ശ്രദ്ധ പിടിച്ച് പറ്റാനായി ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർ അറിയണം ഇക്കാര്യങ്ങൾ

Sunday 16 December 2018 3:45 PM IST
health

ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി ചിലർ ശരീരത്തിൽ വർണവസന്തം തീർക്കുമ്പോൾ മറ്റു ചിലർ പ്രിയപ്പെട്ടരുടെ ഓർമ്മകൾ ശരീരത്തിൽ എന്നെന്നും കൂടെ കൊണ്ട് നടക്കാനായി ടാറ്റൂ ചെയ്യുന്നു. വിവിധ രൂപത്തിലും വ്യത്യസ്ത രീതിയിലും ടാറ്റൂ ചെയ്യാനാണ് യുവത്വം കൊതിക്കുന്നതെന്ന് പറഞ്ഞാൽ മതിയല്ലോ. ചിലർ ചെറിയ ചിത്രങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ മറ്റു ചിലർക്ക് പ്രിയം ദേഹം മുഴുവൻ ടാറ്റൂ കുത്താനാണ്. കൂടുതൽ ശ്രദ്ധ ലഭിക്കാൻ മുഖത്തും കൺപോളകളിലും നാവിനകത്തുമൊക്കെ ടാറ്റൂ ചെയ്യുന്നവരുമുണ്ട്. എന്തിനേറെ പറയുന്നു ശരീരത്തിൽ ടാറ്റൂ പതിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയവർ പോലുമുണ്ടെന്ന് പറയുമ്പോൾ കാര്യത്തിന്റെ ഗൗരവം പിടി കിട്ടിയല്ലോ. നഗരങ്ങളിൽ പടർന്നുപിടിച്ച ഈ ട്രെൻഡ് ഇന്ന് ഗ്രാമങ്ങളിൽപ്പോലും എത്തി നിൽക്കുകയാണ്. രെൻഡിന് പിന്നാലെ ഓടുന്നവർ ഈ ടാറ്റൂയിംഗിലെ അപകടങ്ങൾ കൂടിയൊന്നു അറിഞ്ഞുവയ്ക്കുന്നത് നന്നാകും. കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്തു നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തൽ എന്നു ചോദിച്ചാൽ സത്യത്തിൽ ഉത്തരമുണ്ടാകില്ല. ഒരു രസം അല്ലേ എന്നാകും ആ മറുപടി.ഇതാ ചില ടാറ്റു വിശേഷങ്ങൾ...

ടാറ്റൂ ചെയ്യുന്നത് എങ്ങനെ?
നിങ്ങൾ ടാറ്റൂ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യേണ്ടത് ഒരു ടാറ്റൂ വിദഗ്ദധനെ സമീപിക്കുക എന്നതാണ്. ലൈസെൻസഡ് ടാറ്റൂ വിദഗ്ദധർ ഈ രംഗത്തുണ്ട്. വളരെ സൂക്ഷിച്ചു വേണം ആ ചിത്രകാരനെ കണ്ടെത്താൻ. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവർ നിർദേശിച്ച പരിചരണരീതി പിന്തുടരണം. ശരീരത്തിലുണ്ടാകുന്ന മുറിവിനെ പരിചരിക്കുന്നതുപോലെ തന്നെ കുറച്ചു ദിവസത്തേക്ക് ഇതിൽ ശ്രദ്ധ നൽകണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോൾ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമ്മം വന്ന് മൂടും. തുടർന്ന് ചർമ്മം പഴയരൂപത്തിലാവും. ടാറ്റൂ ചെയ്യുന്ന ചിലർക്ക് വളരെ അപൂർവമായി അലർജി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉടനെ ഡോക്ടറുടെ സഹായം തേടണം.

പതിനെട്ട് തികഞ്ഞോ?
ടാറ്റൂ ചെയ്യുന്നയാൾക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ അംഗീകൃതമായ ടാറ്റൂ സ്റ്റുഡിയോകൾ ടാറ്റൂ പതിച്ചു നൽകുകയുള്ളൂ. അതുകൊണ്ടു തന്നെ പതിനെട്ട് വയസു കഴിഞ്ഞവർ മാത്രം ഈ സാഹസത്തിന് മുതിരുക.

സ്ഥിരപ്പെടുത്തണോ അതോ താൽക്കാലികമാണോ!
സ്ഥിരമായുള്ളത്, താത്കാലികം എന്നിങ്ങനെ രണ്ടുതരങ്ങളാണ് ടാറ്റുവിലുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ താത്കാലികത്തിന് ആയുസ് കുറവാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കുറവാണ്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം സിനിമാ താരങ്ങൾ, മോഡലുകൾ തുടങ്ങിയവരാണ് പൊതുവേ താൽക്കാലികമായി ടാറ്റൂ ചെയ്യുന്നത്. ഈ ടാറ്റൂ രണ്ട് ദിവസം മുതൽ പതിനഞ്ച് ദിവസം വരെ ശരീരത്തിൽ തുടരും. സ്ഥിരമായി നിൽക്കുന്ന ടാറ്റൂ ഒരിക്കൽ ചെയ്താൽ പതിനെട്ടു വർഷം വരെ ശരീരത്തിൽ ഉണ്ടാവും. പക്ഷേ പെർമനന്റ് ടാറ്റൂ ചെയ്യുന്നതിന് ആരോഗ്യസ്ഥിതി, വയസ് അടക്കമുള്ള ചില നിബന്ധനകളുണ്ട്.

പാടിനെ പാടെ മറയ്ക്കാം
ഗർഭാനന്തരം വയറിലുണ്ടാവുന്ന പാടുകൾ, അപകടങ്ങളോ പൊള്ളലോ ഏൽപ്പിക്കുന്ന പാടുകൾ, ജന്മനായുള്ള മറുകുകൾ തുടങ്ങിയവ സൗന്ദര്യത്തിന് ശാപമായി മാറുന്നുവെന്ന് തോന്നിയാൽ ഇവ സുന്ദരമായി മറയ്ക്കാനുള്ള ടാറ്റൂ ചെയ്തു തരാൻ വിദഗ്ദർ ഇന്ന് ഈ രംഗത്തുണ്ട്.

മുടി ടാറ്റു
മുടിയെ മഷിയാക്കുന്ന വിദ്യയാണ് സ്വിസ് കമ്പനിയായ സ്‌കിൻ 46 കണ്ടെത്തിയിരിക്കുന്നത്. മനുഷ്യന്റേതാണെങ്കിൽ ഒരു പിടി തലമുടി, മൃഗത്തിന്റെതാണെങ്കിൽ രോമം, പക്ഷിയുടെ തൂവൽ എന്നിങ്ങനെയാണ് ഇത്. ശേഖരിക്കുന്ന വസ്തുക്കളിൽ നിന്ന് ശാസ്ത്രീയമായി കാർബൺ വേർതിരിച്ചെടുത്ത് ടാറ്റൂ മഷിയുമായി ചേർക്കുന്നതാണ് രീതി. തുടർന്ന് സൂചി കൊണ്ട് ഈ മഷിയുപയോഗിച്ച് ടാറ്റൂ ചെയ്യും. സ്ഥിരമായി നിലനിൽക്കുന്നതാണ് ഈ മഷി. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം അവർ ഈ ലോകത്ത് നിന്ന് ഇല്ലാതായാലും കൂടെയുണ്ടാകും. ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമാണ് ഇത്തരത്തിൽ തലമുടിയിൽ മഷിയുണ്ടാക്കി ടാറ്റൂ പതിക്കുന്നതെന്ന് നിർമ്മാതാക്കളും അവകാശപ്പെടുന്നു.

ആരോഗ്യ പ്രശ്നങ്ങൾ അനവധി
ടാറ്റൂ ചെയ്യുന്ന മഷിയിൽ നിന്നുണ്ടാകുന്ന അണുബാധയാണ് പ്രധാനമായും ഇവിടെ വില്ലൻ. ഇതിനായി ചർമ്മരോഗമുള്ളവർ ആദ്യം ഒരു 'ടെസ്റ്റ് ഡോസ്' എടുത്തതിന് ശേഷം മാത്രം ടാറ്റൂ ചെയ്യുന്നതാണ് സുരക്ഷിതം. റോഡരികിൽ നിന്ന് പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഇത് അണുവിമുക്തമാക്കണം എന്നതും നിർബന്ധമാണ്. ടാറ്റു ചെയ്ത സ്ഥലത്ത് കഠിനമായ വേദന, വിറയലോടെയുള്ള കടുത്ത പനി, ചുവന്നു തടിക്കുക, വെള്ളയോ മഞ്ഞയോ നിറത്തിൽ സ്രവം വരുക, ശരീരവേദന, കൈകാൽ കഴപ്പ്, വയറിളക്കം, അമിതദാഹം, ഛർദ്ദി, തലചുറ്റൽ എന്നിവയുണ്ടായാൽ ഉടൻ വിദഗ്ദ ചികിത്സ തേടണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE