ജെറ്റ് എയർവേയ്സിന് ഭാഗ്യവുമായി 'അവൻ' പറന്നെത്തി: ഇനി വച്ചടി വച്ചടി കയറ്റമെന്ന് സോഷ്യൽ മീഡിയ

Tuesday 05 February 2019 12:25 PM IST
owl

മുംബയ്: വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനൊപ്പം ആരുമറിയാതെ ഒരു പുതിയ കക്ഷികൂടെ സ്ഥാനം ഉറപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി? ​ജെറ്റ് എയർവേയ്സിന്റെ വിമാനത്തിൽ അനുവാദം കൂടാതെ കയറിക്കൂടിയ കക്ഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ജെറ്റ് എയർവേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറിക്കൂടിയത് ഹൃദയാകാരമുള്ള മുഖവും ചാരനിറവുമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു. അനുവാദം ചോദിക്കാനൊന്നും കക്ഷിക്ക് സമയം ഇല്ലായിരുന്നു. നേരെ പറന്നു കയറിയത് വിമാനത്തിന്റെ കോക്പിറ്റിലേക്കും. മുംബയ് വിമാനത്താവളത്തിലായിരുന്നു സംഭവം.

ഫ്ലൈറ്റ് കമാന്ററിന്റെ ഇരിപ്പിടത്തിന് തൊട്ടടുത്ത് കക്ഷിയും ഇരിപ്പ് ഉറപ്പിച്ചു. അപ്പോഴാണ് വിമാനത്തിലെ പുത്തൻ കമാന്ററെ അധികൃതർ ശ്രദ്ധിച്ചത്. തുടർന്ന് വിമാന അധികൃതർ കക്ഷിയെ പിടികൂടുകയും വിമാനത്താവളത്തിലെ അഗ്നിസുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തു.

owl

എന്നാൽ അധികൃതർ ഇവനെ പിടികൂടാനെത്തിയപ്പോൾ യാതൊരുവിധ എതിർപ്പും കാണിച്ചില്ലെന്ന് മാത്രമല്ല അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്ന് കൊടുക്കുകയും ചെയ്‌തു. രാത്രിയിൽ ഇരതേടാനിറങ്ങിയപ്പോൾ വിമാനത്തിന്റെ തുറന്നു കിടന്ന വാതിലിലൂടെയാണ് കക്ഷി അകത്ത് കടന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തുടർന്ന് ജീവനക്കാർ കക്ഷിയുമായി സെൽഫിയും എടുത്ത ശേഷമാണ് അഗ്നിസുരക്ഷാ സേനക്ക് കൈമാറിയത്. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ അധികൃതർ തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്ക് വച്ചു. വെള്ളിമൂങ്ങ എത്തിയതോടെ ജെറ്റ് എയർവേയ്സ് കുറച്ച് നാളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് കരകയറുമെന്നും. ജെറ്റ് എയർവേയ്സിന്റെ ഉടമയായ നരേഷ് ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കുമെന്നുമായിരുന്നു കമന്റുകൾ.

tweet

വെള്ളിമൂങ്ങയെ വളർത്തിയാൽ ഐശ്വര്യം വരുമെന്ന വിശ്വാസം ഈ പാവം പക്ഷി വർഗ്ഗത്തിന് വരുത്തിവച്ച വിന വലുതാണ്. ഈ വിശ്വാസം മുതലെടുത്ത് ചിലർ ഇവയെ പിടികൂടി ലക്ഷങ്ങളാണ് വിലയായി വാങ്ങുന്നത്. എന്നാൽ നിയമപരമായി വെള്ളിമൂങ്ങകളെ പിടികൂടാനോ വിൽക്കാനോ പാടില്ല. ചിലർ വെള്ളിമൂങ്ങകളെ ലക്ഷങ്ങൾ കൊടുത്ത് വാങ്ങുകയും അവയെ ബലിയർപ്പിച്ച ശേഷം ഭാഗ്യം തേടിയെത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇതേ വിശ്വാസത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്ന മറ്റൊരു ജീവിയാണ് 'ഇരുതലമൂരി'.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE