മഞ്ഞുകാലത്തെ ചർമ്മസംരക്ഷണത്തിനുള്ള പൊടിക്കൈകൾ ഇതാണ്

Wednesday 12 December 2018 12:44 PM IST
beauty-secrets

മഞ്ഞുകാലം ദാ വന്നെത്തി. ആരോടു ചോദിച്ചാലും ഏറ്റവും ഇഷ്ടമുള്ള കാലാവസ്ഥ ഏതെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരവും തേടേണ്ടതില്ല. കാര്യം ഇതൊക്കെയാണെങ്കിലും സുന്ദരികളെ ഇത്രത്തോളം അസ്വസ്ഥരാക്കുന്ന മറ്റൊരു കാലവും ഇല്ല കേട്ടോ. പാദം വിണ്ടുകീറുക, ചർമ്മം മൊരിഞ്ഞിളകുക, തൊലിപ്പുറം വരണ്ടിരിക്കുക അങ്ങനെ നീളുന്നു പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ. ത്വക്കിന് എണ്ണമയം നൽകുന്ന ഗ്രന്ഥികളുടെ പ്രവർത്തനം മഞ്ഞുകാലത്ത് കുറയുന്നതു കൊണ്ടാണ് ഈ കാലത്ത് സൗന്ദര്യത്തിന് അല്പം പോറലുകളുണ്ടാക്കുന്നത്. ഡിസംബർ പകുതിയാകുന്നതോടെ അതിശൈത്യത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്. നാം സാധാരണ ചെയ്യുന്ന സൗന്ദര്യ പരിചരണമല്ല മഞ്ഞുകാലത്ത് ചെയ്യേണ്ടത്. മോയ്സ്ച്ചുറൈസിംഗ് ക്രീമുകളും നറിഷിംഗ് ക്രീമുകളുമായി കോസ്‌മെറ്റിക് വിപണി സജീവമാകുന്ന സീസണാണിത്. ചുണ്ടിനും കൈകാലുകൾക്കും മുഖത്തിനും പ്രത്യേകം പ്രത്യേകം ക്രീമുകളുമായി കോസ്‌മെറ്റിക് കമ്പനികളുടെ മത്സരവും ആരംഭിക്കും. ആരോഗ്യമുളള ചർമ്മത്തെ അത്ര പെട്ടെന്നൊന്നും ആക്രമിക്കാൻ മഞ്ഞുകാലത്തിന് സാധിക്കില്ല. അതു കൊണ്ട് കൃത്രിമമായ ചർമ്മസംരക്ഷണത്തിലേക്ക് എടുത്തുചാടും മുമ്പ് ആരോഗ്യമുള്ള ചർമ്മം കാത്തു സൂക്ഷിക്കുന്നതിനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ചർമ്മസംരക്ഷണത്തിനുള്ള പൊടിക്കൈകൾ പരീക്ഷിക്കേണ്ട സമയമാണിപ്പോൾ.

ചർമ്മം മൃദുവാകാൻ
തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ചർമ്മം കൂടുതൽ വരളുകയും ചെയ്യും. ഈ അവസ്ഥയിൽ ചർമ്മത്തിന് പതിവായി ചെയ്യുന്നതു പോലെ മോയ്സ്ചറൈസിംഗ് കൊണ്ടുമാത്രം പ്രയോജനമുണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമിലോ മോയ്സ്ചറൈസിലോ ഒന്നോ രണ്ടോ തുളളി ബേബി ഓയിൽ ചേർക്കാം. ഇത് ചർമത്തിന് കൂടുതൽ മോയ്സ്ചറൈസിംഗ് ഇഫക്ട് നൽകും. ക്രീം ചർമ്മത്തിന് ഒരു കവചം പോലെയാണ് പ്രവർത്തിക്കുന്നത്, അതോടൊപ്പം ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും. മോയ്ചറൈസിംഗ് ക്രീമുകൾ തിരഞ്ഞെടുക്കുമ്പോൾ അവക്കാഡോ ഓയിൽ, ആൽമണ്ട് ഓയിൽ, മിനറൽ ഓയിൽ, പ്രിംറോസ് ഓയിൽ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുളള ചർമ്മക്കാർക്ക് ഇത്തരം ക്രീമുകളുടെ ആവശ്യം വരില്ല. എണ്ണ തേച്ചുകുളിച്ചാൽ ചർമ്മം മൊരിയുന്നത് ഒരു പരിധി വരെ തടയാം. ചർമ്മത്തിന് മൃദുത്വവും കിട്ടും.

സോപ്പ് വേണ്ട
കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാൽ ചർമ്മം കൂടുതൽ വരളാൻ സാദ്ധ്യതയുണ്ട്. തൊലിപ്പുറം വരണ്ട് വളരുന്നതിന് പ്രധാനകാരണം ശരീരത്തിലെ ജലാംശം കുറയുന്നതാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുക. കൂടാതെ പഴങ്ങളും ജ്യൂസുമൊക്കെ ധാരാളം കഴിക്കുക. പുറത്ത് പോകുമ്പോൾ സൺസ്‌ക്രീൻ ലോഷൻ പുരട്ടുക. ചുണ്ടുകൾ പൊട്ടുന്നുണ്ടെങ്കിൽ ലിപ്ബാം ഉപയോഗിക്കാം.

തലമുടിയെ സൂക്ഷിക്കണം
ചർമ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് തലമുടിയുടെ സംരക്ഷണവും. മഞ്ഞു കാലത്ത് തലമുടിയിൽ താരൻ, മുടിയുടെ അറ്റം പൊട്ടുക, കൊഴിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായി മുടിയിൽ ഹോട്ട് മസാജിംഗ് ചെയ്യുക. വെളിച്ചെണ്ണ ചെറിയതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിക്കുന്നതാണ് ഹോട്ട് മസാജിംഗ്. മുടിയിൽ പ്രോട്ടീൻ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഈ കാലാവസ്ഥയിൽ നല്ലതായിരിക്കും. യാത്ര പോകുമ്പോൾ മുടിയിൽ കാറ്റേൽക്കാതിരിക്കാൻ സ്‌കാർഫ് കൊണ്ട് മുടി മറക്കുന്നത് നല്ലതായിരിക്കും. മഞ്ഞുകാലത്ത് കഴിവതും ഷാംപൂ ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക.

വിണ്ടു കീറലിന് വിട
മഞ്ഞുകാലത്ത് പാദം വിണ്ടു കീറാറുണ്ട് ചിലർക്ക്. ഇത് ഗുരുതരമായ അവസ്ഥയിൽ വരെ ചെന്നെത്താം. രാത്രി കിടക്കും മുമ്പേ ഇളം ചൂടുവെള്ളത്തിൽ ഉപ്പ് കലർത്തി കാൽ അതിൽ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയിൽ, നാരങ്ങാനീര് മിശ്രിതം കാലിൽ പുരട്ടുക. അതു കൂടാതെ ഗ്ലിസറിനും റോസ് വാട്ടറും ചേർന്ന മിശ്രിതവും ഉപയോഗിക്കാം. രണ്ട് വലിയ സ്പൂൺ കടുകെണ്ണയെടുത്ത് ഉപ്പൂറ്റിയിൽ പുരട്ടി രാത്രി മുഴുവൻ സോക്സ് ഇട്ട് കിടക്കുക. ഇത് കാലുകൾ വിണ്ടു കീറുന്നത് തടയും. കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. ശ്രദ്ധയോടെയുള്ള പരിചരണം വഴി മഞ്ഞുകാലത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ.

ചൂടു വെള്ളം കുളിക്കാൻ വേണ്ട
മഞ്ഞുകാലമാണെന്ന് കരുതി സൺസ്‌ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ട കാര്യമില്ല. മഞ്ഞായാലും വേനലായാലും സൂര്യരശ്മികൾക്ക് വ്യത്യാസമൊന്നുമില്ല. അവ ശരീരത്തിനേൽപ്പിക്കുന്ന ദോഷങ്ങളും വ്യത്യാസപ്പെടില്ല.അതുപോലെ മഞ്ഞല്ലേ തണുപ്പല്ലേ എന്നൊക്കെ കരുതി ചൂടുവെള്ളത്തിൽ കുളിക്കുന്നവർ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇനിയിപ്പോൾ ചൂടുവെള്ളം കൂടിയേ തീരൂ എന്ന നിർബന്ധമാണെങ്കിൽ ചെറുചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രമിക്കണം. നല്ല ചൂടുളള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടുന്നതിന് കാരണമാകും.

സൂപ്പർ ടിപ്പ്
ആഴ്ചയിലൊരിക്കൽ എക്സ് ഫോളിയേറ്റ് ചെയ്യുന്നത് ചർമം വരണ്ട് ഭംഗി നഷ്ടപ്പെടുന്നതു തടയും. വരണ്ട ഏതെങ്കിലും പൊടി കൊണ്ട് ചർമം എക്സ് ഫോളിയേറ്റ് ചെയ്യുന്നത് ചർമത്തെ കൂടുതൽ വരണ്ടതാക്കുകയും ചൊറിച്ചിലും മറ്റും ഉണ്ടാക്കുകയാണു ചെയ്യുക. ഇതൊഴിവാക്കാൻ ഓയിൽ ബേസ്ഡ് സ്‌ക്രബ് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അര വലിയ സ്പൂൺ വീതം കല്ലുപ്പും പഞ്ചസാരയുമെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയോ ബേബി ഓയിലോ ചേർക്കുക. മുഖത്തും വരണ്ട ചർമത്തിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. ആവശ്യമെങ്കിൽ കടലമാവ് ഉപയോഗിക്കാം. ഇതു ചർമം മൃദുലവും സുന്ദരവുമാകാൻ സഹായിക്കും. സോപ്പോ ബോഡി വാഷോ ഉപയോഗിക്കരുത്.

ഭക്ഷണത്തിന് കരുതൽ
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനാണ് ശൈത്യ കാലത്ത് നാം മുൻതൂക്കം നൽകേണ്ടത്. എന്നാൽ പലപ്പോഴും തിരക്കുകൾ ഇതിനൊന്നും അനുവദിക്കുകയില്ല. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധ കൊടുത്താൽ ഈ മഞ്ഞുകാലവും നമുക്ക് ആരോഗ്യകരമാക്കാം.എന്തൊക്കെ ഭക്ഷണങ്ങളാണ് മഞ്ഞുകാലത്ത് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

പാൽ പാലുൽപ്പന്നങ്ങൾ
പാലും പാലുൽപ്പന്നങ്ങളുമാണ് ഏറ്റവും കൂടുതലായി ഒഴിവാക്കേണ്ടത്. എന്നാൽ പലപ്പോഴും നമുക്ക് ഒഴിവാക്കാനാവാത്ത പദാർത്ഥങ്ങളാണിവ. ഇവ ശരീരത്തിന്റെ തണുപ്പ് കൂട്ടുന്നതോടൊപ്പം ഭക്ഷണം ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് കാപ്പി കുടിയ്ക്കുന്നത് ഉന്മേഷം നൽകും. എന്നാൽ കാപ്പി ഒഴിവാക്കുന്നത് നല്ലാണ് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും.

ഇറച്ചിയ്ക്ക് റെഡ് സിഗ്നൽ
മുട്ടയിലും ഇറച്ചിയിലും നിരവധി പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ തണുപ്പുകാലത്ത് ഇത്തരം ഭക്ഷണങ്ങളിൽ മായം കലരാൻ സാദ്ധ്യത കൂടുതലാണ്. തണുപ്പു കാലത്ത് ഏത് പഴകിയ ഇറച്ചിയും ഫ്രഷായി ഇരിക്കുന്നതായി തോന്നും എന്നതാണ് കാരണം. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരിക്കലും അറുതിയില്ല എന്നതും സത്യം. പഴം, പച്ചക്കറികൾ, സാലഡുകൾ, ഉണങ്ങിയ പഴങ്ങൾ തുടങ്ങി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കഴിവതും ഭക്ഷണം ചൂടോടെ തന്നെ കഴിക്കണം.

കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ
എണ്ണയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. വെണ്ണ, പാൽക്കട്ടി തുടങ്ങിയവ കഫക്കെട്ടിന് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

സ്നാക്സ് കുറയ്ക്കാം
മഴക്കാലത്തെ പോലെ തന്നെ മഞ്ഞുകാലത്ത് നേരത്തെ വീടണയാൻ ശ്രമിക്കുന്നതാണ് പൊതുവേ എല്ലാവരും. വൈകുന്നേരങ്ങൾ ടി.വി കാണാനും സ്നാക്സ് കഴിയ്ക്കുന്നതിനായി നീക്കിവയ്ക്കുന്നവർ അധികമാണ്. പാസ്ത, ബ്രെഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് കഫക്കെട്ടിനോടൊപ്പം തന്നെ പൊണ്ണത്തടി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE