പിങ്ക് പൊലീസ് 123

Thursday 20 December 2018 12:44 PM IST
novel

''ആരാ അവിടെ?'
ശബ്ദം അല്പം ഉയർത്തിക്കൊണ്ട് ഗ്രിഗറി വാതിൽക്കലേക്കു പാഞ്ഞുവന്നു.
ശബ്ദം കേൾപ്പിക്കാതെ എസ്.ഐ വിജയ ശ്വാസംപോലും അടക്കി പിന്നോട്ടു നീങ്ങി. ശേഷം സ്വയം നിയന്ത്രിച്ചുകൊണ്ട് ഭിത്തിയിൽ ചാരിനിന്നു.
പുറത്തെ ഇരുട്ടിലേക്കിറങ്ങി ഗ്രിഗറി ചുറ്റും നോക്കി.


ആരുമില്ല!
പക്ഷേ താൻ കണ്ടത് ഒരു തോന്നൽ മാത്രമാണെന്നു കരുതുവാൻ ഒരുക്കമല്ലായിരുന്നു അയാൾ...
കാതുകൾ കൂർപ്പിച്ച് അയാൾ നിന്നു. ആ നെറ്റി ചുളിഞ്ഞു.


ആരോ ശ്വാസം വിടുന്നതിന്റെ നേർത്ത ശബ്ദം.
അടുത്ത നിമിഷം അയാൾ ആ ശബ്ദം കേട്ടിടത്തേക്കു കുതിച്ചു.


തന്റെ നേരെ ഇരുൾക്കട്ടപോലെ ഒരാൾ ചാടിവരുന്നത് വിജയ കണ്ടു.
മിന്നൽ വേഗത്തിൽ അവളുടെ കാൽപ്പാദം ഉയർന്നു.


നെഞ്ചിൽ ഒരു പാറക്കല്ല് പതിച്ചതുപോലെയാണ് ഗ്രിഗറിക്കു തോന്നിയത്.
''ആ...'


പതിഞ്ഞ നിലവിളിയോടെ മുന്നോട്ടു വളഞ്ഞ് അയാൾ പിന്നിലേക്കു തെറിച്ചു. വാതിലിൽ നിന്നു പുറത്തേക്കു വരുന്ന മെഴുകുതിരിയുടെ ചതുരവെളിച്ചത്തിലേക്കു മലർന്നുവീണു.


തിരിഞ്ഞോടണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു വിജയ. പക്ഷേ ഓടിയാൽ മുഖ്യമന്ത്രിയുടെ ജാരസന്തതിയെ ഇനിയൊരിക്കലും തനിക്ക് കിട്ടിയെന്നു വരില്ല....


വിജയ, ഗ്രിഗറിക്കു നേരെ ചീറിയടുത്തു. കൈകൾ തറയിൽ കുത്തി എഴുന്നേൽക്കാൻ ഭാവിക്കുകയായിരുന്നു അയാൾ.


അവൾ കാൽ വീശി വീണ്ടും അടിച്ചു. ഗ്രിഗറിയുടെ താടിയെല്ലിലാണ് തൊഴിയേറ്റത്. ഒരു വട്ടം കൂടി അയാൾ മലർന്നു മറിഞ്ഞു.
എന്നാൽ ആ നിമിഷം അയാൾ വിരലുകൾ വളച്ച് നാവിനടിയിലേക്കു കയറ്റി ഒന്നു വിസിലടിച്ചു.


അതൊരു സിഗ്നലാണെന്ന് വിജയയ്ക്ക് ഉറപ്പായി.
കരുതലോടെ അവൾ പിസ്റ്റൾ വലിച്ചെടുത്തു. എന്നാൽ വൈകിപ്പോയി.


പിന്നിൽ നിന്ന് അവളുടെ പുറത്തു ചവിട്ടേറ്റു.
''അയ്യോ...'


അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ വിജയ പതറി. അവൾ ഗ്രിഗറിയുടെ മുകളിലേക്ക് കമിഴ്ന്നു വീണു.
പിസ്റ്റൾ പിടിച്ച കൈ തറയിലടിച്ചു.


ഗ്രിഗറി അവളെ ചുറ്റിപ്പിടിച്ചു. വിജയ പിസ്റ്റൾ ചൂണ്ടാൻ ഭാവിച്ചു. അപ്പോഴേക്കും പിന്നിൽ നിന്നിരുന്ന ആൾ ആ കയ്യിൽ ആഞ്ഞു ചവിട്ടിപ്പിടിച്ചു.
വേദന കൊണ്ട് നിലവിളിച്ചു പോയി വിജയ.


അപ്പോഴേക്കും അവൾക്കു ചുറ്റും മൂന്നുപേർ കൂടി നിരന്നു.
ആ ക്ഷണം കയ്യിൽ ചവിട്ടിയവൻ ഒരു പക്ഷിക്കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ പിസ്റ്റൾ കുനിഞ്ഞെടുത്തു.
''വിടെടാ എന്നെ...'


വിജയ, ഗ്രിഗറിയിൽ നിന്നു കുതറാൻ ശ്രമിച്ചു.
അയാൾ വിട്ടില്ല. പകരം അവളുമായി തറയിലൂടെ ഒരുവട്ടം ഉരുണ്ടു.


ഇപ്പോൾ ഗ്രിഗറി അവളുടെ പുറത്തായി. അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് അയാൾ അവൾക്കു മീതെ എഴുന്നേറ്റിരുന്നു.
''ഇതൊരു പെണ്ണാണെടാ. ഇങ്ങോട്ടൊന്നു ടോർച്ചടിച്ചേ...'


ഗ്രിഗറിയുടെ ശബ്ദത്തിൽ ആഹ്ലാദം തിങ്ങി:
ചുറ്റും നിന്നവരിൽ ഒരാൾ വിജയയുടെ മുഖത്തേക്കു ടോർച്ചു തെളിച്ചു.
''ങ്‌ഹേ?' ഗ്രിഗറി ആശ്ചര്യം കൂറി. ''ഇതാ വനിതാ എസ്.ഐ അല്ലേടോ? പിങ്ക് പൊലീസിലെ...'
''അതേല്ലോ...'
ഒരാൾ പറഞ്ഞു.


ഗ്രിഗറി, വിജയയെ ഒരു പുഴുത്ത തെറി വിളിച്ചു:
''നിനക്ക് ഇത്രയ്ക്ക് അഹങ്കാരമോടീ? എന്റെ നെഞ്ചത്തും മുഖത്തും ചവിട്ടാൻ?'


ചോദിച്ചതും അയാൾ വലംകൈയുടെ അകവും പുറവും വീശി. അവളുടെ ഇരു കവിളുകളിലും തുടരെത്തുടരെ മാറിമാറി അടിച്ചു.
''വിജയ നിലവിളിച്ചു.'


ഗ്രിഗറി വീണ്ടും തെറി പറഞ്ഞു:
''മിണ്ടരുത് നീ....'


വിജയയുടെ കണ്ണുകളിൽ കർപ്പൂരം വീണതു പോലെയുള്ള നീറ്റൽ...
അവളുടെ ചുണ്ടുപൊട്ടി ചോര കിനിഞ്ഞു.(തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE