സമയം എങ്ങനെ പോകുന്നു? ശരിക്കു പറഞ്ഞാൽ എനിക്ക് സമയമില്ല. പലതും ചെയ്തുതീർക്കാൻ പറ്റുന്നില്ല. പലരും വിചാരിക്കുന്നത് പടവുമൊന്നുമില്ലാതെ വെറുതെകുത്തിയിരിക്കുകയാണെന്നായിരിക്കും. എപ്പോഴുംനല്ല തിരക്കാണ്.
ചിലരൊക്കെ അവതാരിക എഴുതണമെന്ന് പറഞ്ഞ് സമീപിക്കും.മുഴുവനും വായിച്ചു നോക്കാതെ ചുമ്മാതങ്ങ് എഴുതാനാവില്ല. ഇപ്പോൾ തന്നെ ഓംചേരിയുടെ 46 നാടകങ്ങളുടെ സമാഹാരം പ്രസിദ്ധീകരിക്കാൻ പോകുന്നു. അതിന് അവതാരിക എഴുതണം.പിന്നെ പൊതുയോഗങ്ങൾ.അതിപ്പോഴില്ലല്ലോ.
ഉന്മേഷമായിട്ടിരിക്കുകയാണെങ്കിൽ രാത്രി ഒരു 12 മണി വരെ എഴുത്തും വായനയും തുടരും. കിടന്നാൽ, രാവിലെ അത്യാവശ്യ പരിപാടിയൊന്നുമില്ലെങ്കിൽ ഏഴു മണി വരെ കിടക്കും. എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ അലാറം വച്ച് എഴുന്നേൽക്കും..
നടത്തം?
വൈകിട്ട് എൻഗേജ്മെന്റ് ഉണ്ടെങ്കിൽ രാവിലെ നടക്കും. ഏതെങ്കിലും ഒരുനേരം 45 മിനിട്ട് കൃത്യമായി നടക്കും. ബ്രിസ്ക് വാക്കാണ്. വീട്ടുമുറ്റത്ത് തന്നെ.
പുറത്താണെങ്കിൽ അവിടെ നടക്കുമോ?
നടൻ മധു പറഞ്ഞൊരു തമാശയുണ്ട് ആരോ ചോദിച്ചു നടക്കാൻ പോകാറില്ലേയെന്ന്. മധു പറഞ്ഞു, ‘ ഇല്ല. റോഡിൽ ഇറങ്ങിയാൽ ഒന്നുകിൽ വണ്ടിയിടിക്കും. അല്ലെങ്കിൽപട്ടികടിക്കും. ഏതെങ്കിലും ഒന്ന് തീർച്ചയാണ്. ഗേറ്റിനകത്ത് രണ്ടും പേടിക്കണ്ട. . നടത്ത കഴിയുമ്പോൾ വിയർത്തുകുളിക്കും. ശാരീരികമായി ഞാൻ ചെയ്യുന്ന വ്യായാമമതാണ്.
ആഹാര കാര്യങ്ങൾ?
പ്രധാന ഭക്ഷണം രാവിലെയാണ്.
ഇഡ്ഡലിയും ദോശയും അപ്പവുമാണ് പതിവായി മാറിമാറികഴിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ പഴം,ഫ്രൂട്ട് ജ്യൂസ്, മുട്ട.
ഉച്ചയ്ക്ക് ചോറുവേണമെന്ന നിർബന്ധമുണ്ടോ?
ചോറ് വേണം. പക്ഷേ, ഒരുപിടി ചോറെ കഴിക്കുകയുള്ളൂ. ചോറിനെക്കാൾ കൂടുതൽ കൂട്ടാൻ കഴിക്കും. അധികവും വെജിറ്റേറിയനാണ്. മീൻ മാത്രമേയുള്ളൂ വല്ലപ്പോഴും കഴിക്കുന്നത്. അത് പുറത്ത് പോകുമ്പോഴേയുള്ളൂ.
മാംസം നിറുത്തിയിട്ട് പത്തിരുപത് വർഷമായി. നമ്മുടെ ശരീരത്തിന് ഇവ ആവശ്യമില്ലെന്ന് അന്നേ തോന്നി.
ഏതെങ്കിലും മീനോട് താത്പര്യം തോന്നിയിരുന്നോ?
ചെറിയ മീനിനോടാണ് താത്പ്പര്യം.നമ്മുടെ മത്തിയൊക്കെപ്പോലെ.കൂടിപ്പോയാൽ അയല വരെ..
രാത്രി?
രണ്ട് ഇഡ്ഡലി അല്ലെങ്കിൽ രണ്ട് ദോശ.
ഗോതമ്പ്?
ഗോതമ്പിനോട് താത്പര്യമില്ല. ചപ്പാത്തിയൊക്കെ യാത്ര ചെയ്യുമ്പോൾ മാത്രമേ കഴിക്കുകയുള്ളൂ. വീട്ടിൽ ഉണ്ടാക്കുകയില്ല. ഡയബെറ്റിസ് ഉള്ളവരൊക്കെ ചപ്പാത്തി കഴിക്കും. തെറ്റിദ്ധാരണയാണത്. ചോറിനകത്തുള്ളതിനെക്കാൾ സ്റ്റാർച്ച് അതിലുണ്ട്. മാത്രമല്ല,ചില ദോഷങ്ങളുമുണ്ട്.ചോറിനതില്ല. നമ്മൾ ജനിച്ച ഇവിടെ, നെല്ല് വിതച്ച് വിളഞ്ഞ ചോറുണ്ടാണ് നമ്മൾ വളർന്നിരിക്കുന്നത്.നമ്മുടെ ജീനിന്റെ ഭാഗമാണത്. ചപ്പാത്തി കഴിക്കുന്നത് ശരിയല്ല. നമ്മൾ നാട്ടിൽ ഇതുവരെ എങ്ങനെയാണോതിന്നുവളർന്നത് അത് തന്നെയാണ് ഏറ്റവും നല്ലഭക്ഷണമെന്നാണ് പുതിയ കാലത്തെ ഡയറ്റിഷ്യൻസ് പറയുന്നത്.നമ്മൾ കണ്ടമാനം ചോറു തിന്നും. അത് പാടില്ല.മിതമായ അളവിലേ കഴിക്കാവൂ. ചോറ് സ്റ്റാർച്ച് ആണ്. പെട്ടെന്ന് എനർജി നൽകും.. അര വയറാണ് ഉത്തമം.
ചായ അധികം കുടിക്കുമോ?
ഇല്ല. രണ്ട് കപ്പ് ചായകുടിക്കും. അത്രേയുള്ളൂ.ചടങ്ങുകൾക്ക് പോകുമ്പോൾ കൊണ്ടുതന്നാൽ ചിലപ്പോൾ കുടിക്കും.
മധുരം?
അപ്രിയമൊന്നുമില്ല. എനിക്ക് പ്രമേഹമൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |