കൃഷി കരുതലോടെ; പടവലം ലാഭം തരും

ഗോപിനാഥൻ. കെ.ആർ | Sunday 06 January 2019 2:17 AM IST

karshikam-

പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. നനവിളയായി ജനുവരി - മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ ഡിസംബർ മാസങ്ങളിലുമാണ്

കേരളത്തിൽ പടവലം കൃഷിചെയ്യുന്നത്.

കൃഷിയിടം ഒരുക്കുമ്പോൾ

സെന്റിന് പരമാവധി 14 തടങ്ങൾ മാത്രമേ പാടുള്ളൂ ഓരോ തടവും തമ്മിൽ രണ്ട് മീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനു ശേഷം അതിലേക്ക് കരിയിലകൾ ഇട്ട് കത്തിച്ച് കൃഷിയിടം ഒരുക്കാം. ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ആവശ്യമാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.

പന്തലൊരുക്കുമ്പോൾ

പടവലത്തിനായി നല്ല ഉറപ്പുള്ള പന്തൽ ഒരുക്കണം. കാരണം കായ്‌ പിടിക്കുന്തോറും ചെടിയ്‌ക്ക് താങ്ങേണ്ടി വരുന്ന ഭാരം കൂടുന്നു. മുള, കവുങ്ങ് എന്നിവ ഉപയോഗിച്ച് ഉറപ്പുള്ള പന്തൽ സജ്ജീകരിക്കാം.

വളപ്രയോഗം

ചെടിവളർന്നു പന്തലിൽ കയറുന്ന സമയത്ത് ആദ്യ മേൽവള പ്രയോഗം നടത്തണം. മേൽവളമായി ഉണങ്ങിയ ചാണകം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചു കൊടുക്കുക. പിന്നീട് വള്ളി പടരുമ്പോഴും പൂവിടുമ്പോഴും മേൽവളം ഇടാം.

ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചു കൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് കുതിർത്ത് ചാണകത്തെളിയുടെ കൂടെയും ഒഴിച്ചു കൊടുക്കാം. പന്തലിൽ അല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ അപ്പപ്പോൾ നശിപ്പിച്ച് കളയണം.

കീടങ്ങൾ

കായീച്ച, എപ്പിലാക്സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്‌ തുരപ്പൻപുഴു എന്നിവയാണ് പടവലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ടോ കുമ്പിൾ കുത്തി സുരക്ഷിത കവചം തീർക്കാൻ മറക്കരുത്. ഇല്ലെങ്കിൽ കായ്‌കളെ കീടങ്ങൾ ആക്രമിക്കുമെന്ന് ഉറപ്പാണ്.

രോഗങ്ങൾ

മൊസൈക് രോഗം, ഇലപ്പുള്ളി രോഗം എന്നിവയാണ് പടവലത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ.

വേപ്പ് അടങ്ങിയ കീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ - വെളുത്തുള്ളി മിശ്രിതം എന്നിവ മൊസൈക് രോഗത്തെ പ്രതിരോധിക്കാൻ ഉത്തമമാണ്. ഇലകൾ മഞ്ഞനിറത്തിലായി ചുരുങ്ങുകയും കായ്‌കൾ പിടിക്കുന്നത് തീരെ കുറയുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ ഉടൻ നശിപ്പിച്ചില്ലെങ്കിൽ മറ്റ് ചെടികളിലേക്കും വേഗം രോഗം പടരാനിടയുണ്ട്.

ഇലപ്പുള്ളി രോഗമാണ് മറ്റൊരു ഭീഷണി. ഇലയുടെ അടിഭാഗത്ത് ഈർപ്പം ഉള്ളതു പോലെയുള്ള പാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നതുമാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം.

രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടു ശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം സമൂലവും തളിക്കുകയാണ് പ്രതിവിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE