പിങ്ക് പൊലീസ് 121

Tuesday 18 December 2018 5:20 PM IST
novel

''സാറെന്തിനാ ദേഷ്യപ്പെടുന്നത്?'
അപ്പോഴും വെയിറ്ററുടെ മുഖത്ത് നിഷ്‌കളങ്കഭാവത്തിലുള്ള ചിരിമാത്രം!
ജോൺതോമസിന്റെ കണ്ണുകൾ കുറുകി. പല്ലുകൾ ഞെരിഞ്ഞു.


''നിനക്കെന്താടാ അത് മനസ്സിലായില്ലേ?'
അയാൾ വെയിറ്ററുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തന്നിലേക്കു വലിച്ചടുപ്പിച്ചു.


''ഇല്ല സാർ....'
അപ്പോഴും വെയിറ്റർ കൗതുകത്തോടെ ജോൺതോമസിനെ നോക്കി:
''ഞാൻ അവിവേകമായി എന്തെങ്കിലും പറഞ്ഞുവോ?'
ആ ശബ്ദത്തിൽ നിറഞ്ഞ ഭവ്യതയാണ്!


ജോൺതോമസിനു സന്ദേഹമായി. തനിക്കാണോ അബദ്ധം പിണഞ്ഞത്?
ഇവനെ കണ്ടിട്ട് ഒരു ക്രിമിനലിന്റെ യാതൊരു ഭാവവുമില്ല.


നിഷ്‌കളങ്കനും സാധുവുമായ ഒരു മനുഷ്യൻ!
''നീ പിന്നെന്തിനാ എന്നോട് അങ്ങനെ ചോദിച്ചത്? ഇന്ന് എന്റെ കയ്യിൽ കോടികൾ വരാൻ പോകുന്നുവെന്ന്...'


''അതോ.' ഇത്തവണ വെയിറ്റർ അല്പം ഉറക്കത്തന്നെ ചിരിച്ചു. ''സാറേ... ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും കാലം എന്നേ കഴിഞ്ഞല്ലോ... ഇപ്പോൾ കണക്കുകളിൽ കോടികൾ മാത്രമേയുള്ളൂ. അത് കിട്ടാൻ പോകുന്നവന്റെ മുഖത്തെ സന്തോഷം എത്രയായാലും മറയ്ക്കാൻ കഴിയില്ല..'


ജോൺതോമസ് വിസ്മയിച്ചു.
എത്ര കൃത്യമായാണ് ഇവൻ കാര്യം പറഞ്ഞത്? തന്റെ മുഖത്തു നിന്ന് ആർക്കെങ്കിലും അത് വായിച്ചെടുക്കാനാവുമോ? എങ്കിലും അയാൾ തിരക്കി:
''നിനക്കെന്താ മുഖം നോക്കി ലക്ഷണം പറയാൻ അറിയാമോ?'
അയാൾ കണ്ണടച്ചുകൊണ്ട് തല വെട്ടിച്ചു:


''പക്ഷേ ദിവസവും ഒരുപാടുപേരെ കാണുന്നവരാ സാറേ ഞങ്ങളൊക്കെ.. അവരുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയാൽ മതി. കൃത്യമായി ആ മനസ്സു വായിക്കാം.'


ജോൺതോമസ് അപ്പോഴും അയാളുടെ ഷർട്ടിലെ പിടിവിട്ടിരുന്നില്ല.


വെയിറ്റർ ആ കയ്യിൽ പതുക്കെ പിടിച്ചു.
''ഇങ്ങനെ ഒരാളെ പിടിച്ചുനിർത്തുന്നത് മോശമല്ലേ സാറേ?'


ആ ക്ഷണം ജോൺ അറിഞ്ഞു, വെയിറ്ററുടെ വിരലുകളുടെ ശക്തി.
''ഹാ...' അറിയാതെ ജോൺ വാ പിളർന്നു പോയി. ഒപ്പം അയാളുടെ ഷർട്ടിലെ പിടിവിട്ടു.


പക്ഷേ വെയിറ്റർ പുഞ്ചിരിക്കുകയാണ്.
''എന്താ സാറിന് നൊന്തോ?'
ജോൺതോമസിന് ദേഷ്യം വന്നു.


''പിന്നല്ലാതെ...'
''അതേ.. അനാവശ്യമായി മറ്റുള്ളവരോടു കയർക്കുകയും മറ്റുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടാ.'


അയാളുടെ സംസാരം ഒട്ടും പിടിച്ചില്ല ജോൺ തോമസിന്.
''വെയിറ്റർ ആ പണി ചെയ്താൽ മതി. അല്ലാതെ ഉപദേശിക്കാൻ നിൽക്കണ്ടാ. പിന്നെ... എനിക്ക് കോടികളോ മില്യണുകളോ കിട്ടിക്കോട്ടെ. നിനക്കത് തിരക്കേണ്ട കാര്യമില്ല. നിനക്ക് പോകാം.'


''ഓ.' ഭവ്യതയോടെ ഒന്നു തലകുനിച്ചിട്ട് വെയിറ്റർ തിരിഞ്ഞു:
അയാൾ തന്നെ പരിഹസിച്ചതാണോ? ജോണിന് അങ്ങനെ തോന്നി. പക്ഷേ പ്രതികരിച്ചില്ല. കാരണം പണവുമായി തനിക്ക് നാട്ടിലേക്കു പോകേണ്ടതാണ്. ഇവന്റെ കൂട്ടുകാർ വല്ല പിടിച്ചുപറിക്കാരോ മറ്റോ ആണെങ്കിൽ തന്നെ കുരുക്കാൻ നോക്കും.


ജോൺതോമസ് സെറ്റിയിൽ ഇരുന്നിട്ട് മദ്യഗ്ലാസ് കയ്യിലെടുത്തു. പെട്ടെന്നാണ് വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടത്. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. വാതിൽ ലോക്ക് ചെയ്തിട്ട് വെയിറ്റർ അതിൽ ചാരി നിന്ന് ചിരിക്കുന്നു.!


''എന്താടാ നീ പോകുന്നില്ലേ?' ജോൺതോമസ് ശബ്ദമുയർത്തി.
''ഒരു കാര്യം മറന്നുപോയി സാറേ... ഞാൻ ഏറ്റെടുത്ത ഒരു കാര്യം ചെയ്തില്ല. സംഗതി ക്വട്ടേഷനാണേ... റമ്യൂണറേഷൻ റ്റെൻ ലാക്സ്.'
ജോൺതോമസിന്റെ ഉള്ളിൽ ഒരു നടുക്കം മിന്നി.


''നീ.. നീ ഏറ്റെടുത്ത ക്വട്ടേഷൻ എന്താ?'
വെയിറ്റർ മിണ്ടിയില്ല. പകരം ജോണിനു നേർക്ക് കൈചൂണ്ടി. ശേഷം കഴുത്തിലൂടെ കൈപ്പത്തി വളച്ചുപിടിച്ച് മുറിക്കുന്നതുപോലെ ഒരാംഗ്യം കാട്ടി.
''എടാ....' ജോൺ തോമസ് അലറി.


അയാൾ ചാടിയെഴുന്നേറ്റ് ബാത്ത്റൂമിനു നേർക്ക് ഓടാനാഞ്ഞു. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE