നീര്, അൽപ്പം വെള്ളരിക്കാ നീര് എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നതും നല്ലതാണ്.

വീട്ടിലെ ബ്ലീച്ചുകൾ
മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഫേസ് ബ്ലീച്ചാണ്. ബ്യൂട്ടി പാർലറുകളിൽ മിക്കവാറും ഉപയോഗിക്കുന്നത് കെമിക്കൽ കൂടിയ ബ്ലീച്ചിംഗായിരിക്കും. അത് ചർമ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കും. ബയോകെമിക്കൽ ബ്ലീച്ചുകളുണ്ടെങ്കിലും അതിന് വലിയ വില നൽകേണ്ടിവരും. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും ദോഷം വരാത്ത പോക്കറ്റിന് നഷ്ടം വരാത്ത ഫേസ് ബ്ലീച്ച് വീട്ടിൽ തന്നെയുണ്ടാക്കാം.

സിട്രിക് ആഡിസ് ബ്ലീച്ച്
പുളി രസം അഥവാ സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവർഗവും ഉപയോഗിക്കാം. രണ്ട് ചെറുനാരങ്ങയുടെ നീരും വെള്ളരിക്ക വട്ടത്തിൽ മുറിച്ചതും നാല് സ്പൂൺ കടലമാവും ഏതെങ്കിലും പഴത്തിന്റെ ജ്യൂസും ചേർത്ത് ബ്ലീച്ച് ഉണ്ടാക്കാം.


പാടുകൾക്ക് ഇതാ ബെസ്റ്റ്
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പേസ്റ്റാക്കി പുരട്ടാം. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേർത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിൽ അൽപ്പം പാൽപ്പാട ചേർത്താൽ മികച്ച ബ്ലീച്ചിംഗ് ക്രീമായി. കറുത്ത പാടുകൾ മാറ്റി നിറം വർദ്ധിപ്പിക്കാൻ ഉത്തമം. മുഖക്കുരു, ചിക്കൻപോക്സ് വരുത്തിയ പാടുകൾ എന്നിവ ഒഴിവാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. മസാജിംഗിന് ശേഷം ചന്ദനവും കസ്തൂരിമഞ്ഞളും തേനിൽ ചാലിച്ച് ചെറുതായി മസാജ് ചെയ്യുന്നത് മുഖകാന്തി വർദ്ധിപ്പിക്കും.


ചെറുനാരങ്ങാ സ്‌പെഷ്യൽ
മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാൽ ചെറുചൂടുവെള്ളത്തിൽ കഴുകാം. വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേർത്ത് പുരട്ടാം. പഞ്ചസാരയിൽ ഒലിവ് ഓയിൽ ചേർത്താൽ മികച്ച ഫേസ് ബ്ലീച്ചാകും. തക്കാളിയും തൈരും ഓട്സും ചേർത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് 20 മിനിട്ട് മുഖത്ത് വയ്ക്കണം.

പാലും തേനും
പാലും തേനും ചെറുനാരങ്ങനീരും ചേർത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം. ഇതിന് പുറമേ, ഉരുളക്കിഴങ്ങ് പേസ്റ്റ് ഒരു മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാൽ നല്ല വ്യത്യാസമുണ്ടാകും മുഖത്തിന്. മുഖക്കുരുവിനെ ഒഴിവാക്കാം. അനാവശ്യമായ പാടുകളും ഇല്ലാതാക്കാം.

beauty

മുട്ടയുടെ വെള്ളയും

മുട്ടയുടെ വെള്ളയിൽ ഒരു സ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ചോളപ്പൊടി എന്നിവ ചേർത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങൾ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ഇത് ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യണം. ചുണ്ടിനു മുകളിലുള്ള അനാവശ്യ രോമങ്ങൾ ഒഴിവാക്കാനും സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വെള്ളക്കടല പൊടിയും അൽപ്പം പാലും അര ടീസ്പൂൺ മിൽക് ക്രീമും ചേർത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം. മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയ ശേഷം കണ്ണാടിയിൽ നോക്കിയാൽ വ്യത്യാസം മനസിലാകും. ചർമ്മകാന്തി വർദ്ധിച്ചതായി അനുഭവപ്പെടും.

ഇതിനെല്ലാം പുറമെ ധാരാളമായി വെള്ളം കുടിക്കുക, ജങ്ക് ഫുഡ്സ് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ജ്യൂസും ശീലമാക്കുക എന്നതൊക്കെയും സൗന്ദര്യം നിലനിർത്താനുള്ള മാർഗങ്ങളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE