ഹിപ്പോപ്പുറത്ത് ആമകളുടെ ഒരു സവാരി ഗിരി ഗിരി

Wednesday 12 December 2018 2:34 PM IST

hippo-

ഹന്നാസ്ബർഗ്: കണ്ടാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എന്തോ സാധനമെന്നേ പറയൂ. സൂക്ഷിച്ചുനോക്കിയാലാണ് രസം. നദിയിലൂടെ നീങ്ങുന്ന ഹിപ്പൊപ്പൊട്ടാമസിന്റെ പുറത്തുനിറയെ അള്ളിപ്പിടിച്ചുകിടക്കുന്നത് ആമകളാണ്. 35കാരനായ സൈമൺ സ്മിത്ത് പകർത്തിയ സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽനിന്നുള്ള ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.

ടെറാപിൻസ് എന്നറിയപ്പെടുന്ന ആമകൾ വെയിലു കൊള്ളാനായി ഹിപ്പോയുടെ പുറത്തിരുന്നതാകാമെന്നാണ് നിഗമനം. വെള്ളത്തിൽ കിടക്കുന്ന തടികളിലും ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിലുമൊക്കെ കയറിയിരുന്നു വെയിലു കൊള്ളുന്ന സ്വഭാവം ഈ ആമകൾക്കുണ്ട്. അതുപോലെ തന്നെ വെള്ളത്തിൽ കിടക്കുന്ന ഹിപ്പോയുടെ പുറത്തും ഇവ കയറിപ്പറ്റിയതാകാമത്രെ.

ഏകദേശം മുപ്പതോളം ആമകളാണ് ഹിപ്പോയുടെ മുകളിലിരുന്ന് മന്ദംമന്ദം നദിയിലൂടെ യാത്രചെയ്യുന്നത്. ആമകൾ ഇത്തരത്തിൽ മറ്റുജീവികളുടെ മുകളിലോ മരത്തടികളിലോ കയറിയിരിക്കുന്ന കാഴ്ച ആദ്യത്തേതല്ലെങ്കിലും ഇത്രയധികം ആമകളുള്ളതാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. സ്മിത്ത് തന്നെയെടുത്ത് വീഡിയോയും ചിത്രത്തോടൊപ്പം വൈറലാകുകയാണ്. ഹിപ്പോ വെള്ളത്തിൽ പൊങ്ങുന്നതിനും താഴുന്നതിനും അനുസരിച്ച് മുകളിരിക്കുന്ന ആമകൾ പതിയെ വെള്ളത്തിലേക്ക് തെന്നിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

മുപ്പതിനായിരത്തിലധികം ആളുകളാണ് ഇതിനോടകംതന്നെ ഈ ചിത്രങ്ങളും വീഡിയോയും കണ്ടുകഴിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE