നൂറു ദിനങ്ങൾ നൂറായിരം ചിത്രങ്ങൾ, ഫേസ്ബുക്കിലെ ഈ കൂട്ടായ്‌മയെ നിങ്ങൾ അറിഞ്ഞോ?

ശ്വേത എം.സി | Sunday 13 January 2019 6:02 PM IST
art

ആക്ടിവിസത്തിന്റെയോ നേരംപോക്കിന്റെയോ മാത്രം ഇടങ്ങളല്ല പുതിയ കാലത്ത് നവമാദ്ധ്യമങ്ങൾ. ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും തുടങ്ങി പല മേഖലകളിലും സാമ്പ്രദായികമായി നാം വച്ച്പുലർത്തിപ്പോന്ന പലതും തിരുത്തിയെഴുതുന്നൊരിടം കൂടിയാണ്. അത്തരത്തിലൊരു പുതിയ രീതിക്ക് തുടക്കമിടുകയാണ് പുതുവത്സര ദിനത്തിൽ ഫേസ്ബുക്കിലൂടെ ചിത്രകാരനും ഫ്രീലാൻസറുമായ കൊടുങ്ങല്ളൂർ സ്വദേശി നന്ദകുമാർ. '100 ദിനവരകൾ' എന്ന ഹാഷ് ടാഗോട് കൂടി നന്ദൻ തുടങ്ങി വച്ച ചലഞ്ച് 13 ദിവസത്തിനുള്ളിൽ പങ്കുചേർന്നത് 40ൽപരം കലാകാരൻമാരാണ്.

താൽപര്യമുള്ള ആർക്കും ഇവിടെ ചിത്രങ്ങൾ വരച്ചിടാം. പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ അപരിചിതരായപേർ ചേർന്ന് ഓരോ ദിവസവും വരയ്‌ക്കുന്നനൂറ് ചിത്രങ്ങൾ, ഓരോ ദിവസവും കടന്ന് പോകുന്നത് സങ്കീർണമായ വിഷയങ്ങളിലൂടെയും. ജീവന്റെ മേമ്പൊടി ചേർത്ത് സൗഹൃദത്തിന്റെ ചായം ക്യാൻവാസിൽ നിറയ്‌ക്കുമ്പോൾ വിരിയുന്നത് മനോഹര ചിത്രങ്ങളാണ്.

ക്യാൻവാസിൽ ചായംപൂശി വരയ്‌ക്കുന്ന ചിത്രങ്ങൾ കഥപറയുന്നത് യഥാർത്ഥ ജീവിതങ്ങളെക്കുറിച്ച് കൂടിയാണ്. പെൻസിലിന്റെ കൂർത്തമുനയിലൂടെ ജീവൻവയ്പ്പിക്കുന്ന ഒരുപാട് ചിത്രങ്ങളുണ്ട് നമുക്ക് മുന്നിൽ. അവ ദെെനംദിന ജീവിതത്തോടും അടുത്തുനിൽക്കുന്നു. ചായത്തിന്റെ ഗന്ധവും, വർണ്ണങ്ങളും ചിത്രകാരൻ പകർത്തുന്നത് ഒരിക്കലും ചോർന്നൊലിച്ചുപോകാത്ത ക്യാൻവാസിലേക്കാണ്. ഇത്തരത്തിൽ 100 ചിത്രങ്ങൾ വരയ്‌ക്കാനുള്ള ചലഞ്ചിനാണ് നന്ദൻ പുതുവർഷ ദിനത്തിൽ തുടക്കം കുറിച്ചത്.

ഇപ്പോൾ 13 ദിവസം പിന്നിട്ടു. സ്വന്തം ഫേസ്ബുക്ക് പേജിൽ '#100ദിനവരകൾ | #100dayssketching #Day1 - Pen & Paper 2019-ലാവട്ടെ തുടക്കം' എന്ന ഹാഷ്‌ടാഗോടുകൂടി വരതുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ കൂട്ടുപിടിച്ച് ഇന്ന് 40ൽപരം പേരാണ് രംഗത്തെത്തിയത്. ഒരു പ്രത്യേക പ്രമേയം വച്ചല്ല ഇദ്ദേഹം ഫേസ്ബുക്കിൽ വരച്ചുതുടങ്ങിയത്. മറിച്ച്, പെയിന്റിംഗ് ഇഷ്ടപ്പെടുന്നവരിൽ വരയ്‌ക്കാൻ താൽപര്യമുള്ളവരെ മുന്നോട്ട് കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണ് 'നൂറ് ദിന വരകൾ.' തൊഴിലിനുവേണ്ടി വരയ്‌ക്കുന്ന രീതി മാറി, അതിലൽപം വിനോദവും എന്നരീതിയിൽ കൂടിയാണ് വരയ്‌ക്ക് തുടക്കമിട്ടത്. ഇപ്പോൾ എല്ലാ ദിവസവും വരയ്‌ക്കുന്ന രീതിയിലേക്ക് മാറി. മറ്റുള്ളവർക്ക് പ്രചോദനം നൽകൽ കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു.

art

ഏതെങ്കിലും ആൾക്കാരുടെ കീഴിൽ പരിശീലനം നേടിയവരോ പ്രൊഫഷണലായി പഠിച്ച ആൾക്കാരോ അല്ല ചലഞ്ചിൽ പങ്കെടുക്കുന്നത്. മറിച്ച് സാധാരണക്കാരാണ് ഏറെയും. പ്രൊഫഷണലായി ചെയ്യുന്നവർ വളരെ കുറച്ച്പേർ മാത്രമേ ഉള്ളൂ. 100 ദിവസം നൂറ് ചിത്രങ്ങൾ എന്ന നിലയിൽ തുടങ്ങിയത് ഒരു ദിനചര്യയായി ഇവർ ഏറ്റെടുത്തു. പോസ്റ്റിൽ ഏതെങ്കിലും പ്രത്യേക പരിധികളോ,നിബന്ധനകളോ ഒന്നും നിശ്ചയിച്ചിരുന്നില്ല. എല്ലാ ദിവസവും വരയ്‌ക്കാം, അതിന് ഒരു പ്രത്യേക സമയമൊന്നുമില്ല. അതിനനുസരിച്ച് ആളുകൾ വരച്ചിടുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രമേയമൊന്നുമില്ലാത്തതിനാൽ ഏത് ചിത്രവും വരയ്‌ക്കാം. പേന, പെൻസിൽ, വാട്ടർകളർ, ഡിജിറ്റൽ ആർട്ട്, തുടങ്ങിയ രീതിയിൽ ചിത്രം വരയ്‌ക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. ഏതിലാണോ ഉചിതമായി തോന്നുന്നത് അത്‌മുഖേന ഇവർ വരയ്‌ക്കുന്നു. ഒരു പ്രത്യേക പ്രചാരണമോ കാര്യങ്ങളോ നൂറ് ദിന വരകൾക്ക് വേണ്ടി ഉണ്ടായിട്ടില്ല.

ഇവിടെ ചിത്രകാരൻമാർക്ക് ഒരു നൊസ്‌റ്റാൾജിക് വേദികൂടിയാണ്. പണ്ടെങ്ങോ വര നിറുത്തിവച്ചവർ ഇവിടെ വീണ്ടും വരയ്‌ക്ക് തുടക്കം കുറിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ വരയ്‌ക്കുകയും പിന്നീട് പ്രത്യേക സാഹചര്യങ്ങളിൽ അത് നിന്നുപോകുകയും ചെയ്‌തവർക്ക് അവരുടെ ചിത്രങ്ങൾ കോറിയിടാനുള്ള പുതുവേദികൂടിയാണ് തുറന്നിട്ടത്. ദിവസചിത്രങ്ങൾക്ക് പുറമെ പിന്നീട് അവ തുറന്ന ക്യാൻവാസിലേയ്‌ക്ക് മാറ്റിവയ്‌ക്കാവുന്ന തരത്തിലുള്ള ചിത്രങ്ങളും വരച്ചകൂട്ടത്തിലുണ്ട്. വരയ്‌ക്കുന്നതിന്റെ മേന്മയോ ഗുണങ്ങളോ ഇവിടെ വിലയിരുത്തുന്നില്ല. 100 ദിവസംകൊണ്ട് ഒരാൾക്ക് ഭേദപ്പെട്ട ഒരാർട്ടിസ്‌റ്റായി മാറാൻ സാധിക്കും എന്നാണ് നന്ദന്റെ അഭിപ്രായം. ശരിക്കും ഇതൊരുതരത്തിൽ പരിശീലനം കൂടിയാണ്. ഫേസ്ബുക്ക് സുഹൃത്തുക്കൾവഴിയാണ് ഈ ഒരു ആശയം കെെമാറിപ്പോകുന്നത്.

art

ഇതുവരെ പേപ്പറിൽ ചിത്രങ്ങൾ വരയ്‌ക്കാത്തവരൊക്കെ ഈ പ്ലാറ്റ്ഫോമിൽ ചിത്രംവരയ്ക്കാൻ തയ്യാറായിട്ടുണ്ട്. തുടർന്ന് സുഹൃത്തുകളെ ഞെട്ടിപ്പിച്ചിച്ചതായും ചില കമന്റുകളായി വന്നിട്ടുണ്ട്. യാത്രയിലും ചിത്രംവരച്ച് പോസ്റ്റ് ചെയ്യുന്നവരുണ്ട് ഈ കൂട്ടത്തിൽ. വളരെ രസകരമായ പിന്തുണയാണ് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെ...

'വരയ്ക്കുക എന്നത് തൊഴിൽ ആകുമ്പോൾ ഉള്ള ഒരു പ്രശ്നമുണ്ട്. ഇതെങ്ങനെ വിൽക്കാം എന്നും ഇതിനെ എങ്ങിനെ വർക്കിൽ ഉപയോഗിക്കാം എന്നും വരയെക്കുറിച്ചു ചിന്തിച്ചു കളയും! ആ ധാരണയെ പൊളിച്ചു കളയാൻ നിരന്തരം ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരു കൃത്യത വന്നത് ഇപ്പോഴാണ്. ദിവസവും വരയ്ക്കണം എന്ന തോന്നലിൽ ഉണരുന്നതേ ഒരു രസകരമായ കാര്യമല്ലേ. സമാനമായ ചിന്തയുള്ള കുറേപ്പേർ ഒപ്പമുണ്ടെന്ന തോന്നലും രസകരം. വിവിധ ശൈലികളിൽ വരയ്ക്കുന്നവരുടെ വർക്കുകൾ കാണുന്നതെന്തു റിഫ്രഷിങ് ആണ്.

നേരത്തെ 'Rebuild Kerala'യ്‌ക്ക് സി.എം.ആർ.ഡി.എഫ്നു വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ഇദ്ദേഹം ഫേസ്ബുക്കിലൂടെ ധനസമാഹരണം നടത്തിയിരുന്നു. '1500/- രൂപ സംഭാവന ചെയ്യൂ പോർട്രൈറ്റ് സ്വന്തമാക്കൂ ' എന്നായിരുന്നു ടാഗ്.
ഈ പ്രൊജക്ടിൽ ചിത്രം വരച്ച പലരും പ്രളയമുണ്ടായ സമയത്ത് വലിയ തുക സി.എം.ആർ.ഡി.എഫ്നു വേണ്ടി സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു.

art

ഇങ്ങിനെ ഒരു ആശയം വന്നപ്പോഴേ എടുത്ത് ചാടിയത് അതുകൊണ്ടാണ്. ഇപ്പോൾ ഇതൊരു ദിനചര്യ ആവുന്നു. സന്തോഷം. ശരിക്കു പറഞ്ഞാൽ ഒരു ഉത്സാവാനുഭൂതി. കൂടുതൽ കൂടുതൽ പേർ നൂറുദിനവരകളിൽ ഒത്തുചേരുമെന്നും ഇത് 'വരയുടെ വർഷം' ആയി നീളുമെന്നും ആശിക്കുന്നു'. ഇത്തരത്തിൽ വരയ്‌ക്കുന്ന ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അവ വാങ്ങിക്കാനും ആളുകൾ സമീപിക്കാറുണ്ടെന്ന് സംഘാടകർ പറയുന്നു. നിരന്തരം വരയ്‌ക്കുന്നതിലൂടെ സ്വന്തം വര ഒാരോരുത്തർക്കും മെച്ചപ്പെടുത്താൻ സാധിക്കും. വരയെ കുറച്ച്കൂടി സീരിയസായി സമീപിക്കാനുള്ളതായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റ്. അത് ഇത്രയും എത്തിയതിൽ സന്തോഷമുണ്ടെന്നും നന്ദകുമാർ പറഞ്ഞു. ഇതിനായി പ്രത്യേകം പേജ് തുടങ്ങിയിട്ടില്ല. ഹാഷ്ടാഗും, പ്രൊഫെെൽ ക്ലിക്ക് ചെയ്തുമാണ് പോകുന്നത്. മോഡേൺ ആർട്ടും, മറ്റുള്ളവരുടെ പ്രൊഫെെൽ ചിത്രങ്ങളും വരയ്‌ക്കുന്നവരുണ്ടിവിടെ.

സമകാലീന സംഭവങ്ങളെ ആസ്‌പദമാക്കിയും ചിത്രങ്ങൾ വരയ്‌ക്കുന്നുണ്ട്. ഹർത്താൽ നടന്ന ദിവസം മീഡിയ പ്രവർത്തകരെ ആക്രമിച്ച സംഭവം , വനിതാ മതിൽ തുടങ്ങിയവയും വിഷയങ്ങളാക്കിയവരുണ്ട്. ഒാരോ ദിവസവും പുതിയ ചിത്രങ്ങൾ കാണാനുള്ള ആകാംഷയാണ് ഓാരോരുത്തർക്കും. 100 ദിവസത്തിനുശേഷം ചിത്രം വരച്ചവർ ഒരുമിച്ച് കൂടാനായിട്ടും ഇവർ പദ്ധതിയിട്ടിട്ടുണ്ട്. വരച്ച ചിത്രങ്ങളിൽ നിന്നും ഏകദേശം നൂറ് ചിത്രങ്ങൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കും. ചിത്രകാരൻമാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വേദികൂടിയാണ് ഇവിടെ തുറന്നിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE